വത്തിക്കാൻ: പരസ്പര സ്നേഹത്തിലൂടെ യഥാർഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാണ് സുവിശേഷമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഞായറാഴ്ചത്തെ ത്രികാലജപ പ്രാർത്ഥനയ്ക്കുമുമ്പായി വിശ്വാസികളോട് സന്ദേശം നൽകുകയായിരുന്നു പാപ്പാ.
ഞായറാഴ്ചത്തെ ആരാധനാക്രമത്തിൽ പ്രഘോഷിക്കപ്പെട്ട ദൈവവചനം നമ്മുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും ആവശ്യമായ അടിസ്ഥാന മാനദണ്ഡങ്ങൾ നൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. വിശുദ്ധ പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ, “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വചനത്തിൽ എല്ലാ കൽപ്പനകളും സംഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്ന് വ്യക്തമാക്കുന്നു (റോമ 13:9).“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയിലെ ആശയവുമായി ബന്ധപ്പെടുത്തി, പരസ്പരം സ്നേഹിക്കുക എന്നത് ക്രൈസ്തവജീവിതത്തിലെ അടിസ്ഥാന കടമയാണെന്നും പാപ്പാ വിശദീകരിച്ചു. “സഹോദരന്മാരേ, പരസ്പരസ്നേഹമല്ലാതെ മറ്റൊന്നും ആരോടും കടപ്പെട്ടിരിക്കരുത്” എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകളും അദ്ദേഹം ഓർമ്മിപ്പിച്ചു.കടങ്ങൾ ക്ഷമിക്കുന്നതിനായി പ്രാർത്ഥിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. എന്നാൽ, പരസ്പരം സ്നേഹിക്കണമെന്ന കടം നമ്മിൽ നിലനിൽക്കുന്നു. ഈ കടം നമ്മെ ബന്ധനത്തിലാക്കുന്നതല്ല; മറിച്ച് സ്നേഹത്തിലൂടെ കൂടുതൽ സ്വതന്ത്രരാകാൻ സഹായിക്കുന്നതാണ്.നമുക്ക് ലഭിച്ച ശ്രദ്ധയും കരുതലും നന്മകളും തിരിച്ചറിഞ്ഞ് മറ്റുള്ളവരോടും അതേ സ്നേഹവും കരുതലും പങ്കുവയ്ക്കുമ്പോഴാണ് നാം കൂടുതൽ സ്വതന്ത്രരും ഉത്തരവാദിത്തബോധമുള്ളവരുമായി മാറുന്നതെന്നും പാപ്പാ വ്യക്തമാക്കി.

