വത്തിക്കാൻ: നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷതയെന്നും, ദൈവത്തിന്റെ മുഖം അന്വേഷിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതാണ് സാക്രമെന്റൈൻ സഹോദരിമാർ സ്വീകരിച്ച ദൈവവിളിയുടെ സവിശേഷ ഭാവമെന്നും ലെയോ പതിനാലാമൻ പാപ്പ.
വിശുദ്ധ കുർബാനയുടെ നിത്യാരാധന സഹോദരിമാരുടെ ഹോളി സ്പിരിറ്റ് ഫെഡറേഷന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് റോമിലേക്ക് തീർത്ഥാടനത്തിനെത്തിയ സന്യാസിനികളെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ.1807-ൽ റോമിൽ വാഴ്ത്തപ്പെട്ട മരിയ മഗ്ദലേനയാൽ സ്ഥാപിതമായ സന്യാസസമൂഹമാണ് വിശുദ്ധ കുർബാനയുടെ നിത്യാരാധന സഹോദരിമാരുടെ സഭ. സാക്രമെന്റൈൻ സഹോദരിമാർ എന്നും അറിയപ്പെടുന്ന ഈ സന്യാസസമൂഹത്തിൽ ഏകദേശം 60 ആശ്രമങ്ങളിലായി ആയിരത്തിൽ താഴെ അംഗങ്ങളാണുള്ളത്.ഹോളി സ്പിരിറ്റ് ഫെഡറേഷൻ സ്ഥാപിതമായിട്ട് അമ്പത് വർഷം പൂർത്തിയാക്കുന്ന അവസരത്തിലാണ് അംഗങ്ങൾ റോമിലേക്ക് തീർത്ഥാടനം നടത്തിയത്. സന്യാസിനികളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, അവരെ കാണാനും സ്വീകരിക്കാനും കഴിഞ്ഞതിലുള്ള തന്റെ അതിയായ സന്തോഷം പങ്കുവച്ചു.സഹോദരിമാരുടെ സാന്നിധ്യം ദൈവത്തിന്റെ വിശ്വസ്തതയ്ക്കും നന്മയ്ക്കുമുള്ള തിളങ്ങുന്ന സാക്ഷ്യമാണെന്ന് പാപ്പാ പറഞ്ഞു. ദൈവത്തിന്റെ മുഖം അന്വേഷിക്കാനും അവനെ ധ്യാനിക്കാനുമുള്ള ആന്തരിക ആഗ്രഹം മനുഷ്യഹൃദയങ്ങളിൽ ഉണർത്തുന്നതാണ് ഈ സാക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ അടിസ്ഥാന സവിശേഷതയെന്ന് പാപ്പാ എടുത്തുപറഞ്ഞു. ദൈവത്തെ അന്വേഷിക്കുകയും അവിടുത്തെ സാന്നിധ്യത്തിൽ ജീവിക്കുകയും ചെയ്യുക എന്നതാണ് സാക്രമെന്റൈൻ സഹോദരിമാർ സ്വീകരിച്ച ദൈവവിളിയുടെ ആഴമേറിയ അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.
