കൊച്ചി: മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള പ്രവേശന കവാടമാണെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. ക്രിസ്തീയ വിശ്വാസത്തിൽ മരണം ഭയത്തിന്റെയോ നിരാശയുടെയോ അനുഭവമല്ല, മറിച്ച് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ അധിഷ്ഠിതമായ നിത്യജീവന്റെ പ്രത്യാശയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യേശുക്രിസ്തുവിന്റെ മരണവും ഉത്ഥാനവുമാണ് ക്രൈസ്തവരുടെ മരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ അടിത്തറ. പുനരുത്ഥാനത്തിലൂടെ ക്രിസ്തു മരണത്തിന്റെ ശക്തിയെ കീഴടക്കുകയും മനുഷ്യർക്കായി നിത്യജീവന്റെ വഴി തുറക്കുകയും ചെയ്തു. അതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മരണം നാശമല്ല, മറിച്ച് നിത്യജീവനിലേക്കുള്ള യാത്രയുടെ ആരംഭമാണ്.ക്രിസ്തീയ ജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കും കൂദാശകൾക്കും നിർണായക സ്ഥാനമുണ്ട്. നിത്യജീവിതത്തിന്റെ ഔഷധമായ വിശുദ്ധ കുർബാനയും രോഗീലേപനമുൾപ്പെടെയുള്ള കൂദാശകളും മരണത്തെ അഭിമുഖീകരിക്കുന്ന വിശ്വാസികൾക്ക് ആത്മീയ ധൈര്യവും ആശ്വാസവും നൽകുന്നു. മരണശേഷമുള്ള ആത്മശുദ്ധീകരണവും ദൈവവുമായുള്ള പരിപൂർണ ഐക്യവുമാണ് ക്രൈസ്തവ പ്രത്യാശയുടെ അടിസ്ഥാനം.പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നത് സ്വാഭാവികമാണെങ്കിലും ക്രൈസ്തവന്റെ ദുഃഖം പ്രത്യാശയില്ലാത്തതല്ല.
മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും വിശുദ്ധ കുർബാനയും സഭയുടെ പ്രധാനപ്പെട്ട ആത്മീയ ദൗത്യമാണ്. സ്വർഗത്തിലുള്ളവരും ഭൂമിയിലുള്ളവരും ശുദ്ധീകരണസ്ഥലത്തിലുള്ളവരും വിശുദ്ധരുടെ കൂട്ടായ്മയിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.യേശുവിന്റെ ‘ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു’ എന്ന വാഗ്ദാനമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രത്യാശ. മരണം സ്നേഹത്തിലേക്കും നിത്യവെളിച്ചത്തിലേക്കുമുള്ള പ്രയാണമാണെന്നും ദൈവത്തിന്റെ കരുണയിൽ ആശ്രയിച്ച് വിശ്വാസികൾ അതിനെ പ്രത്യാശയോടെ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

