പുനലൂർ: പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരിയായ ഫാ. ജോൺസൺ ജോസഫിനെ പുനലൂർ രൂപതയുടെ പുതിയ വികാരി ജനറലായി രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ നിയമിച്ചു.
1955 ജൂലൈ 3ന് കൊല്ലം ചെമ്മക്കാട് കുറ്റിവിള വീട്ടിൽ ജോസഫ് ക്രൂസിന്റെയും ഗ്രേസി ജോസഫിന്റെയും മകനായി ജനിച്ചു. 1983 മേയ് 14ന് കൊല്ലം രൂപതയുടെ മെത്രാൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിൽനിന്ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു.1993 ഒക്ടോബർ 1ന് റോമിലെ ഉർബാനിയാന സർവകലാശാലയിൽനിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് (പി.എച്ച്.ഡി.) നേടി. പുനലൂർ രൂപതയുടെ ചാൻസലർ, ജുഡീഷ്യൽ വികാരി, കോർപ്പറേറ്റ് മാനേജർ തുടങ്ങിയ വിവിധ ഉത്തരവാദിത്വങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
കൊല്ലം, പുനലൂർ രൂപതകളിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു.

