മുനമ്പം: മുനമ്പം ബീച്ചിലെ പാഷനിസ്റ്റ് വേളാങ്കണ്ണി മാതാ പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടിയിറങ്ങി. സെപ്റ്റംബർ 13ന് നടന്ന തിരുനാൾ ആഘോഷങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.രാവിലെ 10.30ന് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ കോട്ടപ്പുറം രൂപത വികാരി ജനറൽ വെരി റവ. മോൺ. റോബി കളത്തിൽ മുഖ്യകാർമികത്വം വഹിച്ചു.
കോട്ടപ്പുറം രൂപതയിലെ 54 ഇടവകകളിൽ മുനമ്പം ഭൂവിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തവണ സന്ദർശിക്കേണ്ടിവന്ന ഇടവക മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയാണെന്ന് മോൺ. റോബി കളത്തിൽ അനുസ്മരിച്ചു.കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. അനിൽ സാൻജോസ് വചനപ്രഘോഷണം നടത്തി. ഓരോ തിരുനാളും കടന്നുപോകുമ്പോഴും വ്യക്തികളിലും കുടുംബങ്ങളിലും ആത്മീയമായ മാറ്റം ഉണ്ടാകണമെന്നും ദൈവത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കുമ്പോഴാണ് തിരുനാളുകൾക്ക് യഥാർഥ അർഥം കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാ. ആന്റണി സേവ്യർ തറയിൽ, ഫാ. മോൻസി വർഗീസ് അറക്കൽ, ഫാ. പോൾ മാനുവൽ വലിയവീട്ടിൽ, ഫാ. ഡോൺ പീറ്റർ, ഫാ. ആന്റണി അറക്കൽ എന്നിവർ സഹകാർമികരായി.

