ജെക്കോബി
മുനമ്പം ഭൂമി പ്രശ്നം വി.ഡി സതീശന് നയിക്കുന്ന യുഡിഎഫ് ഗവണ്മെന്റിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ ഉണ്ടാകുമെന്നതില്‍ മറ്റാരെക്കാളും ബേജാറായത് സംസ്ഥാന വഖഫ് ബോര്‍ഡിനു പിന്നിലെ രാഷ് ട്രീയ നിയന്താക്കളാകണം. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനു രണ്ടുനാള്‍ മുന്നേ വഖഫ് ബോര്‍ഡ് മുനമ്പത്തെ തര്‍ക്കഭൂമി സംബന്ധിച്ച രേഖകള്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ഏകീകൃത വഖഫ് മാനേജ്മെന്റ്, ശക്തീകരണം, കാര്യക്ഷമത, വികസന നിയമത്തിന്റെ പേരിലുള്ള ‘ഉമീദ്’ സെന്‍ട്രല്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തത്, ‘പോകുന്ന പോക്കില്‍ തങ്ങള്‍ക്ക് 8ന്റെ പണി തരാനുള്ള’ പിണറായി കാവല്‍മന്ത്രിസഭയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന മുഖ്യമന്ത്രി സതീശന്റെ വിമര്‍ശനം പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുന്നു എന്ന സൂചനയും അതിലുണ്ട്.മോദി സര്‍ക്കാര്‍ 2025-ല്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമപ്രകാരം രാജ്യത്തെ വഖഫ് ആസ്തികളുടെയെല്ലാം രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ജിയോടാഗ്, മെറ്റാഡേറ്റ വിവരങ്ങള്‍ സഹിതം കേന്ദ്ര പോര്‍ട്ടലില്‍ ചേര്‍ത്തിരിക്കണമെന്ന നിബന്ധന പാലിക്കണമെന്നതിനാല്‍ ‘സ്വാഭാവിക നടപടിക്രമത്തിന്റെ’ ഭാഗമായാണ് 2019-ല്‍ വഖഫ് ബോര്‍ഡിന്റെ ആസ്തിപട്ടികയില്‍ ചേര്‍ത്തിട്ടുള്ള മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമിയുടെ വിവരങ്ങള്‍ അതിലേക്ക് അപ് ലോഡ് ചെയ്തതെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് കെ.എസ് ഹംസ വിശദീകരിക്കുന്നു. ഉമീദ് പോര്‍ട്ടലില്‍ 2026 മേയ് 17ന് അകം വഖഫ് രേഖകള്‍ പോസ്റ്റ് ചെയ്യണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഒരുമാസത്തേക്ക് സമയം നീട്ടിക്കിട്ടിയത് പിന്നീടാണ്.വഖഫ് വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട മുത്തവല്ലിയാണ് കേന്ദ്ര പോര്‍ട്ടലിലേക്ക് രേഖകള്‍ അപ് ലോഡ് ചെയ്യേണ്ടത്. 1950 മുതലുള്ള റവന്യൂരേഖകളും കോടതിവ്യവഹാരതീര്പ്പുകളും നോക്കിയാല്‍ മുനമ്പം കടപ്പുറത്തെ ഭൂമിയുമായി നേരിട്ടു ബന്ധമുള്ള ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയെയും മുത്തവല്ലിയെയും മറികടന്നാണ് വഖഫ് ബോര്‍ഡ് സ്വയം മുത്തവല്ലി ചമഞ്ഞ് മുനമ്പം ഭൂമിയുടെ ഡിജിറ്റല്‍ രജിസ്ട്രേഷന് രേഖകള്‍ ഉമീദ് പോര്‍ട്ടലില്‍ ചേര്‍ത്തിരിക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ക്രയവിക്രയം ചെയ്യാനുള്ള അവകാശത്തോടെ തങ്ങള്‍ക്ക് ‘ഇഷ്ടദാനമായി’ ലഭിച്ച മുനമ്പത്തെ ഭൂമിയാണ് കോടതിയുടെ അനുവാദത്തോടെ 1988 – 1993 കാലയളവില്‍ തലമുറകളായി അവിടെ താമസിച്ചുവന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും മറ്റുമായി വിപണി വിലയ്ക്ക് വിറ്റതെന്ന് ഫാറൂഖ് കോളജ് അവകാശപ്പെടുന്നു. മുനമ്പത്തെ ഭൂമി വഖഫ് അല്ലാത്തതിനാല്‍ വഖഫ് ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നാണ് കോളജ് മാനേജിങ് കമ്മിറ്റിയുടെ നിലപാട്. അതേസമയം, തങ്ങള്‍ മാനേജ് ചെയ്യുന്ന മറ്റ് വഖഫ് വസ്തുവകകളുടെ വിവരങ്ങള്‍ കോളജിന്റെ മുത്തവല്ലി കേന്ദ്ര പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന് തീര്പ്പുകല്പിക്കേണ്ട കോഴിക്കോട് വഖഫ് ട്രൈബ്യൂണലിലും സുപ്രീം കോടതിയിലും കേസ് പരിഗണനയിലിരിക്കെ, കേന്ദ്ര പോര്‍ട്ടലില്‍ അത് വഖഫ് ആസ്തിയായി സ്ഥിരീകരിക്കുന്നത്, ഭൂമിയുടെ ഉടമസ്ഥാവകാശവും സ്വഭാവവും നിര്‍ണയിക്കുന്നതില്‍ നിയമപരമായി പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ആശങ്ക സ്വാഭാവികമാണ്. സാങ്കേതികമായി അത് കൂടുതല്‍ കാലതാമസത്തിന് ഇടയാക്കിയെന്നിരിക്കും. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് നിലവില്‍ കേസുകള്‍ നിലനില്ക്കുന്നുണ്ടെങ്കില് അക്കാര്യം പോര്‍ട്ടലില്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. സുപ്രീം കോടതിയുടെ ഏറ്റവും ഒടുവിലത്തെ ഉത്തരവ് മുനമ്പം ഭൂമിയെ സംബന്ധിച്ച സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നിലപാടിനെ ശരിവച്ചിട്ടുണ്ടെന്ന ഹംസയുടെ അവകാശവാദം തികഞ്ഞ അസംബന്ധമാണ്. 1950-ല്‍ ഫാറൂഖ് കോളജിന് ഇഷ്ടദാനമായി ലഭിച്ച ഭൂമി 69 വര്‍ഷത്തിനു ശേഷം വഖഫിന്റെ പേരില്‍ വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് 2025 ഒക് ടോബറില്‍ കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചത് സുപ്രീം കോടതി സ്റ്റേ ചെയ്തത്, ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് നിയമനം സംബന്ധിച്ച കേസിന്റെ അധികാരപരിധി കടന്ന് മുനമ്പം ഭൂമി വഖഫല്ല എന്നു വിധിച്ചതിനാലാണ്. തല്‍സ്ഥിതി തുടരാനാണ് 2025 ഡിസംബറിലെ സ്റ്റേ ഉത്തരവില്‍ നിര്‍ദേശിച്ചത്. ഇത് ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം ബാധകമാണ്. പോര്‍ട്ടലില്‍ വഖഫ് ഭൂമി പ്രഖ്യാപനം നടത്തുന്നത് കോടതിയലക്ഷ്യമാകും.ഓരോ വഖഫ് വസ്തുവിന്റെയും വാഖിഫിന്റെ വിവരങ്ങള്‍, ആധാരം, പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രശീത്, ഏരിയ, നാലതിരുകള്‍, വരവുചെലവ് കണക്കുകള്‍ തുടങ്ങിയ വിവരങ്ങള്‍ കേന്ദ്ര പോര്‍ട്ടലില്‍ ചേര്‍ക്കണമെന്ന് പറയുന്നുണ്ട്. മുനമ്പത്തെ ഭൂവുടമകളുടെ കൈവശമുള്ള രേഖകള്‍ കാണിക്കാതെ എന്തെല്ലാം കള്ളരേഖകളാകും വഖഫ് ബോര്‍ഡ് അപ് ലോഡ് ചെയ്തിട്ടുണ്ടാകുക? തിരുവിതാംകൂര്‍ രാജാവ് മട്ടാഞ്ചേരിയിലെ ഗുജറാത്തി കച്ചി മേമന് കാര്‍ഷിക സംരംഭകന് പാട്ടത്തിനു നല്കിയ ഭൂമി എങ്ങനെയോ കൈമറിഞ്ഞു കിട്ടിയ മുഹമ്മദ് സിദ്ദിഖ് സേഠ് ഫാറൂഖ് കോളജിന് സംഭാവന ചെയ്ത 404 ഏക്കറിന്റെ കണക്കാണ് വഖഫ് ബോര്‍ഡ് ഇപ്പോഴും പറയുന്നതെങ്കിലും മുനമ്പത്ത് അവശേഷിക്കുന്നത് 112 ഏക്കര്‍ കരഭൂമിയും 62 ഏക്കര്‍ ജലാശയവുമാണെന്നാണ് പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ കമ്മിഷന് 2025-ല്‍ കണ്ടെത്തിയത്. മുന്നൂറോളം ഏക്കര്‍ കടലെടുത്തുപോയി!കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായി എതിര്‍ത്ത വഖഫ് ഭേദഗതി നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുനഃസംഘടിപ്പിച്ച വഖഫ് ബോര്‍ഡില്‍ മുസ് ലിം ലീഗിന് പ്രാതിനിധ്യം നല്‍കാതെ, അതിനെ സമ്പൂര്‍ണ സിപിഎം ഘടകമാക്കി മാറ്റുകയായിരുന്നു. പിണറായിയുടെ വിശ്വസ്തനായ എം.കെ സക്കീറിനെ ചെയര്‍മാനായി വീണ്ടും നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ സക്കീറിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയപ്പോഴാണ് പകരക്കാരനായി ഹംസയെ ചെയര്‍മാനാക്കിയത്. രണ്ട് അമുസ് ലിം അംഗങ്ങളെ ചേര്‍ക്കണമെന്ന വ്യവസ്ഥ പാലിക്കാതെയായിരുന്നു ബോര്‍ഡ് പുനഃസംഘടന! ഫാറൂഖ് കോളജില്‍ നിന്ന് തങ്ങളുടെ കിടപ്പാടങ്ങള്‍ക്ക് തീറുവാങ്ങി പോക്കുവരവ് ചെയ്ത് കരമടച്ച് കൈവശംവച്ച് തലമുറകളായി അനുഭവിച്ചുവന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ലത്തീന്‍ കത്തോലിക്കരും പിന്നാക്ക വിഭാഗക്കാരായ ഹിന്ദുക്കളും അടങ്ങുന്ന 610 കുടുംബങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തങ്ങളുടെ സ്വന്തം ഭൂമിയില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, വഖഫിന്റെ പേരിലുള്ള അധിനിവേശത്തിന്റെ ഇരകളായി മാറുന്നത്. സ്വന്തമായുള്ള സ്ഥലം അവകാശികള്‍ക്ക് ഭാഗംവയ്ക്കാനോ, വില്‍ക്കാനോ, മക്കളുടെ വിദ്യാഭ്യാസത്തിനായോ വിവാഹത്തിനായോ ജീവനോപാധിക്കായോ പണയം വച്ച് വായ്പ വാങ്ങാനോ, കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്താനോ കഴിയാതെ ജീവിതം വഴിമുട്ടിയവര്‍ 414 ദിവസം കടപ്പുറത്തെ വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തില്‍ ഉപവാസ സമരം നടത്തിയപ്പോള്‍, നീതിയുടെയും മാനവസാഹോദര്യത്തിന്റെയും മുറവിളിയുമായി സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തി. രമ്യമായും സംയമനത്തോടെയും പരിഹരിക്കേണ്ട ഒരു മനുഷ്യാവകാശ പ്രശ്നത്തെ, സംസ്ഥാനത്തെ രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്താനുള്ള രാഷ് ട്രീയ ആയുധമാക്കി മാറ്റാനും ദേശീയതലത്തില്‍ വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായ വ്യാജ നരേറ്റീവ് സൃഷ്ടിക്കാനുമുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് കരുത്തുപകരുന്ന സമീപനമാണ് അണിയറയില്‍ രൂപപ്പെട്ടുവന്നത്.പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും സാമുദായിക സൗഹാര്‍ദം സംരക്ഷിക്കാനും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുഖ്യധാര മുസ് ലിം സംഘടനകളും മനുഷ്യപക്ഷത്ത് അടിയുറച്ചുനില്ക്കുന്നത് കേരളം കണ്ടു. ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൗസിലെത്തി കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭാമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി. മുനമ്പത്ത് ഭൂമി വാങ്ങിയവരുടെ നിയമപരമായ റവന്യൂ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും, ആരെയും കുടിയൊഴിപ്പിക്കരുതെന്നും, പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലും ലീഗ് എംപിമാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.മുനമ്പത്തെ നിസ്സഹായരായ മനുഷ്യരുടെ ആധിയും വ്യാകുലതയും മുതലെടുത്ത് അവരുടെ രക്ഷകരായി ഒരുപറ്റം വര്‍ഗീയ തീവ്രവാദികള്‍ രംഗത്തിറങ്ങിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് മെല്ലേപ്പോക്കു നയം തുടരുകയായിരുന്നു. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി കോടതിക്കു വെളിയില്‍ സമവായത്തിനു വഴിതേടണമെന്നാണ് അവര്‍ നിര്‍ദേശിച്ചത്. സംസ്ഥാനത്തെ അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ നിയോഗിച്ച റിട്ടയേഡ് ജില്ലാ ജഡ്ജി എം.എ നിസാര്‍ കമ്മിഷന്റെ മുനമ്പം റിപ്പോര്‍ട്ട് 2010 മേയില്‍ അംഗീകരിച്ചുകൊണ്ട് ഇറക്കിയ സര്‍ക്കാര്‍ വിജ്ഞാപനവും 2019-ലെ വഖഫ് ബോര്‍ഡ് മുനമ്പം ഭൂമി വഖഫ് ആസ്തിയായി പ്രഖ്യാപിച്ചുകൊണ്ട് ഇറക്കിയ സുവോ മോട്ടോ ഉത്തരവും റദ്ദാക്കിയാല്‍ പ്രശ്നപരിഹാരത്തിന് വഴിതെളിയുമെന്ന് രാഷ് ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പത്തു മിനിറ്റുകൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കാമെന്ന് വി.ഡി സതീശനും, ഒറ്റദിവസം കൊണ്ട് പ്രശ്നം തീര്‍ക്കാമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന് നിയമനവുമായി ബന്ധപ്പെട്ട് വഖഫ് സംരക്ഷണ കൂട്ടായ്മയുടെ ഇടപെടലില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മറ്റുമുണ്ടായ അതിസങ്കീര്‍ണമായ നിയമനടപടികള്ക്കൊക്കെ മുന്‍പാണ്.മുനമ്പം നിവാസികള്‍ക്ക് അനുകൂലമായി വഖഫ് ട്രൈബ്യൂണലില്‍ നിന്ന് അതിവേഗം തീര്‍പ്പുണ്ടാകുമെന്ന് സൂചന ലഭിച്ചപ്പോള്‍ വഖഫ് ബോര്‍ഡ് 2025 മേയ് 29 വരെ തുടര്‍നടപടികള്‍ തടഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചു. കേസില്‍ തുടര്‍ച്ചയായി വാദം കേട്ട്, മേയ് 19ന് വഖഫ് ട്രൈബ്യൂണലില്‍ നിന്ന് സ്ഥാനചലനമുണ്ടാകുന്നതിനു മുന്‍പ് വിധി പറയാനൊരുങ്ങുകയായിരുന്നു ജഡ്ജി രാജന് തട്ടില്‍. ട്രൈബ്യൂണല്‍ അധ്യക്ഷയായി തുടര്‍ന്ന് ചുമതലയേറ്റ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ വിചാരണ പൂര്‍ത്തിയാക്കി അധികം വൈകാതെ നിര്‍ണായക വിധി പ്രസ്താവിക്കുമെന്ന ധാരണ ശക്തമായപ്പോള്‍, കഴിഞ്ഞ മാര്‍ച്ച് 23 വരെ വീണ്ടും ഒരു സ്റ്റേ ഉത്തരവ് ഇറങ്ങി. വഖഫ് ട്രൈബ്യൂണല്‍ ജൂണ്‍ 11-ാം തീയതി കൊച്ചിയില്‍ സിറ്റിങ് നടത്തുന്നുണ്ട്. ഏതാനും സിറ്റിങ്ങിനിടയില്‍, ഉമീദ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത മുനമ്പം വഖഫ് ഭൂമി രേഖകള്‍ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായാല്‍ മുനമ്പം ജനതയുടെ ദുരവസ്ഥയ്ക്ക് അറുതിയാകും.രാഷ് ട്രീയമായി ചെറുത്തുനില്പുണ്ടായാലും ലീഗിന് അര്‍ഹമായ പ്രാതിനിധ്യത്തോടെ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സാഹചര്യം ഉരുത്തിരിയുകതന്നെ ചെയ്യും. വനിതാ പ്രാതിനിധ്യത്തിലും പ്രഫഷണല്‍ മാനേജ്മെന്റ് മേഖലയില്‍ നിന്നും ബാര്‍ കൗണ്‍സിലില്‍ നിന്നുമുള്ള അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിലും ചില വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കും.കോടതിയില്‍ നിന്ന് പ്രതികൂലമായ വിധിയുണ്ടായാല്‍, മുനമ്പത്തെ യഥാര്‍ഥ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മൂര്‍ത്തമായ ശുപാര്‍ശകള്‍ 2025 മേയില്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ കമ്മിഷന് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് മുന്‍ നിയമമന്ത്രി പി. രാജീവ് നല്കുന്ന സൂചന. 75 പേജുള്ള റിപ്പോര്‍ട്ട് പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടില്ല. കമ്മിഷന് നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനും, കമ്മിഷന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്ക്കുമിടയില് കമ്മിഷന്റെ നില പരുങ്ങലിലാക്കുന്ന കടന്നാക്രമണമാണ് വലിയ റിസോര്‍ട്ട് മാഫിയകളും റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുമായി ബന്ധപ്പെട്ട ‘വഖഫ് സംരക്ഷണ കൂട്ടായ്മകളില്‍’ നിന്നുണ്ടായത്. മുനമ്പം ഭൂമി വഖഫാണെന്ന് ട്രൈബ്യൂണല്‍ വിധിച്ചാലും കൈവശക്കാര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കണമെന്നാണ് കമ്മിഷന് ശുപാര്‍ശ. ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുനമ്പത്തെ ഭൂമി സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് താമസക്കാര്‍ക്ക് തിരിച്ചുനല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.മുനമ്പത്ത് താമസിക്കുന്നവരെ സംരക്ഷിക്കുമെന്നും ഒരാളെയും കുടിയിറക്കുകയില്ലെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന് തിരുവനന്തപുരത്തും ഡല്‍ഹി കേരള ഹൗസിലും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്കുന്നു. വഖഫ് ഭൂമിയെ സംബന്ധിച്ചുള്ള തീവ്ര വികാരപ്രകടനങ്ങള്‍ പാര്ട്ടിക്കുള്ളില്തന്നെയുണ്ടായാലും ലീഗിന്റെ ശക്തമായ പിന്തുണ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിക്ക് തുണയാകും. മുനമ്പത്ത് ഇനി ആരും കുളംകലക്കാന്‍ നോക്കേണ്ട!

