പുനലൂർ: പുനലൂർ രൂപതയിലെ അജപാലന സമിതികളിൽ പ്രവർത്തിക്കുന്ന അൽമായ ശുശ്രൂഷ സമിതി അംഗങ്ങൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പത്തനാപുരം സെന്റ് സേവ്യേഴ്സ് അനിമേഷൻ സെന്ററിൽ നടന്ന പരിപാടി പുനലൂർ രൂപത മെത്രാൻ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.
സഭാ ശുശ്രൂഷയിൽ അൽമായരുടെ നേതൃത്വപാടവം വർധിപ്പിക്കുന്നതിനും വിശ്വാസാധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് നൽകുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശീലനം. ‘സെർവന്റ് ലീഡർഷിപ്പ്’, ‘രണ്ടാം വത്തിക്കാൻ കൗൺസിലിലൂടെ സഭാദർശനം’, ‘ഇമോഷണൽ ഇന്റലിജൻസ്’ എന്നീ വിഷയങ്ങളിൽ ഡോ. ഗ്രിഗറി ആർ.ബി., ബ്രദർ ഇടുക്കി തങ്കച്ചൻ, സി. ഫൗസ്റ്റിന എസ്എ ആർ പി എന്നിവർ ക്ലാസുകൾ നയിച്ചു.രൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 76 പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു. ഫൊറോന ആനിമേറ്റർ സിസ്റ്റേഴ്സ്, ബി.ഇ.സി. എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. അജിത് കെ.സി., കമ്മീഷൻസ് കോ-ഓർഡിനേറ്റർ റവ. ഫാ. ബെനഡിക്ട് തേക്കുവിള, രൂപത അൽമായ മിനിസ്ട്രി കോ-ഓർഡിനേറ്റർ ഡോ. ജോയ് ഫ്രാൻസിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

