അമ്മാൻ: മധ്യപൂർവേഷ്യയുടെ ഭാവി നിർമാണത്തിൽ ക്രൈസ്തവ സമൂഹങ്ങളുടെ പങ്കും സംഭാവനകളും ചർച്ച ചെയ്യുന്നതിനായി ജോർദാനിലെ അമ്മാനിൽ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിലെ വെല്ലുവിളികൾക്കൊപ്പം മതസൗഹാർദം, സഹവർത്തിത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന പൗരത്വം തുടങ്ങിയ വിഷയങ്ങളും സമ്മേളനം പരിഗണിക്കുന്നു.’കാത്തലിക് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് മീഡിയ’, ‘കോൺറാഡ് അഡെനൗവർ ഫൗണ്ടേഷൻ’ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “കിഴക്കൻ ദേശങ്ങളിലെ ക്രിസ്ത്യാനികൾ: ഭാവി കെട്ടിപ്പടുക്കുന്നതിലെ പങ്കാളികൾ” എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ജാഫർ ഹസ്സനു വേണ്ടി ടൂറിസം-പുരാവസ്തു വകുപ്പ് മന്ത്രി ഇമാദ് ഹിജാസിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മധ്യപൂർവേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, സഭകൾക്കിടയിലെ ഐക്യം, വിഭാഗീയത, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിൽ ചർച്ചയായി. ജോർദാനിൽ നിലനിൽക്കുന്ന മുസ്ലീം-ക്രൈസ്തവ സഹവർത്തിത്വം എടുത്തുപറഞ്ഞ മന്ത്രി, രാജ്യത്തിന്റെ മത-സാംസ്കാരിക വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും ജോർദാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തു സ്നാനം സ്വീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ‘ബെഥനി ബിയോണ്ട് ദി ജോർദാൻ’ തീർത്ഥാടന കേന്ദ്രത്തിന്റെ സംരക്ഷണവും ഇതിന്റെ ഭാഗമാണ്.2030-ൽ യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ രണ്ടായിരാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കങ്ങളും സമ്മേളനത്തിൽ പരാമർശിച്ചു. വിശ്വാസാധിഷ്ഠിത വിനോദസഞ്ചാരം വികസിപ്പിക്കാനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും പ്രാദേശിക സമൂഹങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകാനും ഈ വാർഷികാഘോഷം അവസരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

