കൊച്ചി: ഇന്ത്യൻ വനിതാ ഫുട്ബോൾ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ വരാപ്പുഴ അതിരൂപതാംഗം ബെന്തില ഡി’കോത്തയ്ക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) അംഗീകാരം. കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (SOM) വിഭാഗത്തിലേക്കാണ് ബെന്തില തിരഞ്ഞെടുക്കപ്പെട്ടത്.
ദക്ഷിണേഷ്യയിൽനിന്ന് അന്താരാഷ്ട്ര ഫുട്ബോൾ റഫറിയാകുന്ന ആദ്യ വനിതയെന്ന നേട്ടം ബെന്തില സ്വന്തമാക്കിയിട്ടുണ്ട്. 2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ റഫറിയായും സേവനമനുഷ്ഠിച്ചു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ എഫ് സി ) എലൈറ്റ് റഫറി കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ മുൻ ഫിഫ റഫറിയെന്ന നേട്ടവും അവരുടെ പേരിലുണ്ട്.ചൗട്ടുനാടക കലാരംഗത്ത് ശ്രദ്ധേയനായിരുന്ന പിതാവിന്റെ കലാപാരമ്പര്യത്തിൽ വളർന്ന ബെന്തില, കായികരംഗത്തെ മികവിലൂടെയും സമർപ്പണത്തിലൂടെയുമാണ് ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയയായത്.എ ഐ എഫ് എഫ്-ന്റെ പുതിയ അംഗീകാരം വരാപ്പുഴ അതിരൂപതയ്ക്കും കേരളത്തിന്റെ കായികരംഗത്തിനും അഭിമാനമായി. ബെന്തിലയ്ക്ക് വിവിധ മേഖലകളിൽനിന്ന് അഭിനന്ദനങ്ങൾ നേർന്നു.

