തൃശൂർ: സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനും പരിശോധനാ സൗകര്യങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനുമായി അമല മെഡിക്കൽ കോളേജിന് സൗത്ത് ഇന്ത്യൻ ബാങ്ക് മൊബൈൽ മാമോഗ്രാം ബസ് കൈമാറി. അത്യാധുനിക എക്സ്-റേ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുള്ള ഈ സഞ്ചരിക്കുന്ന പരിശോധനാ വാഹനം കൂടുതൽ ആളുകളിലേക്ക് സ്തനാർബുദ നിർണയ സൗകര്യം എത്തിക്കാൻ സഹായകമാകും.
സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് മുരളീധർ പൈ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റോ ജോർജ് ടി., സിജിഎം കോർപ്പറേറ്റ് ബിസിനസ് ഹെഡ് മിനു മുഞ്ഞേലി, എജിഎം റീജണൽ ഹെഡ് ഇ. രാധാകൃഷ്ണൻ, ചീഫ് മാനേജർ വിനീത് ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ., ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി സി.എം.ഐ., ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ. എന്നിവരും സന്നിഹിതരായിരുന്നു.

