വത്തിക്കാൻ സിറ്റി : കുടുംബങ്ങളിലേക്ക് സുവിശേഷസന്ദേശം കൂടുതൽ ഫലപ്രദമായി എത്തിക്കണമെന്നും പ്രാദേശിക സഭകളുടെ ജീവിതത്തിലും ദൗത്യത്തിലും കുടുംബങ്ങൾ സജീവമായി പങ്കുചേരണമെന്നും ലെയോ പതിനാലാമൻ പാപ്പാ. ഫ്രാൻസിസ് പാപ്പായുടെ അമോറിസ് ലെത്തീസ്യ എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 14-ന് വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്ന സമാപന സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന പാപ്പായുടെ സന്ദേശം ആൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദിനാൾ കെവിൻ ജോസഫ് ഫാറൽ സമ്മേളനത്തിൽ വായിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിലുള്ള ഖേദം അറിയിച്ച പാപ്പാ, സമ്മേളനത്തിൽ പങ്കെടുത്തവർക്കും ഒരുമിച്ച് പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തവർക്കും നന്ദി പറഞ്ഞു. കുടുംബജീവിതത്തിലെ സന്തോഷങ്ങളും വെല്ലുവിളികളും പ്രത്യാശകളും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവച്ച കുടുംബങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
തന്റെ ക്ഷണം സ്വീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്ത പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാർക്കും വിവിധ മെത്രാൻസമിതികളുടെ അധ്യക്ഷന്മാർക്കും പാപ്പാ നന്ദി അറിയിച്ചു. കുടുംബ ജീവിതത്തിന്റെയും ദാമ്പത്യസ്നേഹത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന അമോറിസ് ലെത്തീസ്യയുടെ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനും കുടുംബങ്ങളെ സഭയുടെ സുവിശേഷദൗത്യത്തിൽ കൂടുതൽ സജീവമായി ഉൾപ്പെടുത്താനും ഈ വാർഷികാചരണം പ്രചോദനമാകണമെന്ന ആഹ്വാനവും സന്ദേശത്തിലുണ്ട്.

