തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പാലക്കാടും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. മരിയൻ എൻജിനീയറിങ് കോളജിലെ ഇന്നവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററും ഐഐടി പാലക്കാടിന്റെ ഇന്നവേഷൻ സെന്ററായ ടെക്കിനും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.പ്രൊഫഷണൽ കോളജുകളിലെ വിദ്യാർഥികളിൽ നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും അവയെ സംരംഭങ്ങളായി വികസിപ്പിക്കുന്നതിനും ഇരു സ്ഥാപനങ്ങളും സംയുക്തമായി പ്രവർത്തിക്കുകയാണ് ധാരണയുടെ ലക്ഷ്യം.
തിരുവനന്തപുരത്ത് ഐഐടി പാലക്കാട് സംഘടിപ്പിച്ച ഇന്നവേഷൻ സമ്മിറ്റ് ‘സമഗ്ര 2.0’യുടെ ഭാഗമായി നടന്ന ചടങ്ങിൽ ഐഐടി ഇന്നവേഷൻ ഹെഡ് ഡോ. വിവേക് ചതുർവേദി (ടെക്കിൻ സിഇഒ), ഡോ. മിഥു ഉണ്ണിത്താൻ (സിഒഒ), മരിയൻ എൻജിനീയറിങ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാംസങ്, പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു, ഡീൻ ഡോ. മനോജ് എം. എന്നിവർ പങ്കെടുത്തു. ഐഐടി പാലക്കാട് ഡയറക്ടർ പ്രൊഫ. ഡോ. ശേഷാദ്രി ശേഖറും ചടങ്ങിൽ സന്നിഹിതനായിരുന്നു.

