ലൂയിസ് തണ്ണിക്കോട്ട്
ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള തിയോഫിനച്ചന്റെ ആദ്യത്തെ ജന്മദിനമാണ്, (113-ാം പിറന്നാള്‍) ജൂലൈ 20
അജപാലനത്തെ പറ്റിയും അജപാലകരെ പറ്റിയും ഓര്‍ക്കുമ്പോളൊക്കെ മനസ്സില്‍ ഉദിച്ചുയരുന്ന ഒരു ബൈബിള്‍ ഭാഗമുണ്ട്. ‘ദൈവത്തിന്റെ കാര്യസ്ഥന് എന്ന നിലയില്‍ മേലന്വേഷകന് കുറ്റമറ്റവനായിരിക്കണം. അയാള്‍ അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ ലാഭക്കൊതിയനോ ആയിരിക്കരുത്. മറിച്ച്, അയാള്‍ നല്ല ആതിഥേയനും നന്മയെ സ്നേഹിക്കുന്നവനും പക്വമതിയും നീതിമാനും ഭക്തനും ആത്മ നിയന്ത്രണമുള്ളവനും ആയിരിക്കണം. ഉത്തമസിദ്ധാന്തത്തില് പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവര്‍ക്ക് ബോധ്യം പകരാനും അയാള്‍ താന്‍ പഠിച്ച വിശ്വാസ്യമായ വചനത്തെ മുറുകെ പിടിക്കുന്നവനുമാകണം …….. (തീത്തു -1:7/11) ഉജ്ജ്വലമായ ഒരു ചിത്രമാണ് അപ്പസ്തോലന് സെന്റ് പോള്‍ ഇവിടെ വരച്ചുവയ്ക്കുന്നത്. അല്മായരുടെ മനസ്സില്‍ കുടിപാര്‍ക്കുന്ന ഒരു ആദര്‍ശ വൈദികന് ഇതിനേക്കാള്‍ ഏറിയ ഗുണങ്ങള്‍ ആവശ്യമില്ല. ഇതില്‍ കുറഞ്ഞ ഗുണങ്ങള്‍ പോരതാനും.
അല്മായര് തങ്ങളെ വഴി നടത്തുന്നവരായി, വഴി നടത്തേണ്ടവരായി വൈദികരെ കാണാന്‍ ഇഷ്ടപ്പെടുന്നു. വൈദീകര്‍ സമൂഹത്തിനു മുന്നില്‍ സഞ്ചരിക്കുന്ന ഒരു അഗ്നിസ്തംഭം ആയിരിക്കണം എന്നാണ് ജനങ്ങളുടെ ആഗ്രഹം. ആ പ്രകാശം കെട്ടുപോയാല്‍ ഞങ്ങള്‍ ആര്‍ക്കു പിന്നാലെ നടക്കും എന്ന ഉത്കണ്ഠയും ആകുലതയുമാണ് അല്മായര്ക്ക്. അത് തികച്ചും ആദര്ശനാത്മകമായ ഒരു സമീപനമല്ലേ എന്ന് ചോദിക്കാം. അതേ, സമ്മതിക്കുന്നു. പക്ഷേ ഇതാണ് ഏതൊരു അല്മായന്റെയും മനസ്സില്‍ തിളങ്ങി നില്ക്കുന്ന വൈദിക രൂപം.
ഈ വൈദിക രൂപത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിന് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എറണാകുളം പൊന്നുരുന്നിയിലെ തിയോഫിനച്ചന്. ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ജന്മദിനമാണ്, (113-ാം പിറന്നാള്‍) ജൂലൈ 20.
വരാപ്പുഴ അതിരൂപതയിലെ , പൊന്നുരുന്നി എന്ന കര്‍മ്മഭൂമിയില്‍ ആറര പതിറ്റാണ്ട് മുന്‍പേ എത്തിച്ചേര്‍ന്ന തിയോഫിനച്ചന് ജാതിഭേദമന്യേ എല്ലാവരുടെയും വല്യച്ഛന് ആയിരുന്നു. ഏതാണ്ട് പത്തുവര്‍ഷക്കാലം നാനാജാതി മനുഷ്യരുടെ സാമൂഹ്യ ആധ്യാത്മിക നവോത്ഥാരകനായി തിയോഫിനച്ചന് ജീവിച്ചു. അച്ചന്റെ വിശുദ്ധി വിളയുന്ന ജീവിതവും പ്രവര്‍ത്തനങ്ങളും മരണം വരിച്ച് അഞ്ചര പതിറ്റാണ്ടിനു ശേഷവും ഇന്നും നൂറുകണക്കിന് മനുഷ്യര്‍ക്ക് അഭയവും ആശ്വാസവും ആണ്.
തിയോഫിനച്ചനെ കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും നൂറ് നാവാണ്. പ്രത്യേകിച്ച് പൊന്നുരുന്നി നിവാസികള്‍ക്ക്. അക്കൂട്ടത്തില്‍ ഒരാളാണ് വാലുങ്കല്‍ അഗസ്റ്റിന്. തിയോഫിനച്ചനോടൊപ്പം അള്‍ത്താര ബാലനായിരുന്ന അഗസ്റ്റിന്,
അച്ചന്റെ വീട് സന്ദര്‍ശനങ്ങളില്‍ ചിലപ്പോഴൊക്കെ കൂടെ പോകാന്‍ ഭാഗ്യവും ഉണ്ടായിട്ടുണ്ട് – കൂടെ അച്ചന്റെ കത്തുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനും. അക്കാലത്ത് ചില കാടുകള്‍ വെട്ടാന്‍ ആളുകള്‍ക്ക് പേടിയായിരുന്നു. മിക്കവാറും അതില്‍ ഒരു പാലമരം ഉണ്ടാവും. അതിനൊക്കെ പരിഹാരമായി ആദ്യത്തെ വെട്ട് അച്ചന് വെട്ടും. തുടര്‍ന്ന് വീട്ടുകാരും. പിന്നീട് ഒരു പ്രശ്നവും അവിടങ്ങളില്‍ ഉള്ളതായി പറഞ്ഞു കേട്ടിട്ടു പോലുമില്ല. ചില വീടുകളില്‍ നിന്നും കൂടോത്ര തകിടെന്ന പേരില്‍ ചില തകിടുകള്‍ കണ്ടെടുത്തിട്ടുള്ളതും അഗസ്റ്റിന് ഓര്‍ക്കുന്നു.
പുതിയ ആശ്രമംപള്ളി പണിയാന്‍ നേതൃത്വം കൊടുത്തത് റോക്കി അച്ചനായിരുന്നെങ്കിലും പള്ളി പണിയുടെ സാമ്പത്തിക ദുരിത നേരങ്ങളില്‍ എറണാകുളത്തെ സെന്റ് ഫ്രാന്‍സിസ് പ്രസ്സ്, സെന്റ് ജെയിസ് മെഡിക്കല്‍സ് തുടങ്ങിയവരുമായുള്ള തിയോഫിനച്ചന്റെ പരിചയം ഏറെ ആശ്രയവും ഗുണകരവും ആയി. അങ്ങിനെ പലരുമായുള്ള അച്ചന്റെ സൗഹൃദങ്ങള്‍ സാമ്പത്തിക ഞെരുക്കങ്ങളില് പലപ്പോഴും തുണയായി.
ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരു സംഭവമുണ്ട്. പാലാരിവട്ടം ഇടവകാംഗമായിരുന്ന മുടവത്തില്‍ ജോര്‍ജിനോട് ഒരു പുതിയ വീടു പണിയണമെന്ന് തിയോഫിനച്ചനാണ് പറഞ്ഞത്. പണി തുടങ്ങി പക്ഷേ, ഉദ്ദേശിച്ച പോലെ പണികള്‍ മുന്നോട്ടു പോയില്ല. അച്ചനോട് എന്തു പറയും എന്ന സന്ദേഹത്താല്‍ മുടവത്തില്‍ ജോര്‍ജ് പലപ്പോഴും വഴി മാറി നടന്നു. ഈ സാഹചര്യത്തിലാണ് ഒരു ദൈവവിളി പോലെ തിയോഫിനച്ചന് മുടവത്തില്‍ ജോര്‍ജിന്റെ വീട്ടിലെത്തുന്നതും, പണിയുടെ മന്ദഗതി മനസ്സിലാക്കുന്നതും.
ഈ സമയം ആശ്രമം പള്ളിയുടെ നിര്‍മ്മാണം നടക്കുന്ന കാലം. തിയോഫിനച്ചന് ജോര്‍ജിനോട് പറഞ്ഞു, ആശ്രമത്തില്‍ ചെന്ന് പോരാത്തത് എന്താണെന്ന് വെച്ചാല്‍ അവിടെ നിന്നും എടുത്തുകൊണ്ടു പോരുക, ബാക്കിയുള്ളത് നമുക്ക് കണ്ടെത്താം.
പള്ളി മേയുന്നതിനായി കൊണ്ടുവന്ന വലിയ ഏഴ് ആസ്ബസ്റ്റോസ് ഷീറ്റാണ് ജോര്‍ജിന് വീട് പണിയുന്നതിനായി അന്ന് തിയോഫിനച്ഛന്‍ കൊടുത്തു വിട്ടത്. ‘പാവങ്ങള്‍ മഞ്ഞും വെയിലും ഏറ്റ് നിരാലംബരായി അലയുമ്പോള്‍, ദൈവത്തിനെന്തിനാണ് സ്വര്‍ണ്ണത്തിന്റെ സക്രാരി’ എന്ന് പറഞ്ഞ രണ്ടാം ക്രിസ്തുവായ വിശുദ്ധ ഫ്രാന്‍സിസിന്റെ ശിഷ്യന് ഇങ്ങനെ ചെയ്തത് സ്വാഭാവികം.
ഈ കഥയുടെ രണ്ടാം ഭാഗം ഇങ്ങനെ. ജോര്‍ജിന്റെ മകന് ഫിലിപ്പ് എന്ന് പേരിട്ടതും, ആ കുട്ടിയെ അപസ്മാര രോഗത്തില്‍ നിന്നും രക്ഷിച്ചതും തിയോഫിനച്ചന് തന്നെയാണ് എന്നതും ദൈവനിയോഗം.
ഓര്‍ക്കേണ്ടത്, ആ ഫിലിപ്പാണ് പിന്നീട് ചളിക്കവട്ടം ശാന്തിനഗര്‍ ഇടവകാതിര്‍ത്തിയില്‍ വൈറ്റില വഴി -ബൈപ്പാസില്‍ , ഗീതാഞ്ജലി ബസ് സ്റ്റോപ്പിനടുത്ത് മൂന്ന് സെന്റ് സ്ഥലവും, പരിശുദ്ധ കന്യക മറിയത്തിന്റെ കപ്പേളയും ശാന്തിനഗര്‍ ഇടവകയ്ക്ക് പണിതു നല്‍കിയത്. ഒരുപക്ഷേ കേരളത്തില്‍ ആദ്യമായി ആശ്രമത്തിനു പുറത്ത് ഒരു കപ്പേളയില്‍ തിയോഫിനച്ചന്റെ ഛായാചിത്രം പ്രതിഷ്ഠിച്ചതും പരിശുദ്ധ കന്യാകാമറിയത്തിന്റെ പേരിലുള്ള ഈ കപ്പേളയിലായിരിക്കും.
ആശ്രമത്തിന്റെ അഭ്യുദയകാംക്ഷിയും പാലാരിവട്ടം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇടവകയെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ച മുടവത്തില്‍ ജോണ്സണ്, മുടവത്തില്‍ ജെയിംസ്മാരുടെ സന്തതസഹചാരിയായിരുന്ന, ഈ ഫിലിപ്പ് മുടവത്തിലാണ് താന്‍ ഏറെ സ്നേഹിച്ചിരുന്ന ബുള്ളറ്റ്, പ്രളയ കാലത്തെ ദുരിതാശ്വാസ നിധിയിലേക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന് കൈമാറിയതും.
പറഞ്ഞുവന്നത് തിയോഫിനച്ഛനെ കുറിച്ചാണല്ലോ.
വിശന്നു വരുന്നവര്‍ക്ക് എന്നും ഭക്ഷണം കൊടുക്കുന്ന ശീലമായിരുന്നു അച്ചന്റേത്. അക്കാലത്ത് നാലാം ക്ലാസ് വരെ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ തൊട്ടടുത്തുള്ള സെന്റ് റീത്താസ് സ്കൂളില്‍ ഹൈസ്ക്കൂള് ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന കുറച്ചു കുട്ടികള്‍ക്ക് എല്ലാ ദിവസവും അച്ചന് ഭക്ഷണം നല്‍കുമായിരുന്നു. സാധുക്കളോടും അവശരോടും വളരെ അനുകമ്പയുണ്ടായിരുന്ന അച്ചന് ആരെയും ഒരിക്കലും നിരാശരാക്കി പറഞ്ഞു വിട്ടിരുന്നില്ല.
അഗസ്റ്റിന് വാലുങ്കലിന്റെ ഓര്‍മ്മകള്‍ ചിറ്റോളങ്ങള് പോലെ തുടരുന്നു. തിയോഫിനച്ഛന്‍ മരിക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പ് തന്റെ രണ്ട് സുഹൃത്തുക്കളെ കൊണ്ട് കിടപ്പുമുറിയെല്ലാം ക്രമീകരിച്ചു.
ഇപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അച്ചന് തന്റെ മരണത്തിന് മുന്നേ ഒരുങ്ങിയിരുന്നതായി അഗസ്റ്റിന് വിശ്വസിക്കുന്നു. അച്ചന് മരിച്ച രാത്രി സൈക്കിളിലാണ് അഗസ്റ്റിന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തുന്നത്. പിറ്റേന്ന് ഏപ്രില്‍ 5 ആയിരുന്നു. പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റര് ജോസഫ് ഇല്ലിപറമ്പില്‍ അച്ചന്റെ റിട്ടയര്‍മെന്റ് ദിവസമായിരുന്നു.
എന്നാല്‍ തിയോഫിനച്ചന്റെ മരണം മൂലം ആഘോഷ പരിപാടികള്‍ ഒന്നും തന്നെ ഉണ്ടായതുമില്ല. സത്യത്തില്‍ ഇല്ലിപ്പറമ്പില്‍ അച്ചനും തിയോഫിനച്ചനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമായിരുന്നു റിട്ടയര്‍മെന്റ് പരിപാടി മാറ്റിവെച്ചത്.
നീണ്ട വര്‍ഷങ്ങള്‍ തിയോഫിനച്ചന്റെ ചരമ ദിന ആഘോഷ കമ്മറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുള്ള
അഗസ്റ്റിന് വാലുങ്കലിന് ഓര്മ്മച്ചെടുക്കാന് നിരവധി …….
അച്ചന് സ്ഥാപിച്ച ക്രിസ്തീയ സേവാ സംഘമാണ് അച്ചന്റെ ചരമ ദിനത്തില്‍ നേര്‍ച്ച കഞ്ഞി വിതരണം ആരംഭിച്ചത്. തുടര്‍ന്ന് എ.പി. അവരാച്ചനും സുഹൃത്തുക്കളും നേതൃത്വം കൊടുത്തു. തുടര്‍ന്ന് വര്‍ഷങ്ങളോളം അഗസ്റ്റിന് വാലുങ്കലും. തുടര്‍ന്ന് ആശ്രമം നേരിട്ട് നടത്തുന്നു. ഇപ്പോള്‍ ചളിക്കവട്ടം ശാന്തിനഗര്‍ സെന്റ് സെബാസ്റ്റിന് ഇടവകാംഗമായ അഗസ്റ്റിന് വാലുങ്കലിന്റെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും തിളക്കം. അങ്ങനെ …. അങ്ങിനെ …….
വല്യച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിരവധി.
തിയോഫിന്‍ അച്ചനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോള്‍ മരട് ഇടവകാംഗമായ അന്നംകുട്ടിയുടെ കണ്ണുകളില്‍ നിഷ്കളങ്കതയുടെ തിളക്കം. ഓര്‍മ്മകള്‍ക്ക് മഴവില്‍ വര്‍ണ്ണങ്ങള്‍. അക്കാലത്ത് പെണ്‍കുട്ടികളായ ഞങ്ങളുടെ കൂട്ടത്തെ കിങ്ങിണികള് എന്നാണ് തിയോഫിനച്ചന് വിളിച്ചിരുന്നത്. സ്വന്തം അപ്പനെ പോലെയായിരുന്നു ഞങ്ങള്‍ക്കെല്ലാം തിയോഫിനച്ചന്.
പൊന്നുരുന്നി അമ്പലത്തിനടുത്തുള്ള ചായക്കടയില്‍ നിന്ന് ആഴ്ചയില്‍ ചില ദിവസങ്ങളില്‍ അച്ചന് ദോശ മേടിക്കണം. പള്ളി അള്‍ത്താര ഉള്‍പ്പെടെ പരിസരങ്ങള്‍ വൃത്തിയാക്കുകയും മറ്റും ഒക്കെ ഞങ്ങളുടെയും അമ്മമാരുടെയും ചുമതലയായിരുന്നു. തിയോഫിനച്ചനോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞങ്ങളുടെ ഒക്കെ പഠനകാര്യത്തില്‍ അച്ചന് ഏറെ ശ്രദ്ധിച്ചിരുന്നു. കുട്ടികളായ ഞങ്ങള്‍ വല്ല അബദ്ധവും കാണിച്ചാല്‍ മറ്റുള്ളവര്‍ നന്നായി പിണങ്ങുമ്പോഴും, അച്ചന് സാരമില്ല എന്ന് പറഞ്ഞ് തോളില്‍ കൈവെച്ച് ഞങ്ങളെ ആശ്വസിപ്പിക്കും.
പറഞ്ഞു വരുന്ന കൂട്ടത്തില്‍ മറ്റൊരു ആശ്വാസ സംഭവവും കൂടി.
പാലാരിവട്ടം സെന്റ് ജോണ്‍ ഇടവക കേന്ദ്ര സമിതി പ്രസിഡന്റ് / കൈക്കാരന് ….. തുടങ്ങിയ നിലകളില്‍ സേവനം ചെയ്യുകയും കപ്പൂച്ചിന്‍ വൈദികനുമായിരുന്ന ഫാ. സൈമണ്‍ താന്നിപ്പിള്ളിയുടെ സഹോദരനുമായ ടി.ഡി. ജോസഫിന്റേതാണ് ഈ അനുഭവം. അന്ന് വിശുദ്ധ കുര്‍ബാനയില്‍ ഗ്ലോബ് വിളക്ക് പിടിച്ചിരുന്ന കാലം. രണ്ടുവശത്തായി ആറ് അള്‍ത്താര ബാലന്മാര് വിളക്കുപിടിക്കും. വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും വാഴ്ത്തി കഴിഞ്ഞ്, കുറച്ചു സമയത്തിനു ശേഷം ജോസഫ് തലകറങ്ങി വീണു. കയ്യിലുള്ള ഗ്ലോബ് വിളക്ക് നല്ല ശബ്ദത്തോടെ പൊട്ടി. കുര്‍ബാനയ്ക്കുശേഷം സങ്കീര്‍ത്തിയില്‍ വെച്ച് അള്‍ത്താര ബാലന്മാരും മറ്റുചിലരും പറഞ്ഞു, പൊട്ടിയ വിളക്ക് ജോസഫ് തന്നെ മേടിച്ചു കൊടുക്കണം. അല്ലാതെ വീട്ടില്‍ പോകാന്‍ പറ്റില്ല. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ആരെങ്കിലും വരണം. ജോസഫ് കരയാന്‍ തുടങ്ങി. ആരും സഹായത്തിന് ഇല്ലാത്ത അവസ്ഥ. ഈ സമയം ജോസഫിന്റെ തോളില്‍ ഒരു സ്നേഹത്തിന്റെ കരസ്പര്‍ശം. തിരിഞ്ഞു നോക്കിയപ്പോള്‍ തിയോഫിനച്ചന് പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്നു. ജോസഫിനെ ചേര്‍ത്തുപിടിച്ചു കൊണ്ടു പറഞ്ഞു, സാരമില്ല കരയേണ്ട. നീ വീട്ടില്‍ പോയി കൊള്ളൂ. വിളക്കെല്ലാം നമുക്ക് പിന്നീട് വാങ്ങാം. സത്യത്തില്‍ പിന്നീടുള്ള തന്റെ ജീവിതം സമുദായത്തിനും സഭയ്ക്കും ആയി വിനിയോഗിക്കാന്‍ നിമിത്തമായത് തിയോഫിന്‍ അച്ചനായിരുന്നു. അന്ന് കരയേണ്ട, സാരമില്ല, എന്ന ആശ്വാസ വചനം ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ടി.ഡി . ജോസഫ് എന്ന ക്രിസ്തുവിശ്വാസി പള്ളിക്കെതിരെ തിരിഞ്ഞു നടക്കുന്നവനായി മാറിയേനെ….! സത്യത്തില്‍ തിയോഫിനച്ചന്റെ ആ ചേര്‍ത്തു പിടിക്കല്‍ ആണ് തന്നെ ഇക്കാലമത്രയും സഭയോടൊപ്പം നില്ക്കാന് നിമിത്തമായത് എന്ന് ടി ഡി ജോസഫ്.
ഇപ്പോഴും ആഴ്ചയില്‍ ഒരിക്കല്‍, ജോസഫ് ആശ്രമത്തില്‍ എത്തും.
പറഞ്ഞുവന്ന നേര് അനുഭവങ്ങള്‍, അന്നംകുട്ടി തുടരുന്നത് ഇങ്ങനെ……ആശ്രമത്തില്‍ വരുന്നവരില്‍ കൂടുതല്‍ ആളുകളും തിയോഫിനച്ചനെ കാണാന്‍ വരുന്നവരായിരുന്നു. സാധാരണ രോഗികളും മാനസിക രോഗികളും അവരില്‍ ഉണ്ടായിരുന്നു. ചില ബഹളക്കാരായ മാനസികരോഗികള്‍ അച്ചന്റെ അടുത്തു വരുമ്പോള്‍ കുഞ്ഞാടുകളെ പോലെ നില്ക്കും. രക്തവാതം ഒക്കെയായി വരുന്നവരുടെ കാലെല്ലാം അച്ചന് പരിശോധിക്കുകയും അത് നോക്കി, വേണ്ട മരുന്ന് കൊടുക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കപ്പൂച്ചിന്‍ ആശ്രമം ‘കപ്പൂച്ചിന്‍ ആശുപത്രി ‘ എന്നാണ് അറിയപ്പെട്ടിരുന്നത്. കൂടുതല്‍ മരുന്ന് വേണ്ടവര്‍ക്ക് വടുതലയിലുള്ള തിരുഹൃദയ വൈദ്യശാലയിലേക്ക് തിയോഫിനച്ചന് ബ്രദറിനെ പറഞ്ഞുവിടും. ബ്രദര്‍ മരുന്നു വാങ്ങി വരും. അച്ചന് തന്നെ ആ മരുന്ന് കൊടുക്കും.
വെള്ളിയാഴ്ചകളില്‍ വ്യാകുലമാതാവിന്റെ നോവേനയ്ക്ക് ശേഷം ദൂരെ നിന്ന് വരുന്നവരെ പ്രത്യേകമായി അച്ചന് തലക്കുപിടിക്കും.
കാശു രൂപം കൊടുക്കും.
ജോലിയില്ല എന്ന് അച്ചനോട് പറഞ്ഞാല്‍, നാളെ രാവിലെ നീ പണിക്കു പൊയ്ക്കോ എന്നുപറഞ്ഞാല്‍, തീര്‍ച്ചയായും അയാള്‍ക്ക് നാളെ പണി ഉണ്ടാവും. അന്നംകുട്ടിയുടെ സഹോദരന് മത്തായി തന്നെ ഇത്തരം സംഭവങ്ങള്‍ക്ക് നേര്‍സാക്ഷ്യമാണ്. അങ്ങനെ നിരവധി പേര്…..!
തിയോഫിനച്ചന്റെ പ്രസംഗങ്ങള്‍ മനസ്സില്‍ തുളച്ചു കയറുന്നതായിരുന്നു. അത് കേട്ടാല്‍ തീര്‍ച്ചയായും നമുക്ക് മാനസാന്തരം ഉണ്ടാകും. ചിലപ്പോള്‍ നമ്മള് കരഞ്ഞു പോകും. കാരണം, അച്ചന്റെ പ്രസംഗം കേള്‍ക്കുന്ന ഓരോരുത്തരും അത് തങ്ങളെ കുറിച്ചാണ് പറയുന്നത് എന്ന് തോന്നലാണ് ഉണ്ടായിരുന്നത്. അത്രയ്ക്ക് ദൈവീകത ആയിരുന്നു അച്ചന്റെ പ്രസംഗത്തിന്.
ഓര്‍മ്മിക്കേണ്ടത് പലതുണ്ടെങ്കിലും, ആശ്രമം പള്ളി പണി മറക്കാനാകില്ല. തമ്മനം മുതല്‍ വൈറ്റില വരെ ഓരോ വീട്ടിലും അച്ചന് ഓരോ കുടുക്ക വെച്ചിരുന്നു. ഓരോ ആഴ്ചയും റോക്കി അച്ചനും, തിയോഫിനച്ചനും ഇത് ശേഖരിക്കാന്‍ വേണ്ടി ഇറങ്ങി നടക്കും. ജാതിമതഭേദമന്യേ എല്ലാവരും സഹകരിച്ചിരുന്നു. സത്യത്തില്‍ തമ്മനം വൈറ്റില ദേശത്ത് അച്ചന്റെ കാലുകള്‍ പതിയാത്ത വഴികളോ സ്ഥലങ്ങളോ ഉണ്ടാകില്ല. അതുപോലെ അലഞ്ഞു നടന്നാണ് അച്ഛന് ഓരോ കാര്യങ്ങള്‍ ചെയ്തിരുന്നത്. പള്ളി പണിയില്‍ മാത്രമല്ല ഓരോ മനുഷ്യര്‍ക്കും തന്റെ സാമീപ്യവും സാന്ത്വനവും നല്കിയിരുന്നതും.
ഏറ്റവും ശാന്തമായിട്ട് എല്ലാവരുടെയും ഹൃദയം കവരുന്ന തരത്തിലുള്ളതായിരുന്നു അച്ചന്റെ പെരുമാറ്റം. എത്ര പ്രയാസപ്പെട്ട് വരുന്ന വ്യക്തിയുടെയും തോളില്‍ കയ്യിട്ട് അച്ചന് സംസാരിക്കും. ഇത് അച്ചന്റെ പ്രത്യേകതയായിരുന്നു. ഒരു മനുഷ്യന്റെ കഷ്ടപ്പാട് കണ്ട് നില്ക്കാന് തിയോഫിനച്ചന് സാധിക്കില്ല. ആവശ്യമറിഞ്ഞ് അച്ചന് അപ്പോള്‍ തന്നെ സഹായിക്കും. ഇതു പറയുമ്പോള്‍ അന്നം കുട്ടിയുടെ കണ്ണുകളിലും നനവ്. അന്നം കുട്ടിയുടെ കുര്‍ബാന സ്വീകരണത്തിന്റെ ഉടുപ്പ് അച്ചനാണ് കൊടുത്തത്. മാത്രവുമല്ല ഒത്തിരി സഹായങ്ങള്‍ ആ കുടുംബത്തിന് അച്ചന് ചെയ്തിട്ടുണ്ട്. അങ്ങനെ എത്രയോ….. എത്രയോ…. പേര്‍ക്ക് . ചോദിക്കാതെ കൊടുക്കുന്നവന് ആയിരുന്നു തിയോഫിനച്ഛന്‍.
ഭവന സന്ദര്‍ശനങ്ങളിലൂടെ നിരവധി കുടുംബ വഴക്കുകള്‍ പരിഹരിച്ച്, കുടുംബങ്ങളില്‍ സമാധാനം സ്ഥാപിച്ചു തിയോഫിനച്ചന്. വീടുകളുടെ വെഞ്ചിരിപ്പുകളിലൂടെ തിന്മയുടെ അന്ധകാര ശക്തികളെ അച്ഛന് പുറത്താക്കി. തീഷ്ണമായ പ്രാര്‍ഥനയിലൂടെ രോഗശാന്തികള്‍ നല്കി. അങ്ങനെ …… അച്ചന് മനുഷ്യസ്നേഹിയായ കര്‍മ്മയോഗിയായി …… ക്രിസ്തുവിന്റെ ഒരു യഥാര്‍ത്ഥ പുരോഹിതനായി.
പൊന്നുരുന്നിയില്‍ ജനിച്ചു വളര്‍ന്ന അന്നംകുട്ടി അന്ന് ചമ്പക്കര പള്ളി (സിറിയന്‍ റീത്ത്) ഇടവകാംഗമായിരുന്നു. എന്നാല്‍ ആശ്രമ പള്ളിയായിരുന്നു മാതാപിതാക്കളായ അന്തോണി – മറിയം കുടുംബത്തിന്റെ മനസ്സിലെ ഇടവക. അന്നംകുട്ടി (ആനി) യുടെ ഭര്‍ത്താവ് (പരേതനായ ) കുറുപ്പുംഭാഗത്ത് ആന്റണിയാണ്.
ഇപ്പോള്‍, വരാപ്പുഴ അതിരൂപതയിലെ മരട് മേരി മാഗ്ലിന്‍ പള്ളി –ദൈവദാസനായ വാകയിലച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രം– ഇടവക അംഗമായ
അന്നംകുട്ടി എന്ന ആനി ഇങ്ങനെയാണ് പറഞ്ഞവസാനിപ്പിച്ചത്.
എന്നും രാവിലെ പള്ളിയിലെ കുര്‍ബാന കഴിയുമ്പോള്‍ പാര്‍ലറിന് മുന്നില്‍ നീണ്ട താടിയും തടവി തിയോഫിനച്ചന് നില്‍ക്കുന്നത് തന്റെറ കുട്ടിക്കാലത്തെ നിത്യ കാഴ്ചയായിരുന്നു. ഇന്നും ആശ്രമത്തില്‍ ചെല്ലുമ്പോള്‍, ആ പാര്‍ലറിനു മുന്നില്‍ തന്റെ നീണ്ട താടിയും തടവി ചെറുപുഞ്ചിരിയോടെ പാര്‍ലറില്‍ നില്ക്കുന്ന തിയോഫിനച്ചന്റെ ആ ചിത്രമാണ് അന്നംകുട്ടിയുടെ മനസ്സില്‍. തിയോഫിനച്ചന് ഇപ്പോഴും അവിടെ നില്‍ക്കുന്നുണ്ട്. അങ്ങനെ വിശ്വസിക്കാനാണ് അന്നംകുട്ടിക്ക് ഇഷ്ടം. അച്ചന്റെ സ്നേഹത്തോടെയുള്ള കിങ്ങിണി എന്ന പേരുവിളി കേള്‍ക്കാനും അന്നംകുട്ടി കാതോര്‍ക്കുന്നു.
അതേ…. തിയോഫിനച്ചന്റെ വിളിക്ക് കാതോര്‍ക്കുന്ന, നൂറുകണക്കിന് മനുഷ്യരുടെ വേദനകള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് അവരെ ആശ്വസിപ്പിച്ചു കൊണ്ട് അവര്‍ക്ക് സമീപസ്ഥനായി തിയോഫിനച്ചന് അവിടെ നില്ക്കുന്നു. …….ഒരു ചെറു കാറ്റിനു പോലും അണയ്ക്കാനാവാത്ത വിധം, ആ ദീപനാളം ഇപ്പോഴും ജ്വലിക്കുന്നുണ്ട്. പൊന്നുരുന്നിയിലെ തിയോഫിനച്ചന് എന്ന പ്രകാശനാളം.

