കൊല്ലം: കൊല്ലം രൂപതയുടെ സപ്തശതാബ്ദി ഇടവകതല ആഘോഷവും ദൈവദാസൻ ബിഷപ്പ് ജെറോം ഫെർണാണ്ടസ് തുപ്പാശ്ശേരിയുടെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി അഷ്ടജലറാണി പള്ളിയിൽ നടന്നു.
രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ ജൂബിലി പതാക ഉയർത്തി. തുടർന്ന് നടന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. സൈജു സൈമൺ സഹകാർമികനായി. വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്ന് വിദ്യാസമ്പന്നരായ തലമുറയെ വളർത്തിയെടുക്കുന്നതിൽ ബിഷപ്പ് ജെറോം ഫെർണാണ്ടസ് തുപ്പാശ്ശേരി നിർണായക നേതൃത്വം നൽകിയതായി മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ പറഞ്ഞു. അഷ്ടമുടി പള്ളിക്ക് ‘അഷ്ടജലറാണി’ എന്ന പേര് നൽകിയത് ബിഷപ്പ് ജെറോമാണെന്നും അദ്ദേഹം പറഞ്ഞു.ഡൊമിനിക്കൻ പുരോഹിതനായ ബിഷപ്പ് ജോർദാനൂസ് കത്തലാനി സ്ഥാപിച്ച കൊല്ലം രൂപതയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കുന്നതിൽ ദൈവദാസൻ ബിഷപ്പ് ജെറോം ഫെർണാണ്ടസ് തുപ്പാശ്ശേരിയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജൂബിലി ആഘോഷങ്ങൾക്കും ബിഷപ്പ് ജെറോമിന്റെ ജന്മവാർഷിക ദിനാചരണത്തിനും രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യർ, കെ.ആർ.എൽ.സി.ബി.സി. വിമൻസ് കമ്മീഷൻ കൊല്ലം രൂപത സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്, സി.എൽ.സി. രൂപത പ്രസിഡന്റ് റിത്താ ദാസ്, ഇടവക കൈക്കാരൻ ജോസ് എഡ്വേർഡ്, അജപാലന സമിതി സെക്രട്ടറി രാജൻ സോണാസ്, ബി.സി.സി. കോ-ഓർഡിനേറ്റർ ജയിംസ് ജോർജ്, സിസ്റ്റർ ആന്റനിറ്റ എന്നിവർ നേതൃത്വം നൽകി.

