പ്രഫ: എസ്. റെയ്മണ്‍(കെആര്‍എല്‍സിസി രജതജൂബിലിയുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അവതരിപ്പിച്ച പ്രബന്ധം)
ലത്തീന്‍ സഭയ്ക്കൊരു പ്രാദേശിക സമിതികേരളത്തിലെ കത്തോലിക്കാ സമൂഹം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന ഒരുകാലഘട്ടമാണിത്. നമ്മെ സംബന്ധിച്ചിടത്തോളം 1987-ല്‍ പരിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ പ്രഖ്യാപനം ഇന്ത്യയിലെ കത്തോലിക്കാസഭയില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ പ്രഖ്യാപനത്തിലൂടെ ഇന്ത്യയിലെ മൂന്നു കത്തോലിക്ക റീത്തുകള്‍ക്ക് വ്യക്തിസഭകളായി വളരുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. തനതായ വളര്‍ച്ചയില്‍ ശ്രദ്ധയൂന്നാതെ നാളിതുവരെ കെസിബിസി എന്ന പൊതു മെത്രാന് സമിതിയെ ആശ്രയിച്ച് കഴിയുകയായിരുന്ന ലത്തീന്‍ സഭയ്ക്ക് വ്യക്തിസഭയായി വളരുവാനുള്ള അവസരം ഇതോടെ ലഭ്യമായി.കേരളത്തിലെ ലത്തീന്‍ സഭയിലും സഭാസമൂഹത്തിലും കൂട്ടായ്മ വളര്‍ത്തിയെടുക്കേണ്ട ആവശ്യകത മെത്രാന്മാര് തിരിച്ചറിയുകയും, ലത്തീന്‍ സഭാംഗങ്ങളുടെ സാമുദായിക അഭിവൃദ്ധി പരിപോഷിപ്പിക്കുന്നതിന് സഹായകരമായ ഒരു സംവിധാനമായി ഒരുപ്രാദേശിക സമിതി രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു.പുതിയ പ്രാദേശിക സമിതിയുടെ രൂപീകരണത്തിന്റെ മുന്നൊരുക്കമായി എല്ലാ രൂപതകളിലും കരട് നിയമാവലി ചര്‍ച്ച ചെയ്ത്,അവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പരിഷ്കരിച്ച നിയമാവലി 2001 ഒക്ടോബറില്‍ കെആര്‍എല്‍സിബിസി പ്രസിദ്ധീകരിച്ചു. രൂപതകളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 2002 ജനുവരി 1-ന് പുതിയ പ്രാദേശിക സമിതിയുടെ നിയമാവലികേരള ലത്തീന്‍ സഭയില്‍ പ്രാബല്യത്തില്‍ വന്നു. സഭയില്‍ സമൂലമായ മാറ്റങ്ങള്‍ വരുമ്പോള്‍ നമ്മെ സംബന്ധിച്ചിടത്തോളം ഇടവക/ബി.സി.സി. തലങ്ങളില്‍ ചര്‍ച്ചകളും, അഭിപ്രായ കൈമാറ്റവും, അഭികാമ്യമായിരുന്നുവെങ്കിലും അത്തരം ഒരു പ്രക്രിയ നടക്കാത്തതിനാല്‍ സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പുതിയ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നുവോ എന്ന് സംശയമാണ്.ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെസ്നേഹകൂട്ടായ്മ
ഈ രണ്ടു ആശയങ്ങളെ പ്രാവര്‍ത്തികമാക്കുന്നതില്‍ നമ്മുടെ സംവിധാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സമുദായ ശാക്തീകരണത്തിന് ഏറ്റവും പ്രധാനമായ കാര്യം സാമൂഹിക ഏകീകരണം ആണ്. സാമൂഹിക/സമുദായ ഉദ്ഗ്രഥനത്തിന് കെആര്‍എല്‍സിസിയ്ക്ക് എത്രത്തോളം കാര്യപ്രാപ്തി നേടുവാന്‍ സാധിക്കുന്നുവെന്നത് പരിശോധനവിധേയമാക്കേണ്ടതാണ്. സാമൂഹ്യ ഉദ്ഗ്രഥനത്തിന് തടസ്സമായി നില്ക്കുന്ന കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് സമുദായ ശക്തി കൈവരിക്കേണ്ട അവസരമാണ് ഇപ്പോള്‍ ഉള്ളത്.സമുദായത്തിന് അര്‍ഹമായ രാഷ്ട്രീയ നീതി ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് വിലപേശുവാന് സഭാസംവിധാനങ്ങള്ക്ക്കഴിയണം. രാഷ്ട്രീയത്തില്‍ സമദൂരത്തില്‍ മാത്രമേ സഞ്ചരിക്കുവെന്ന സമുദായത്തിന്റെ നിലപാട് ആവശ്യഘട്ടങ്ങളില്‍,സമുദായത്തിന് ഗുണകരമായ അവസരങ്ങളിലും ആവശ്യങ്ങളിലും, വേണ്ടിവന്നാല്‍ ‘ശരിദൂരത്തില്’ ചിന്തിക്കുവാനുംതീരുമാനിക്കുവാനുമുള്ള രാഷ്ട്രീയ വിദ്യാഭ്യാസം വിശ്വാസികള്‍ക്ക് അവസരോചിതമായി നല്‍കുന്നതിനുള്ള നിലപാടുകളുംസഭാസംവിധാനങ്ങളില് നിന്നും ഉണ്ടാകണം. എന്തായാലും കെആര്‍എല്‍സിസി സംവിധാനങ്ങളുടെ വരവോടുകൂടി സഭയുടെ ഭാഗത്ത് നേരത്തെ പ്രകടമായിരുന്ന രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നത് മോശമാണെന്ന തോന്നല്‍, മാറുന്നതിന് വളരെയധികം സഹായിച്ചു എന്നത് ഗുണകരമായ ഒരു കാര്യമാണ്.ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ കെആര്‍എല്‍സിസി ഇടപെടുന്നുണ്ടെങ്കിലും അതൊരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനോ, ഇതര ദളിത് ക്രൈസ്തവ വിഭാഗങ്ങളെ കൂടെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വലിയ മുന്നേറ്റമായി മാറ്റാനോ കെആര്‍എല്‍സിസിയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന ചെയ്യണം.കാല്‍നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നുവെങ്കിലും കെആര്‍എല്‍സിസി സംവിധാനത്തിന്റെ പ്രാധാന്യം എന്താണെന്ന് പൂര്‍ണ്ണമായും ഇപ്പോഴും താഴെത്തട്ടില്‍ എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. കെഎല്‍സിഎയുടെ പ്രവര്‍ത്തനം താഴെത്തട്ടില്‍ സജീവമാകുന്നതുകൊണ്ട കെആര്‍എല്‍സിസിയും കെഎല്‍സിഎയും ഒന്നാണെന്ന് കരുതുന്ന ധാരാളം ആളുകളുണ്ട്. ഒരുചെറിയ ശതമാനം വൈദികരും സന്ന്യസ്തരും (പ്രത്യേകിച്ച് ലത്തീന്‍ ഇതര റീത്തുകളില്‍ നിന്നും നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍) കെആര്‍എല്‍സിസിയെ കുറിച്ച് അജ്ഞരാണെന്നത് ഒരു സത്യമാണ്. അത് പരിഹരിക്കാന്‍ അവര്‍ക്ക് പരിശീലനത്തിന്റെ ഭാഗമായി കെആര്‍എല്‍സിസി സംവിധാനങ്ങളെ കുറിച്ച് അവബോധം നല്‍കുന്നത് ഉചിതമായിരിക്കും.സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളില്‍ (ലക്ഷ്യം 10) ഒന്നായി ‘സാമൂഹ്യ പുരോഗതിക്കായി ഇതര സമുദായങ്ങളുമായി സഹകരിച്ച്പ്രവര്ത്തിക്കണം’ എന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും സമാനമനസ്കരായ മറ്റു പിന്നാക്ക സമുദായങ്ങളുമായി ഒരു മിനിമംപൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ചുപ്രവര്ത്തിക്കുന്നതിനുള്ള നേതൃത്വം കൊടുക്കുവാന്‍ നമുക്ക്സാധിക്കണം.വേണം പൊതുവീക്ഷണംപൊതുവായ വീക്ഷണത്തിന്റെ അഭാവം മാറ്റിയെടുക്കുകയെന്നത് കെആര്‍എല്‍സിസി യുടെ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാലും സംസര്‍ഗ്ഗവും, കൂട്ടായ്മയും പൊതു വീക്ഷണവും ഇപ്പോഴും പലകാര്യങ്ങളിലും ദൃഢമായി കാണുന്നുണ്ടോയെന്നത് സംശയകരമാണ്. എന്‍എസ്എസ്/ എസ്എന്‍ഡിപി സംവിധാനങ്ങളെ പോലെ കെആര്എല്സിസിക്കും ഒരു പൊതു ബജറ്റിനെക്കുറിച്ച് ഈ ഇരുപത്തിയഞ്ചാം വര്‍ഷത്തിലെങ്കിലും ആലോചിക്കുവാന്‍ സാധിക്കുമോ? അങ്ങനെഒരു സംവിധാനം ഉണ്ടായാല്‍ നമ്മുടെ റിസോഴ്സുകള്‍ പൂള് ചെയ്യുന്നതിന് സാധിക്കുകയില്ലേ? സാമ്പത്തിക ശേഷി കുറഞ്ഞരൂപതകളെ സഹായിക്കാന്‍ സാധിക്കുകയില്ലേ? കേരളത്തിലെ ലത്തീന്‍ സഭയിലെ രൂപതകളിലെ വരവ് ചെലവ് കണക്കുകള്ഒരുമിച്ച് നോക്കിയാല്‍, ഏതാണ്ട് 800 മുതല്‍ 1000 കോടി വരെ മൂല്യമുള്ള ഒരു പൊതു ബജറ്റ് നമുക്ക് അവതരിപ്പിച്ച്നടപ്പിലാക്കാന് സാധിക്കുമെന്നാണ് തോന്നുന്നത്. ഇതിലൂടെ ലത്തീന്‍ സഭയ്ക്ക് പൊതുവായ പുതിയ സംരംഭങ്ങള്‍ – ഒരു ഓട്ടോണമസ് യൂണിവേഴ്സിറ്റി, കോമണ്‍ ജോബ് പോര്‍ട്ടല്‍, നൂതന വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുന്നതിന് സാധിക്കും.ലത്തീന്‍ സമുദായത്തിന് ഒരു പൊതുസ്വത്വം എന്ന ആശയം എന്ന് നടപ്പിലാകും? തീര്‍ച്ചയായും കഴിഞ്ഞ 25 വര്‍ഷങ്ങളായി ഈപൊതു സ്വത്വനിര്‍മ്മിതിയില്‍ ചില ചുവടുവയ്പ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ വേഗത വളരെപതുക്കെയാണ്. ജാതിവല്ക്കരിക്കപ്പെട്ട കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളില്‍ ലത്തീന്‍ സമുദായത്തിലെ ജാതി ഉപജാതിവൈരുധ്യങ്ങളും അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളും ഈ പൊതുസ്വത്വ നിര്‍മ്മിതിക്ക് പലപ്പോഴും വിഘാതമായി മാറുന്നുണ്ട്.ഈ ഇരുപത്തിയഞ്ചാം വര്‍ഷത്തിലും ആരാണ് ലത്തീന്‍ കത്തോലിക്കര്‍ എന്ന് ലത്തീന്‍ കത്തോലിക്കരായ നമുക്ക്വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥ ചില തുരുത്തുകളിലെങ്കിലും ദൃശ്യമായിരിക്കുന്നു എന്ന്ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ അപക്വമായ അവലോകനം തുടര്‍ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.

