വത്തിക്കാൻ സിറ്റി: ക്രിസ്തുവുമായുള്ള ബന്ധത്തിൽ കൂടുതൽ ആഴത്തിൽ വേരൂന്നിയതാകണം സന്യാസജീവിതമെന്ന് ലെയോ പതിനാലാമൻ പാപ്പാ. ബെനഡിക്റ്റൈൻ പാരമ്പര്യത്തിൽ ജീവിക്കുന്ന സന്യാസിനികൾ ഐക്യത്തിലും സഹകരണത്തിലും തങ്ങളുടെ വിളി മുന്നോട്ടുകൊണ്ടുപോകണമെന്നും പാപ്പാ പറഞ്ഞു.അന്താരാഷ്ട്ര ബെനഡിക്റ്റൈൻ കൂട്ടായ്മയായ Communio Internationalis Benedictinarum-ൽ അംഗങ്ങളായ സന്യാസിനികൾക്കായി സംഘടിപ്പിച്ച സിമ്പോസിയത്തിൽ പങ്കെടുത്തവരുമായി സെപ്റ്റംബർ 12ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ സന്ദേശം നൽകിയത്.
വിശുദ്ധ ബെനഡിക്റ്റിന്റെ നിയമം പിന്തുടരുന്ന വിവിധ സന്യാസിനി സഭകളിൽ നിന്നായി ഏകദേശം 13,000 സന്യാസിനികളാണ് കൂട്ടായ്മയിലുള്ളത്.വ്യത്യസ്തതകളെ പരസ്പര സമ്പത്തായി സ്വീകരിച്ച് സിനഡൽ ചൈതന്യത്തിൽ ഒരുമിച്ച് മുന്നേറേണ്ടതിന്റെ പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയുടെയും പ്രത്യേകതകൾ സമൂഹത്തിന്റെ പൊതുനന്മയ്ക്കുള്ള നിധിയായി മാറുന്ന വിധത്തിൽ ബെനഡിക്റ്റൈൻ കാരിസം ജീവിക്കുകയും കൈമാറുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ബെനഡിക്റ്റൈൻ കോൺഫെഡറേഷനുവേണ്ടി ആരംഭിച്ച ഐക്യത്തിന്റെയും ഏകോപനത്തിന്റെയും യാത്രയ്ക്ക് പിന്തുണ നൽകിയ സഭയുടെ പാരമ്പര്യത്തെ അനുസ്മരിച്ച പാപ്പാ, ഇരുപത്തിയഞ്ച് വർഷമായി കൂട്ടായ്മയുടെ ദൗത്യം തുടരുന്ന അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പരസ്പര സഹകരണത്തിലൂടെയും ആത്മീയ ഐക്യത്തിലൂടെയും സന്യാസജീവിതത്തിന്റെ സാക്ഷ്യം കൂടുതൽ ശക്തമാക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

