കോഴിക്കോട്: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനെ (കെ എൽ സി എ ) ഭക്തസംഘടന എന്ന നിലയിൽ മാത്രം പരിഗണിക്കാതെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ പൊതുസാമുദായിക സംഘടനയായി അംഗീകരിക്കണമെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
സെപ്റ്റംബർ 13ന് കോഴിക്കോട് സെന്റ് ജോസഫ്സ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന ജനറൽ കൗൺസിലാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.വിദ്യാഭ്യാസം, തൊഴിൽ, ഭൂമി, ഭവനം, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ, തീരദേശ സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, സാമൂഹികനീതി, ഭരണഘടനാപരമായ അവകാശങ്ങൾ തുടങ്ങിയ മേഖലകളിൽ കെ എൽ സി എ ദീർഘകാലമായി ഇടപെട്ടുവരുന്നതായി കൗൺസിൽ ചൂണ്ടിക്കാട്ടി. സമുദായത്തിന്റെ പൊതുവായ വിഷയങ്ങളിൽ സർക്കാരുമായും ഭരണകൂടങ്ങളുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും സംവദിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നത് പൊതുസാമുദായിക സംഘടനയുടെ സ്വാഭാവിക ഉത്തരവാദിത്വമാണെന്നും കൗൺസിൽ വിലയിരുത്തി.സഭയുടെ ആത്മീയ ദൗത്യത്തെയും KRLCCയുടെ നേതൃത്വത്തെയും ബഹുമാനിക്കുന്നതോടൊപ്പം, സാമുദായിക വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അവയുടെ ദൗത്യത്തിനനുസരിച്ചുള്ള സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. കെ എൽ സി എ യെ ഭക്തസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന നിലവിലെ വർഗ്ഗീകരണം സംഘടനയുടെ പ്രവർത്തന സ്വഭാവവും പരിധിയും പരിഗണിച്ച് പുനഃപരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.ലത്തീൻ കത്തോലിക്കാ സമൂഹത്തിലെ വിവിധ സംഘടനകളുടെയും വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ പരസ്പരപൂരകമായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പൊതുസാമുദായിക വിഷയങ്ങളിൽ ഏകോപിതമായ പ്രാതിനിധ്യവും പൊതുസ്വരവും ശക്തിപ്പെടുത്തണമെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. സംഘടിതമായ പ്രാതിനിധ്യവും ഏകോപിതമായ സാമുദായിക നിലപാടുകളും സമുദായത്തിന്റെ രാഷ്ട്രീയ വിലപേശൽ ശേഷി ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.കെ എൽ സി എ യെ പൊതുസാമുദായിക സംഘടനയായി അംഗീകരിക്കുക, ഭരണഘടനയ്ക്കും ജനാധിപത്യ സംഘടനാ സംവിധാനത്തിനും അനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഉറപ്പാക്കുക, സാമുദായിക വിഷയങ്ങളിൽ പഠനം നടത്തി നിലപാട് സ്വീകരിക്കാനും അധികാരികളുമായി സംവദിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനുമുള്ള അവകാശം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ KRLCCയോട് ഉന്നയിച്ചു.സാമുദായിക സംഘടനകളുടെ സാമൂഹിക ദൗത്യവും സഭയുടെ ആത്മീയ ദൗത്യവും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും മുന്നോട്ടുകൊണ്ടുപോകുന്നതാണ് ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് ഉചിതമെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.ശ്രീ. സണ്ണി എ. ജെയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കോഴിക്കോട് അതിരൂപത പ്രസിഡന്റ് ബിനു എഡ്വേർഡ് അധ്യക്ഷത വഹിച്ചു. റവ. ഫാ. രാജൻ ഉദ്ഘാടനം ചെയ്തു. കെ എൽ സി എ സംസ്ഥാന റവന്യൂ ഫോറം കൺവീനർ പ്രകാശ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ജോർജ് കെ. വൈ സ്വാഗതവും ട്രഷറർ നന്ദിയും രേഖപ്പെടുത്തി.

