ഫാ. ജോസഫ് രാജന് കിഴവന
പരിസ്ഥിതി ദിനവും അസ്സീസിയുടെ ചൈതന്യവും
ഫ്രാന്‍സിസ് അസ്സീസിയുടെ പാരിസ്ഥിതിക മാനസാന്തരം പൂര്‍ണ്ണമായിരുന്നു. അദ്ദേഹം വെറുമൊരു പ്രകൃതിപ്രേമി ആയിരുന്നില്ല, മറിച്ച് സകല സൃഷ്ടികളിലും തന്റെ സഹോദരങ്ങളെ ദര്‍ശിച്ച വ്യക്തിയായിരുന്നു. പ്രകൃതിക്ക് ദോഷം ചെയ്യുന്നത് തന്റെ സഹോദരങ്ങളെ വേദനിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈയൊരു ആത്മീയ ബന്ധമാണ് ഓരോ ക്രൈസ്തവനിലും ഉണ്ടാകേണ്ടതെന്ന് സഭ പഠിപ്പിക്കുന്നു.
ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിക്കുമ്പോള്‍, പ്രകൃതിയെയും ജീവജാലങ്ങളെയും ‘സഹോദരന്’, ‘സഹോദരി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. പ്രകൃതിയെ ചൂഷണം ചെയ്യാതെ അതിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത, വിശുദ്ധന്റെ ജൂബിലി വര്‍ഷത്തിലെ പരിസ്ഥിതി ദിനം നമ്മെ കൂടുതല്‍ ഓര്‍മ്മിപ്പിക്കുന്നു.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ആത്മീയത പ്രകൃതിയെ മാറ്റിനിര്‍ത്തിയുള്ള ഒന്നായിരുന്നില്ല. പ്രകൃതിയെ സ്നേഹിക്കാതെ ദൈവത്തെ പൂര്‍ണ്ണമായി സ്നേഹിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. വര്‍ദ്ധിച്ചുവരുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും, പ്രകൃതിദുരന്തങ്ങളും, പരിസ്ഥിതി മലിനീകരണവും, ജൈവവൈവിധ്യ നാശവുമെല്ലാം മനുഷ്യനിര്‍മ്മിതമാണെന്ന് പറയാതെ വയ്യ.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരിയാര്‍ മലിനമാക്കപ്പെട്ടപ്പോള്‍ രൂപപ്പെട്ട പ്രതിഷേധം, കുടിവെള്ളമെന്ന മനുഷ്യന്റെ അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെട്ടതിനെതിരെയുള്ളതായിരുന്നു. അന്ന് പ്രതിഷേധിച്ചവരെല്ലാം ഹൃദയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ചൈതന്യം കാത്തുസൂക്ഷിക്കുന്നവരും, പ്രകൃതിയെ ഒരു കാരണവശാലും നശിപ്പിക്കാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവരുമായിരുന്നു. എവിടെയെല്ലാം പ്രകൃതിക്കെതിരെ ചൂഷണമുണ്ടാകുന്നുവോ, മനുഷ്യനിര്‍മ്മിത പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നുവോ, അവിടെയെല്ലാം പ്രകടമാകുന്ന ആത്മരോഷങ്ങളും പ്രതിഷേധങ്ങളും അസ്സീസിയിലെ പുണ്യവാളന്റെ ചൈതന്യത്തില്‍ നിന്നുള്ളതാണ്. എന്നിരുന്നാലും, ഈ രോഷപ്രകടനങ്ങളും പ്രതിഷേധങ്ങളും ഒടുവില്‍ പാരിസ്ഥിതിക മാനസാന്തരത്തിലേക്കാണ് വഴിമാറേണ്ടത്.
എന്താണ് പാരിസ്ഥിതിക മാനസാന്തരം?
പാരിസ്ഥിതിക മാനസാന്തരം എന്നത് കേവലം ഒരു പരിസ്ഥിതിവാദമല്ല. മറിച്ച് നമ്മുടെ ചിന്താഗതിയിലും ജീവിതശൈലിയിലും വരണമെന്ന് സഭ ആഗ്രഹിക്കുന്ന ആഴമേറിയ ഒരു മാറ്റമാണ്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി ഫ്രാന്‍സിസ് പാപ്പ തന്റെ ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനത്തിലൂടെ ഈ ആശയത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
സാധാരണ അര്‍ത്ഥത്തില്‍ ‘മാനസാന്തരം’ എന്നത് തെറ്റായ വഴിയില്‍ നിന്ന് ശരിയായ വഴിയിലേക്കുള്ള മാറ്റമാണ്. പാരിസ്ഥിതിക മാനസാന്തരം എന്നാല്‍ പ്രകൃതിയോടുള്ള നമ്മുടെ തെറ്റായ സമീപനങ്ങള്‍ തിരുത്തി, സൃഷ്ടികളുമായി ഒരു പുനരൈക്യം (ഞലരീിരശഹശമശേീി) സ്ഥാപിക്കുക എന്നതാണ്. ഭൂമിയെ വെറുമൊരു കമ്പോളമായോ ചൂഷണത്തിനുള്ള വസ്തുവായോ കാണുന്നതിന് പകരം, അതിനെ ദൈവത്തിന്റെ ദാനമായി കാണുന്ന ആത്മീയ മാറ്റമാണിത്.
പാരിസ്ഥിതിക മാനസാന്തരത്തിന്റെ മൂന്ന് ഘട്ടങ്ങള്‍
പാരിസ്ഥിതിക മാനസാന്തരത്തിന് മൂന്ന് പ്രധാന ഘട്ടങ്ങളുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം:
പാപബോധം : പ്രകൃതിക്കെതിരെ നാം ചെയ്ത ക്രൂരതകള്‍ (വായു മലിനീകരണം, അമിതമായ പ്ലാസ്റ്റിക് ഉപയോഗം, ജലസ്രോതസ്സുകള്‍ നശിപ്പിക്കല്‍ എന്നിവ) ദൈവത്തിനെതിരെയുള്ള പാപമാണെന്ന് തിരിച്ചറിയുന്നതാണ് ആദ്യ ഘട്ടം.
പരിപാലന ബോധ്യം: ദൈവം ഈ ലോകം നമുക്ക് തന്നിഷ്ടപ്രകാരം ഉപയോഗിക്കാന്‍ തന്നതല്ല, മറിച്ച് സ്നേഹപൂര്‍വ്വം പരിപാലിക്കാന്‍ ഏല്‍പ്പിച്ചതാണെന്ന ബോധ്യമുണ്ടാകുന്നതാണ് രണ്ടാം ഘട്ടം. അഗ്നി, ജലം, ഭൂമി, വായു, ആകാശം (ഋവേലൃ) എന്നീ പഞ്ചഭൂതങ്ങളോടൊപ്പം പ്രപഞ്ചത്തിലുള്ള സകല ജീവജാലങ്ങളിലും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിയുന്നത് ഈ ഘട്ടത്തിലാണ്.
ജീവിതശൈലിയിലെ മാറ്റം: പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ഊറ്റിയെടുക്കുന്ന മനുഷ്യന്റെ അത്യാര്‍ത്തിക്ക് കടിഞ്ഞാണിടുകയും, ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്ന ലളിതമായ ജീവിതശൈലിയിലേക്ക് മാറുകയും ചെയ്യുന്നതാണ് മൂന്നാമത്തെ ഘട്ടം.
പ്രായോഗിക ജീവിതത്തിലെ മാറ്റങ്ങള്‍
ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങള്‍ പ്രകാരം, ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കണം. വസ്തുക്കള്‍ പുനരുപയോഗിക്കാനും റീസൈക്കിള്‍ ചെയ്യാനും ശീലിക്കുക, ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം സൗരോര്‍ജ്ജം പോലുള്ള പ്രകൃതിസൗഹൃദ ഊര്‍ജ്ജരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുക, വ്യക്തിഗത വാഹന ഉപയോഗം കുറച്ച് പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെയാണ് പാരിസ്ഥിതിക മാനസാന്തരം പ്രകടമാകേണ്ടത്.
ചുരുക്കത്തില്‍, പാരിസ്ഥിതിക മാനസാന്തരം എന്നത് പ്രകൃതിയെ സംരക്ഷിക്കാന്‍ നടത്തുന്ന ഒരു ബാഹ്യപ്രകടനം മാത്രമല്ല, മറിച്ച് സ്രഷ്ടാവായ ദൈവത്തോടും അവിടുത്തെ സൃഷ്ടികളോടുമുള്ള നമ്മുടെ ബന്ധത്തില്‍ വരുന്ന ആഴമേറിയ ആത്മീയ പരിവര്‍ത്തനമാണ്. ഈ ലോകം നമ്മുടേത് മാത്രമല്ല, വരാനിരിക്കുന്ന തലമുറകളുടേത് കൂടിയാണെന്ന ബോധ്യമാണ് ഈ മാനസാന്തരത്തിന്റെ കാതല്‍.
ഫ്രാന്‍സിസ് അസ്സീസിയുടെ പാരിസ്ഥിതിക മാനസാന്തരം പൂര്‍ണ്ണമായിരുന്നു. അദ്ദേഹം വെറുമൊരു പ്രകൃതിപ്രേമി ആയിരുന്നില്ല, മറിച്ച് സകല സൃഷ്ടികളിലും തന്റെ സഹോദരങ്ങളെ ദര്‍ശിച്ച വ്യക്തിയായിരുന്നു. പ്രകൃതിക്ക് ദോഷം ചെയ്യുന്നത് തന്റെ സഹോദരങ്ങളെ വേദനിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈയൊരു ആത്മീയ ബന്ധമാണ് ഓരോ ക്രൈസ്തവനിലും ഉണ്ടാകേണ്ടതെന്ന് സഭ പഠിപ്പിക്കുന്നു.
സഭ ഇങ്ങനെയൊക്കെ പഠിപ്പിക്കുമ്പോഴും, ഈ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനില്ക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക സഭകള്‍ക്ക് കടമയുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക ദിവസത്തേക്ക് മാത്രമുള്ളതല്ലെന്നും, ഈ ജൂബിലി വര്‍ഷത്തില്‍ മാത്രം ചെയ്യേണ്ടതല്ലെന്നും നാം ഓര്‍ക്കണം. ഓരോ പ്ലാസ്റ്റിക് പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിയുമ്പോഴും, ഭക്ഷണം പാഴാക്കുമ്പോഴും, വായു-ജല മലിനീകരണത്തിന് നമ്മള് കാരണമാകുമ്പോഴും, പക്ഷിമൃഗാദികളെ ഉപദ്രവിക്കുമ്പോഴും പാരിസ്ഥിതിക പാപങ്ങള്‍ വീണ്ടും വീണ്ടും നമ്മള് ചെയ്യുകയാണ്.
പ്രകൃതിയെ വേദനിപ്പിക്കുമ്പോഴും അതിയായി ചൂഷണം ചെയ്യുമ്പോഴും അത് ഒരിക്കല്‍ മനുഷ്യന് തിരിച്ചടി നല്‍കുമെന്ന് മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് നമ്മള് മനസ്സിലാക്കിയിട്ടുള്ളതാണല്ലോ. കാടുകയറുന്ന മനുഷ്യന് അവിടെ സൈ്വര്യവിഹാരം നടത്തുന്ന മൃഗങ്ങള്‍ക്ക് ജീവിക്കാന്‍ ഇടം കൊടുക്കാതാകുമ്പോള്, അവ നിലനില്‍പ്പിനായി മനുഷ്യന് വസിക്കുന്നിടത്തേക്ക് ഇറങ്ങിവരുന്നത് സ്വാഭാവികം മാത്രമാണ്. ഇനിയും ഈ തിരിച്ചറിവുകള്‍ അനുഭവങ്ങളാകട്ടെ. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജൂബിലി വര്‍ഷത്തിലെങ്കിലും പ്രകൃതിയോട് രമ്യതപ്പെടാന്‍ മനുഷ്യന് സാധിക്കട്ടെ.

