കൊച്ചി: ജപമാലകൾ കൈകളിലേന്തി ഒരു കുടുംബമായി വല്ലാർപാടത്തമ്മയുടെ സന്നിധിയിലേക്ക് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച 23-ാമത് മരിയൻ തീർത്ഥാടനം പ്രാർത്ഥനാനിർഭരമായി. കാൽനടയായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തീർത്ഥാടനം സ്വർഗം തുറക്കപ്പെടുന്ന പ്രാർത്ഥനാനുഭവമാണ് സമ്മാനിച്ചതെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.
വല്ലാർപാടം ബസിലിക്കയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.കായലിൽ താഴ്ന്നുപോയ അമ്മയെയും കുഞ്ഞിനെയും കരങ്ങളിൽ സംരക്ഷിച്ച കാരുണ്യമാതാവ് ദൈവജനത്തെയും സമൂഹത്തെയും കാത്തുസംരക്ഷിക്കുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു.എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ അങ്കണത്തിൽനിന്ന് വൈകുന്നേരം മൂന്നിന് ആരംഭിച്ച കിഴക്കൻ മേഖലാ തീർത്ഥാടനവും ഗോശ്രീ ജംഗ്ഷനിൽനിന്ന് 3.30ന് ആരംഭിച്ച പടിഞ്ഞാറൻ മേഖലാ തീർത്ഥാടനവും ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. വല്ലാർപാടം തിരുനാളിനുള്ള പതാക വിവിധ അൽമായ സംഘടനാ ഭാരവാഹികൾ ബിഷപ്പിൽനിന്ന് ഏറ്റുവാങ്ങി. തീർത്ഥാടന ദീപശിഖ യുവജന സംഘടനാ നേതാക്കൾക്ക് കൈമാറുകയും ചെയ്തു.യുദ്ധം സാധാരണവൽക്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ സമാധാനത്തിന്റെ പാദമുദ്രകളായി മാറാൻ വല്ലാർപാടം തീർത്ഥാടകർക്ക് കഴിയണമെന്ന് ബിഷപ് ആന്റണി വാലുങ്കൽ ആഹ്വാനം ചെയ്തു.
ഗോശ്രീ പാലങ്ങളിലൂടെ ഇരുവശത്തുനിന്നുമായി എത്തിയ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട തീർത്ഥാടകരെ വല്ലാർപാടം ബസിലിക്ക പ്രവേശന കവാടത്തിൽ റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിന്റെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 140 ബഹുവർണ ബലൂണുകൾ ആകാശത്തേക്ക് പറത്തി.ദൈവമുഖം ദർശിക്കാനുള്ള യാത്രയാണ് തീർത്ഥാടനങ്ങളെന്ന് വചനപ്രഘോഷണം നടത്തിയ വിജയപുരം സഹായമെത്രാൻ ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ പറഞ്ഞു.അതിരൂപതാ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവരും അതിരൂപതയിലെ വൈദികരും സന്ന്യസ്ത വൈദികരും ദിവ്യബലിയിൽ സഹകാർമികരായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അൽമായരും സന്ന്യസ്തരും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പൊന്തിഫിക്കൽ ദിവ്യബലിയിൽ പങ്കെടുത്തു.ദിവ്യബലിക്കുശേഷം തീർത്ഥാടനത്തിൽ പങ്കെടുത്ത വിശ്വാസികളെ ആർച്ച്ബിഷപ് വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, ജനപ്രതിനിധികൾ, ഷെവലിയർമാർ, അൽമായ നേതാക്കൾ തുടങ്ങിയവരും തീർത്ഥാടനത്തിൽ പങ്കെടുത്തു.വല്ലാർപാടത്തമ്മയുടെ ഈ വർഷത്തെ തിരുനാൾ സെപ്റ്റംബർ 16 മുതൽ 24 വരെ നടക്കും.

