ദൈവം സ്നേഹമാണ്! കരുണ കാണിക്കൂ! നിങ്ങളുടെ ആയുധങ്ങൾ താഴെവെക്കൂ: ലെയോ പതിനാലാമന് പാപ്പാ
വത്തിക്കാൻ: “ദൈവത്തിന്റെ സ്നേഹമുള്ള സൗമ്യമായ മുഖം അവൻ വെളിപ്പെടുത്തി, ഹിംസയെ എപ്പോഴും നിരസിക്കുന്ന ദൈവത്തിന്റെ മുഖം,” പോപ്പ് പറഞ്ഞു. “സ്വയം രക്ഷപ്പെടുന്നതിന് പകരം, ചരിത്രത്തിലെ ഓരോ കാലത്തും സ്ഥലത്തും മനുഷ്യർ വഹിക്കുന്ന എല്ലാ ക്രൂശുകളെയും ചേർത്തുപിടിച്ച്, ക്രൂശിൽ തറക്കപ്പെടാൻ അവൻ സമ്മതിച്ചു.”
“സമാധാനത്തിന്റെ രാജാവ്” എന്ന വാക്കുകൾ ആവർത്തിച്ച്, തന്റെ പീഡാനുഭവത്തിലൂടെ സമാധാനം കൊണ്ടുവരാനുള്ള യേശുവിന്റെ ആഗ്രഹം തെളിയിക്കുന്ന പ്രവർത്തികൾ പോപ്പ് ചൂണ്ടിക്കാട്ടി.
“സമാധാനത്തിന്റെ രാജാവായ ക്രിസ്തു തന്റെ ക്രൂശിൽ നിന്ന് വീണ്ടും വിളിക്കുന്നു: ദൈവം സ്നേഹമാണ്! കരുണ കാണിക്കൂ! നിങ്ങളുടെ ആയുധങ്ങൾ താഴെവെക്കൂ! നിങ്ങൾ സഹോദരങ്ങളും സഹോദരിമാരുമാണെന്ന് ഓർക്കൂ!” എന്ന് പാപ്പാ പറഞ്ഞു. രാജ്യങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധ സാഹചര്യത്തിൽ മനുഷ്യ കുടുംബം അനുഭവിക്കുന്ന അനവധി മുറിവുകളെക്കുറിചോർത്ത് പോപ്പ് ദുഃഖം പ്രകടിപ്പിച്ചു.
“യുദ്ധത്തിൽ മുറിവേറ്റ ജനങ്ങളെ അവൻ താങ്ങുകയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും മൂർത്തമായ പാതകൾ തുറക്കുകയും ചെയ്യട്ടെ” എന്ന് സമാധാന രാജകുമാരനോട് പ്രാർത്ഥിക്കുന്നതിൽ തന്നോടൊപ്പം ചേരാൻ പാപ്പാ വിശ്വാസികളെ ക്ഷണിച്ചു. മധ്യാഹ്ന ത്രികാല പ്രാർത്ഥന ചൊല്ലുന്നതിനുമുമ്പ്, യുദ്ധത്തിന്റെ ഇരകളായ നാവികരെ കർത്താവിനു ഭരമേൽപ്പിച്ച പാപ്പാ, മരിച്ചവർക്കും, പരിക്കേറ്റവർക്കും, അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞു.
“ഭൂമിയും, ആകാശവും, കടലും, ജീവനും സമാധാനത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്” എന്ന് അദ്ദേഹം അടിവരയിട്ടു. ഒടുവിൽ, കടലിൽ മരിച്ച എല്ലാ കുടിയേറ്റക്കാർക്കും വേണ്ടി, പ്രത്യേകിച്ച് ക്രീറ്റ് ദ്വീപിന്റെ തീരത്ത് സമീപ ദിവസങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ലിയോ പാപ്പാ സഭയോട് അഭ്യർത്ഥിച്ചു.
