മിയാമി: ഫുട്ബോൾ മൈതാനത്തിലെ മികവിനൊപ്പം എളിമയും വിശ്വാസബോധവും കൊണ്ട് ശ്രദ്ധേയനായ അർജന്റീനൻ നായകൻ ലയണൽ മെസ്സി വീണ്ടും വാർത്തകളിൽ. മത്സരശേഷം ആരാധകനിൽ നിന്ന് വത്തിക്കാനിൽ വെഞ്ചിരിച്ച ജപമാല സ്വീകരിച്ച മെസ്സിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
അർജന്റീനയുടെ മത്സരത്തിന് ശേഷം സ്റ്റേഡിയത്തിന് പുറത്തുവെച്ചാണ് ആരാധകൻ മെസ്സിക്ക് ജപമാല കൈമാറിയത്. മെസ്സിയുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിനും ദൈവിക സംരക്ഷണത്തിനുമായി പ്രാർത്ഥിച്ച ശേഷമാണ് ജപമാല സമർപ്പിച്ചതെന്ന് ആരാധകൻ വ്യക്തമാക്കി.
സമ്മാനം വിനയപൂർവം സ്വീകരിച്ച മെസ്സി ആരാധകനോട് നന്ദി അറിയിക്കുകയും അദ്ദേഹത്തെ സ്നേഹപൂർവം ആലിംഗനം ചെയ്യുകയും ചെയ്തു. താരത്തിന്റെ ലാളിത്യവും വിശ്വാസത്തെ മാനിക്കുന്ന സമീപനവും സമൂഹമാധ്യമങ്ങളിൽ നിരവധി പേരുടെ പ്രശംസ നേടുകയാണ്.
കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന മെസ്സി, തന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിൽ ദൈവവിശ്വാസത്തെക്കുറിച്ച് മുമ്പും പരാമർശിച്ചിട്ടുണ്ട്. പുതിയ വീഡിയോയും ആരാധകരും വിശ്വാസികളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.

