ബംഗളൂരു: കർണാടകയിലെ മതപരിവർത്തന നിരോധന നിയമം റദ്ദാക്കണമെന്നും മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയ അതിക്രമങ്ങൾക്കുമെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു.
ബംഗളൂരു ബെൻസൺ ടൗണിലെ ആർച്ച്ബിഷപ് ഹൗസ് കാമ്പസിൽ ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഫോറം ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. അധികാരത്തിലെത്തിയാൽ മതപരിവർത്തന നിരോധന നിയമം പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം സംസ്ഥാന സർക്കാർ പാലിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മതവിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശത്തിനും നിലവിലെ നിയമം തടസ്സമാകുന്നുവെന്നും മതന്യൂനപക്ഷങ്ങളെ അനാവശ്യ സംശയത്തിന്റെ നിഴലിലാക്കുന്നുവെന്നും ഫോറം ചൂണ്ടിക്കാട്ടി.
മതന്യൂനപക്ഷങ്ങൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ, വർഗീയ പ്രകോപനങ്ങൾ, അക്രമങ്ങൾ എന്നിവ തടയാൻ നിയമനടപടികൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.ന്യൂനപക്ഷ സമുദായങ്ങളുടെയും വിവിധ പൗരസംഘടനകളുടെയും പ്രതിനിധികൾ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

