പുനലൂർ: പുനലൂർ രൂപതയുടെ കോർപ്പറേറ്റ് മാനേജരും പിആർഒയുമായ ഡോ. ക്രിസ്റ്റി ജോസഫിനെ പുനലൂർ രൂപതയിലെ വൈദികർക്കായുള്ള എപ്പിസ്കോപ്പൽ വികാരിയായി പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.
വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോ-ഓർഡിനേറ്റർ, ശുഭദർശൻ ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്യുന്നു. രൂപതാ ജുഡീഷ്യൽ വികാരി, രൂപതാ അജപാലന സമിതി സെക്രട്ടറി, രൂപതാ വൈസ് ചാൻസലർ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.1973 ഡിസംബർ 31-ന് കൊല്ലം ചവറ തെക്കുംഭാഗം ചെറുപുല്ലാഴിത്ത് വീട്ടിൽ വിൻസെന്റ് ജോസഫിന്റെയും ഗെട്രൂഡ് ജോസഫിന്റെയും മകനായി ജനിച്ചു. 2001 ജനുവരി 4-ന് പുനലൂർ രൂപതയുടെ പ്രഥമ മെത്രാൻ മത്യാസ് കാപ്പിൽ പിതാവിൽനിന്ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു.2009 ഒക്ടോബർ 14-ന് റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റി യിൽനിന്ന് സഭാനിയമത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി.
പുനലൂർ രൂപതയിലെ പഴകുളം, ശൂരനാട്, പത്തനാപുരം, പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ, കുന്നിക്കോട്, പാണ്ടിത്തിട്ട, പുത്തൂർക്കര തുടങ്ങിയ ഇടവകകളിൽ വൈദിക ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. പുതിയ ദൗത്യത്തിലൂടെ രൂപതയിലെ വൈദികരുടെ ഏകോപനത്തിനും ക്ഷേമത്തിനും കൂടുതൽ ശ്രദ്ധ നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് രൂപത.

