വത്തിക്കാൻ: പൊന്തിഫിക്കൽ സ്വിസ് ഗാർഡിന്റെ ബാരക്കുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലെയോ പതിനാലാമൻ പാപ്പ. തിങ്കളാഴ്ച വത്തിക്കാനിൽ ‘ഫൗണ്ടേഷൻ ഫോർ ദി റിനവേഷൻ ഓഫ് ദി ബാരക്സ് ഓഫ് ദി പൊന്തിഫിക്കൽ സ്വിസ് ഗാർഡ്’ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ നന്ദി അറിയിച്ചത്.
പദ്ധതിക്കായി സംഭാവനകളും പിന്തുണയും നൽകിയവരുടെ പേരുകൾ സ്വിസ് ഗാർഡ് അംഗങ്ങൾക്ക് ഒരുപക്ഷേ അറിയില്ലായിരിക്കാം. എന്നാൽ ദൈവത്തിന് അവരെ ഓരോരുത്തരെയും അറിയാമെന്നും അവരുടെ ഉദാരമായ സേവനങ്ങളെ ദൈവം വിലമതിക്കുന്നുവെന്നും പാപ്പ പറഞ്ഞു.സ്വിസ് അധികൃതരുടെ മേൽനോട്ടത്തിൽ 2016-ൽ രൂപീകരിച്ച ലാഭേച്ഛയില്ലാത്ത ഫൗണ്ടേഷനാണ് സ്വിസ് ഗാർഡിന്റെ നിലവിലുള്ള ബാരക്കുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കാലാനുസൃതമായ കെട്ടിടസൗകര്യങ്ങളും പ്രവർത്തനസാഹചര്യങ്ങളും ഒരുക്കുന്നതിനൊപ്പം ഗാർഡ് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ട താമസ-തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നവീകരണത്തിന്റെ ഭാഗമായി പുതിയ ബാരക്കുകളുടെ നിർമാണം 2027-ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വത്തിക്കാന്റെ സുരക്ഷാ ചുമതല നിർവഹിക്കുന്ന സ്വിസ് ഗാർഡ് അംഗങ്ങളുടെ സേവനത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഈ പദ്ധതി നിർണായകമാകും.

