തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു സാംസൺ ഫൗണ്ടേഷൻ ലീഡ് ഐഎഎസ് അക്കാദമിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സാമ്പത്തിക പരിമിതികൾ മൂലം സിവിൽ സർവീസ് പരിശീലനം നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സഞ്ജു സാംസണിന്റെ ജന്മനാടായ വിഴിഞ്ഞത്തുനിന്നുള്ള വിദ്യാർഥികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന നൽകും.ലീഡ് ഇന്ത്യ സമ്മിറ്റിന്റെ വേദിയിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭം ശ്രദ്ധേയമായി. കായികരംഗത്തുള്ളവർക്കു മാത്രമല്ല, വിവിധ മേഖലകളിൽ കഴിവും സ്വപ്നങ്ങളുമുള്ള യുവാക്കൾക്കും പിന്തുണ നൽകുന്ന സഞ്ജുവിന്റെ ഇടപെടൽ പ്രശംസനീയമാണ്.

