കൊല്ലം: കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരിയുടെ സ്വപ്നപദ്ധതിയായ ‘ലവ്ദാതോ സി – ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായി വോളന്റിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. ലവ്ദാതോ സി – പ്രകൃതി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ക്യു.എസ്.എസ്.എസ്. ഓപ്പൺ ഹാളിലായിരുന്നു പരിശീലനം.
ജാതിമതഭേദമന്യേ സംഘടിപ്പിച്ച പരിശീലനത്തിൽ ഡോ. റിജി ജി. നായർ ക്ലാസെടുത്തു. പരിശീലനത്തോടനുബന്ധിച്ച പൊതുസമ്മേളനം കൊല്ലം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ ഉദ്ഘാടനം ചെയ്തു.പ്രകൃതിയെ ചൂഷണം ചെയ്യുന്ന മാനുഷിക സ്വഭാവത്തിൽനിന്ന് പ്രകൃതിയെ സ്നേഹിക്കുന്ന ദൈവസ്വഭാവത്തിലേക്ക് മനുഷ്യൻ മാറുമ്പോഴാണ് ലോകം സംരക്ഷിക്കപ്പെടുകയെന്ന് മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ പറഞ്ഞു.
ലവ്ദാതോ സി – പ്രകൃതി സംരക്ഷണസമിതി കോർഡിനേറ്ററും നാടക-സിനിമാ നടനുമായ കെ.പി.എ.സി. ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രൂപത അസോസിയേറ്റ് പി.ആർ.ഒ.യും ‘ലവ്ദാതോ സി – ഭൂമിക്കൊരു കുട’ പദ്ധതി ജനറൽ കൺവീനറുമായ ജോർജ് എഫ്. സേവ്യർ വലിയവീട്, ജീവൻ സംരക്ഷണസമിതി വൈസ് ചെയർമാൻ ജയിൻ ആൻസിൽ ഫ്രാൻസിസ്, ലവ്ദാതോ സി – പ്രകൃതി സംരക്ഷണസമിതി സബ് കോർഡിനേറ്റർ റിട്ട. എസ്.ഐ. എച്ച്. ഷാനവാസ്, ജോയിന്റ് കോർഡിനേറ്റർമാരായ ചിത്രകാരൻ ബൈജു പുനുക്കൊന്നൂർ, ശില്പിയും റിട്ട. എ.എസ്.ഐ.യുമായ ഗുരുപ്രസാദ്, സി.എൽ.സി. പ്രസിഡന്റ് റീത്ത ദാസ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണി, സെക്രട്ടറി എ.ജെ. ഡി ക്രൂസ്, ജീസസ് യൂത്ത് കോർഡിനേറ്റർ ബിബിൻ കണ്ടച്ചിറ, എസ്.എഫ്.ഒ. പ്രസിഡന്റ് ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.

