പോണ്ടിച്ചേരി: ഭാരതീയ കത്തോലിക്കാ ദൈവശാസ്ത്ര രംഗത്തും ബൈബിൾ, വേദപാഠം, ആരാധനാക്രമം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഫാ. ഡി.എസ്. അമലോർപവദാസിനെ കത്തോലിക്കാ സഭ ദൈവദാസനായി പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ആരംഭിക്കുന്നതിന് വത്തിക്കാൻ അനുമതി നൽകിയതോടെയാണ് ഈ അംഗീകാരം ലഭിച്ചത്.ജീവിതവിശുദ്ധി സംബന്ധിച്ച രൂപതാതല അന്വേഷണത്തിന് അനുമതി നൽകുന്ന ‘നിഹിൽ ഒബ്സ്റ്റാറ്റ്’ ഡിക്രി വത്തിക്കാൻ കഴിഞ്ഞ ജൂലൈ 15-ന് പുറപ്പെടുവിച്ചിരുന്നു. പോണ്ടിച്ചേരി-കടലൂർ അതിരൂപതാ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റിന്റെ ഇടപെടലുകളെയും അപ്പീലുകളെയും തുടർന്നാണ് നടപടികൾക്ക് വഴിതുറന്നത്. സെപ്റ്റംബർ 10-ന് ചേർന്ന കൺസൾട്ടേഴ്സ് യോഗത്തിൽ ആർച്ച്ബിഷപ്പ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് ഒക്ടോബർ 20-ന് പോണ്ടിച്ചേരി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ നടന്ന കൃതജ്ഞതാ ദിവ്യബലിയോടെ രൂപതാതല നാമകരണ നടപടികൾക്ക് തുടക്കമായി.
1932 ജൂൺ 15-ന് തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ കല്ലേരിയിൽ ജനിച്ച അദ്ദേഹം കർദ്ദിനാൾ ഡി. സൈമൺ ലൂർദ്സാമിയുടെ സഹോദരനാണ്. ബെംഗളൂരുവിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയിലെ പഠനത്തിനുശേഷം 1959 ഏപ്രിൽ 12-ന് വൈദികനായി അഭിഷിക്തനായി. പാരിസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്ന് മതബോധനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. 1990 മേയ് 25-ന് മൈസൂരിലേക്കുള്ള യാത്രാമധ്യേയുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്. മൈസൂരിലെ അഞ്ജലി ആശ്രമത്തിലാണ് ഭൗതികശരീരം സംസ്കരിച്ചിരിക്കുന്നത്.
ക്രൈസ്തവ വിശ്വാസത്തെ ഭാരതീയ സംസ്കാരത്തോടും ആത്മീയ പാരമ്പര്യങ്ങളോടും സമന്വയിപ്പിക്കുന്ന ഇൻകൾച്ചറേഷൻ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായിരുന്നു ഫാ. അമലോർപവദാസ്. 1967-ൽ നാഷണൽ ബിബ്ലിക്കൽ, കാറ്റെകെറ്റിക്കൽ ആൻഡ് ലിറ്റർജിക്കൽ സെന്റർ (NBCLC) സ്ഥാപിച്ച അദ്ദേഹം 15 വർഷത്തോളം അതിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഭാരതീയ ക്രൈസ്തവ ആത്മീയതയുടെ പ്രോത്സാഹനത്തിനായി മൈസൂരിലെ ചാമുണ്ഡി കുന്നിൻതാഴ്വാരത്ത് അഞ്ജലി ആശ്രമവും സ്ഥാപിച്ചു.1974-ൽ പോൾ ആറാമൻ പാപ്പാ വിളിച്ചുചേർത്ത റോമൻ സിനഡിൽ രണ്ട് പ്രത്യേക സെക്രട്ടറിമാരിൽ ഒരാളായും അദ്ദേഹം പ്രവർത്തിച്ചു. മൂന്നാം ലോകരാജ്യങ്ങളിലെ ദൈവശാസ്ത്ര മുന്നേറ്റങ്ങളിലും വിമോചന ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട ചർച്ചകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും ശുശ്രൂഷയും.

