ലണ്ടൻ: പാക്കിസ്ഥാനിൽ ക്രൈസ്തവരടക്കമുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും അറുതിവരുത്താൻ പാശ്ചാത്യ രാജ്യങ്ങൾ നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്ന് കൊല്ലപ്പെട്ട മുൻ പാക് ന്യൂനപക്ഷകാര്യ മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സഹോദരൻ പീറ്റർ ഭട്ടി. യു.കെ, യു.എസ്, യൂറോപ്യൻ യൂണിയൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി ഇടപെട്ട് പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പൊതുനയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോളതലത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) പുറത്തിറക്കിയ ‘പെർസിക്യൂട്ടഡ് ആൻഡ് ഫോർഗോട്ടൻ?’ റിപ്പോർട്ടിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാക്കിസ്ഥാനിലെ പീഡിത ക്രൈസ്തവർക്കായി ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ വേണ്ടത്ര ഇടപെടുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്ത് മതസൗഹാർദ്ദം പുനഃസ്ഥാപിക്കാനും ന്യൂനപക്ഷങ്ങൾക്ക് ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും അന്താരാഷ്ട്ര സമൂഹം കൂടുതൽ സമ്മർദം ചെലുത്തണം. മതന്യൂനപക്ഷങ്ങളുടെ അവസ്ഥ മുൻപത്തേക്കാൾ മോശമായിരിക്കുകയാണെന്നും ഭീകരരെ ഭയന്ന് മനുഷ്യാവകാശ പ്രവർത്തകർ പോലും ശബ്ദമുയർത്താൻ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മതനിന്ദാ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ ശക്തമായി നിലകൊണ്ടതും വ്യാജ മതനിന്ദാക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിത ആസിയ ബീബിയുടെ മോചനത്തിനായി പ്രവർത്തിച്ചതുമാണ് 2011-ൽ ഷഹ്ബാസ് ഭട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഫെഡറൽ ന്യൂനപക്ഷകാര്യ മന്ത്രിയായിരിക്കെ ഭീകരരുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

