ബോബൻ വരാപ്പുഴ
പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതിയ പിഴലക്കാരുടെ ഔസോച്ചേട്ടൻ ശതാഭിഷേകത്തിൻ്റെ നിറവിൽ. പുഴവഴികൾ കൈവെള്ളയിലെ രേഖകൾപോലെ സുപരിചിതമായ ഈ വന്ദ്യപിതാവിൻ്റെ നൂറാം ജന്മദിനാഘോഷം വിപുലമായ പരിപാടികളോടെ പിഴലയെന്ന അദ്ദേഹത്തിൻ്റെ ജന്മനാട് നാളെ ആഘോഷിക്കും…. കാരണം വെള്ളത്താൽ ചുറ്റപ്പെട്ട ഒരു നാട്ടുപെരുമയുടെ കണക്ക് പുസ്തകവും വഴിവിളക്കുമാണ് ഔസാച്ചേട്ടൻ. ഒപ്പം, ആ കർമ്മ നിയോഗം ഇതിഹാസതുല്യമായൊരു അതിജീവനത്തിൻ്റെ ചരിത്രവുമാണ്.
എൻ.എസ് മാധവൻ തൻ്റെ കാല്പനിക ചരിത്ര നോവലായ ലന്തൻബത്തേരികിലെ ലുത്തീനിയകൾ എഴുതുന്നതിന് മുമ്പ് ഇവിടെ മറ്റൊരാൾ ചരിത്രത്തിലേക്ക് തന്റെ പങ്കായം നീട്ടി എറിഞ്ഞിരുന്നു. പുഴ വെള്ളത്തിൻ്റെ ആഗമന നിഗമനങ്ങളിളെ ഉയർച്ചതാഴ്ച്ചകളിൽ ജീവിത താളം കണ്ടെത്തിയ അയാൾ ജനിക്കുമ്പോൾ കാലവർഷ ശക്തിയിൽ ചെങ്കൽ നിറത്തെ തോൽപ്പിക്കുന്ന പുഴ വെള്ളം പക്ഷേ, ആ ദിവസം തെളിഞ്ഞതായിരുന്നു.

ഇന്നിപ്പോൾ പ്രായം നൂറിൽ- എത്തി നിൽക്കുന്നു. തൻപാതിയായ മാഗി ഇതിനിടെ മരിച്ചു. അന്നേരം ജീവിതത്തിൽ ആദ്യമായി തളർച്ച തോന്നി. പിന്നെ വഞ്ചിയിലേക്ക് മടങ്ങിയില്ല. മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ആ കർമ്മപഥം അതോടെ സ്വയം കയ്യൊഴിഞ്ഞു. വള്ളം കരക്ക് കയറ്റി വച്ചു. ഒരു ഗതകാലത്തിന്റെ സ്മാരക ശില പോലെ അതിപ്പോഴും കരയിൽ തന്നെ വിശ്രമം കൊള്ളുന്നു.
എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിലെ പിഴലയിൽ ഇടത്തിൽ
അന്തോണി മറിയം ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായി ഔസോച്ചേട്ടൻ ജനിച്ചത് 1926 ലായിരുന്നു. തൻ്റെ ഒമ്പതാമത്തെ വയസ്സിൽ ഒരു നിയോഗമെന്നപോലെ വഞ്ചി തുഴയാനെത്തി…..
പിഴലയായിരുന്നു ജനനം. വലിയ തറവാട് ‘സഹോദരങ്ങൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടപ്പോൾ ഞാൻ വീടിൻ്റെ കാര്യസ്ഥ ൻ്റെ റോളിലായി .കുടുംബസ്വത്തായ നെൽപ്പാടത്ത് ചിറ ഉറപ്പിക്കാൻ ചെളി കുത്തി പകുത്തുന്ന ജോലിക്ക് കൊണ്ടുവന്ന കൊച്ചുവഞ്ചിയോട് ഒരു ആകർഷണം തോന്നി. വഞ്ചി തുഴയുന്നതിൽ ഒരഭിനിവേശവും:
കുറേക്കഴിഞ്ഞപ്പോൾ – പിഴല മൂലംമ്പിള്ളി കടത്തുകടവിൽ ഒരു ചായക്കട തുറന്നു.”
ചായക്കടയാണെങ്കിലും ‘ അക്കര ഇക്കര കടക്കാൻ യാത്രക്കാരാരെങ്കിലും കടവുകളിൽ എത്തിയാൽ അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കും. ലക്ഷ്യവും ഇഷ്ടവും അതാകയാൽ സ്വഭാവികമായും ചായക്കട പൂട്ടി. പിന്നെ വഞ്ചി തന്നെയായി ലോകം.
1935 മുതൽ പുർണ്ണമായും കടത്തുകാരനായി……
ചരിത്ര ഗാഥകൾ ഓരോന്നായി ഉണരുകയാണ്.
വള്ളത്തോട് തോന്നിയ അനുരാഗം പിന്നീട് മാഗിയെന്ന പെൺകുട്ടിയുമായി പങ്കുവച്ചു.
പാവപ്പെട്ടവളായിരുന്നു. തൻ്റെ വീട്ടുകാർ ആ ബന്ധം അംഗീകരിച്ചില്ല.’ ഔസോചേട്ടൻ പിൻവാങ്ങിയില്ല. അതിൽ ഉറച്ചു നിന്നു. ജീവിതയാത്രയിൽ അവരൊന്നിച്ചു .വീട്ടിൽ ഭൂകമ്പം തന്നെ ഉണ്ടായി. വീട്ടുകാർ ഔസോച്ചേട്ടനെ പടിയടച്ച് പിണ്ഡം വച്ചു.
ഇതോടെ ജീവിതം സ്വന്തമായി കരുപിടിപ്പിക്കേണ്ടി വന്നു. ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടിയതിൻ്റെ പേരിലുള്ള ഈ പരീക്ഷണത്തെ ഔസോച്ചേട്ടൻ സന്തോഷപൂർവ്വം ഏറ്റെടുത്തു. തൻ്റേയും കുടുംബത്തിൻ്റേയും അന്നം ഇരിക്കുന്നത് ഈ പുഴയിലാണെന്ന തിരിച്ചറിവുണ്ടായി.
ഒരു പുഴ കുറുകെ കടക്കുന്നതിൽ നിന്നും മാറ്റമുണ്ടായി. കടത്തുവഞ്ചി പുഴയിലൂടെ നേരേ തുഴഞ്ഞു. ദീർഘ ദൂര സർവ്വീസ് .
പുഴ ചെന്നെത്തുന്ന എവിടേയും ദിക്കും ദൂരവും നോക്കാതെ
ഔസോ ചേട്ടൻ തന്റെ വഞ്ചി തുഴഞ്ഞെത്തി.
അതോടെ കടമക്കുടിയുടെ ആസ്ഥാന വഞ്ചിക്കാരനുമായി.
മാഗി ചേച്ചിയും വെറുതെ ഇരുന്നില്ല. പുഴയിലൂടെ ഒഴുകി വരുന്ന ഓല മടലുകൾ ഔസോ ചേട്ടൻ വീട്ടിലെത്തിച്ചു കൊടുക്കും. അതിനെ മെടഞ്ഞ് ഓലയും ചൂലുമെല്ലാം ആക്കി മാഗി ചേച്ചി മാറ്റും. വരുമാനത്തിന്റെ നേർ രേഖാരാശികൾ അങ്ങനെ ഒന്നൊന്നായി തെളിയപ്പെട്ടു.
എറണാകുളം- വരാപ്പുഴ ബോട്ട് സർവ്വീസിൻ്റെ പ്രതാപകാലം. 20 മിനിറ്റ് ഇടവിട്ട് ബോട്ടുകൾ സർവ്വീസ് നടത്തുന്ന അക്കാലത്ത് ഔസോ ചേട്ടൻ്റെ വഞ്ചിക്കായി ജനങ്ങൾ കടവുകളിൽ കാത്തിരുന്നു.
14-ൽ 14 ബോട്ടും സർവ്വീസ് നിറുത്തിയ കാലത്തും ആ തപസ്യ അദ്ദേഹം തുടർന്നു.
അക്കാലത്ത് 21 വഞ്ചിക്കാർ കടത്തുകാരായി ആ പുഴയിൽ ഉണ്ടായിരുന്നു. അവരിൽ ഔസോചേട്ടനൊഴികെ 20 പേരും ദശാബ്ദങ്ങൾക്കു മുമ്പേ തീരമൊഴിഞ്ഞു. ഔസോ ചേട്ടൻ മാത്രം കുറേക്കാലം കൂടി ഒറ്റയാനേ പോലെ നിന്നു
ആ -കടത്തുകാരനോടുള്ള അഗാധമായ വിശ്വാസം പിഴലക്കാർക്ക് അവരുടെ സ്വഭാവം പോലെ ശക്തമായിരുന്നു. യാത്രക്കാർക്കായി കാത്തിരിക്കുന്നതിൽ ഒരിക്കൽ പോലും അനിഷ്ടം തോന്നിയില്ല. ആ സ്വഭാവം നാട്ടുകാർക്ക് നന്നായി ബോധിച്ചു. ദ്വീപിൽ നിന്ന് പുറത്തു പോയവർക്കായും ദ്വീപ് വിടേണ്ടവർക്കായും എത്ര നേരം വേണമെങ്കിലും കാത്തുകിടക്കും. ചിറ്റൂരിലെ പഴയ സിംസൺ തീയറ്ററിൽ സെക്കൻ്റ് ഷോക്ക് പോകാൻ പിഴ ലക്കാർക്ക് വിശ്വാസമായിരുന്നു’ അവിടെ നിന്നും അവസാനത്തെ ആളെയും കയറ്റി മാത്രമേ ആ വള്ളം പുറപ്പെടു
അങ്ങനെയാണ് ടാക്സി ഔസോ എന്ന വട്ടപ്പേര് നാട്ടുകാർ ചാർത്തിക്കൊടുത്തത്.
“രാത്രിയെന്നോ പകലെന്നേ നോക്കാതെ ഞാൻ തുഴഞ്ഞു പോകാത്ത പുഴകൾ കുറവാണ്. പാതിരാത്രിയുടെ മൂകമായ നിശബ്ദതയിൽ, ആർത്തലച്ച തിരമാലകളെ ശാന്തമാക്കിയ യേശുവിലുള്ള വിശ്വാസവും പരിശുദ്ധ മാതാവിനോടുളള പ്രാർത്ഥനയും ഇടവക പള്ളിയിൽ ശൗര്യാര് പുണ്യാളനുണ്ടെന്ന വിചാരവും എന്നും എൻ്റെ ബലമായിരുന്നു … ഇന്നും അതിനൊരുമാറ്റവുമില്ല. “
അങ്ങനെയിരിക്കെ ഒരു നാൾ വഞ്ചി മുങ്ങി. ദ്വീപുനിവാസികൾക്ക് നീന്തൽ വശമാണ്. എല്ലാവരും നീന്തി കരക്കു കയറി. വള്ളക്കാരനെ മാത്രം കരയിൽ കാണുന്നില്ല.ചിലർ തിരക്കി വന്നപ്പോൾ അതാ വിചിത്ര കാഴ്ച്ച വെള്ളത്തിൽകമന്ന് കിടക്കുന്ന വഞ്ചിയുടെ പുറത്ത് അള്ളിപിടിച്ചിരുന്നു വിറക്കുന്നു സാക്ഷാൽ കടത്തുകാരൻ.. ടാക്സി ഔസോക്ക് നീന്തൽ അറിയില്ലന്ന നഗ്ന സത്യം അങ്ങനെ നാട്ടിൽ പാട്ടായി.
ഗർഭിണികൾ, രോഗികൾ മുതലായ അവശരേയും കൊണ്ട് ഔസോച്ചേട്ടൻ്റെ വഞ്ചി പാതിരാത്രികളിൽ പോലും എത്രയോ തവണ പാഞ്ഞിട്ടുണ്ട്. മിക്കവാറും
ജനറലാശുപത്രിയായിരിക്കും ലക്ഷ്യം. ചിലർ വഞ്ചിയിൽ വച്ച് തന്നെ മരിച്ചു.
ചിലർ വഞ്ചിയിൽ ജാതരാക്കപ്പെട്ടു.
ആശുപത്രി എത്തും മുമ്പേ വഞ്ചിയിൽ വച്ച് പ്രസവിച്ചതിനാൽ പുഴയിൽപാതി വഴിക്ക് വീട്ടിലേക്ക് മടങ്ങിയ സംഭവം പോലും ഉണ്ടായി. ഔസോ ചേട്ടൻ വഞ്ചി വലിച്ചെത്താത്ത പുഴകൾ കേരളത്തിൽ കുറവാണ്. രണ്ട് വ്യാഴവട്ടത്തിന് മുമ്പ് കേരളത്തിലെ ഒരു പ്രമുഖ മാധ്യമം, അക്കാലമത്രയും ആ വഞ്ചി പിന്നിട്ടു കഴിഞ്ഞ ദൂരം എത്രയെന്ന് കണ്ടുപിടിച്ചു.
ഈ ഭൂമിയെ ഒൻപതു തവണ വലം വെക്കാനുള്ളത്ര ദൂരം ഇതിനകം പിന്നിട്ടു കഴിഞ്ഞെത്രെ. ആ കണക്കു വച്ച് ഗണിച്ചാൽ ,
ഈ ജോലി അവസാനിപ്പിച്ചപ്പോഴേക്കും പന്ത്രണ്ട് തവണയെങ്കിലും ഭൂമിയെ വലം വെക്കാവുന്നത്ര ദൂരമെന്ന് തിരുത്തി പറയേണ്ടിവരും.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പോലും
അക്കരപറ്റേണ്ടവന്റെ കൂക്കുവിളിക്ക് കാതോർത്തിരിക്കേണ്ടവനാണ് കടത്തുകാരൻ . അതിനാൽ തന്നെ അവൻ നിദ്രാവിഹീനനുമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ മാത്രം ജീവിക്കുന്നവൻ. അവധി ദിനങ്ങളില്ല , ആഘോഷങ്ങളില്ല , വർഷവും വേനലും അടക്കം ഋതുക്കളറിയാതെ പുഴയിൽ വള്ളം തുഴഞ്ഞ കാലം. അതാണ് ഈ ജീവിത കണക്കു പുസ്തകത്തിലെ നീക്കിയിരിപ്പും.

