സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനമായ ഇന്ന്. ഭൂമിയിൽനിന്ന് കടന്നുപോയ സകലരെയും പ്രത്യേകമായി അനുസ്മരിക്കുകയും അവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിനമാണിത്. മരിച്ചുപോയ സ്വന്തം പ്രിയപ്പെട്ടവരെ മാത്രമല്ല, ദൈവകരുണ ആവശ്യമുള്ള സകല മരിച്ചവരെയും ഓർത്ത് പ്രാർത്ഥിക്കാനുള്ള അവസരമാണ് ഈ ദിനം വിശ്വാസികൾക്ക് നൽകുന്നത്.കത്തോലിക്കാ സഭയുടെ വിശ്വാസപ്രബോധനമനുസരിച്ച്, ശുദ്ധീകരണസ്ഥിതിയിലുള്ള ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും അവർക്കായി വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും ഈ ദിനം പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
വിശുദ്ധരുടെ സമൂഹമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളെ സഭ കാണുന്നത്. സ്വർഗീയ സഭയും ഭൂമിയിലെ തീർത്ഥാടക സഭയും തമ്മിലുള്ള ആത്മീയ ഐക്യത്തിന്റെ അടയാളം കൂടിയാണിത്.മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി ജീവിതത്തിൽനിന്ന് വേർപിരിഞ്ഞ പ്രിയപ്പെട്ടവരെ അനുസ്മരിക്കുന്നതിനൊപ്പം, ആരും ഓർക്കാനില്ലാത്തവരും ദൈവകരുണയ്ക്കായി കാത്തിരിക്കുന്നവരുമായ സകല മരിച്ചവരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് സഭ ഓർമിപ്പിക്കുന്നു. മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന ക്രൈസ്തവരുടെ ആത്മീയ ഉത്തരവാദിത്വമാണെന്നും സഭ പഠിപ്പിക്കുന്നു.മരണത്തിന്റെ അനിവാര്യതയെക്കുറിച്ചും ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം.
നമുക്കു മുൻപേ കടന്നുപോയവരെപ്പോലെ ഒരുനാൾ നാമും ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിക്കേണ്ടവരാണെന്ന ഓർമപ്പെടുത്തൽ ജീവിതത്തെ കൂടുതൽ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കാണാൻ നമ്മെ ക്ഷണിക്കുന്നു.നവംബർ ഒന്നിന് സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്ന സഭ, രണ്ടാം തീയതി സകല മരിച്ച വിശ്വാസികളെയും അനുസ്മരിക്കുന്നതിലൂടെ വിശുദ്ധിയിലേക്കുള്ള ക്രൈസ്തവ വിളിയും മരണാനന്തര ജീവിതത്തിലുള്ള പ്രത്യാശയും ഒരുപോലെ ഓർമിപ്പിക്കുന്നു. വിശുദ്ധരുടെ ജീവിതമാതൃക പിന്തുടരാനും മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കാനും ജീവിച്ചിരിക്കുന്നവരെന്ന നിലയിൽ സ്നേഹത്തിലും വിശ്വാസത്തിലും മുന്നേറാനുമുള്ള ആഹ്വാനമാണ് ഈ ദിനം നൽകുന്നത്.

