സിബി ജോയ്
കെആർഎൽസിസി 47 മത് ജനറൽ അസംബ്ലിയുടെ ആദ്യ ദിനത്തിൻ്റെ സായാഹ്നത്തിൽ അവതരിപ്പിച്ച വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ സഹനത്തിന്റെ പടനായിക’ നൃത്ത സംഗീത ചവിട്ടുനാടകം അവതരണ മികവു കൊണ്ടും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉള്‍ച്ചേരുന്ന നവീനതയുടെ, പൊലിമ കൊണ്ടും അവിസ്മരണീയമായി. പള്ളിപ്പോര്‍ട്ട് സെന്റ് റോക്കീസ് നൃത്ത കലാഭവൻ്റെ
ബാനറിൽ സാബു പുളിക്കത്തറ രചിച്ച് അലക്സ് താളൂപാടത്ത് സംവിധാനം ചെയ്ത
നൃത്ത സംഗീത ചവിട്ടു നാടകത്തിൽ വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സഹനത്തിന്റെ ഏടുകളും സഭയിലെ റീത്ത് വിഭജനത്തിന്റെ പേരിലുണ്ടായ ചില അന്യായ വിധിതീര്‍പ്പുകളും അതിന്റെ പ്രത്യാഘാതങ്ങളും അനിഷ് ട സംഭവങ്ങളും തുടര്‍ വിവാദങ്ങളുമൊക്കെ ഉള്‍കൊള്ളിച്ചിരിക്കുന്നു.ആരെയും മുറിവേല്പ്പിക്കാത്ത വണ്ണം ആ ചരിത്രഭാഗങ്ങള്‍ പുനരാഖ്യാനം ചെയ്യുന്നതിലെ മികവും കൈയടക്കവും പ്രശംസനീയമാണ്.
ലത്തീന്‍ കത്തോലിക്ക പൈതൃക മഹിമയുടെ അടയാളമായി പഴയ കാറല്സ്മാന് ചവിട്ടുനാടക രംഗം തന്നെ ഏലീശ്വാമ്മയുടെ കുടുംബജീവിതത്തിന്റെ ആഖ്യാനത്തില്‍ കൊണ്ടുവന്നത് രചനയുടെ ഭാവനാത്മക സങ്കേതത്തിന്റെ ദൃഷ്ടാന്തമാണ്. ചവിട്ടുനാടകത്തിലെ രംഗവിതാനത്തിന്റെ സവിശേഷതകളായി എല്‍ഇഡി വാളും ഡിജിറ്റല്‍ സാങ്കേതികവിദ്യയും സ്റ്റേജില്‍ വിഷ്വല്‍ ഇഫക്റ്റ്സില് വിസ്താരമ പ്രൊജക് ഷന്റെ സാധ്യതകള്‍ ഉപയോഗിച്ചപ്പോൾ വൈവിധ്യമാര്‍ന്ന സീക്വന്സുകള്ക്ക് നല്ല ഡെപ്തും മിഴിവും ലഭിച്ചു.

ഒന്നേകാല്‍ മണിക്കൂറില്‍ പറഞ്ഞുതീര്‍ക്കുന്ന മദര്‍ ഏലീശ്വയുടെ കഥയ്ക്ക്, സുവിശേഷ പ്രഘോഷണത്തിന്റെയും പ്രേഷിതത്വത്തിന്റെയും വിശ്വാസസാക്ഷ്യത്തിന്റെയും പരികല്പനകള്ക്കപ്പുറം മാനവസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സാര്‍വലൗകികമായ സന്ദേശം പകര്ന്നുനല്കാൻ സാധിച്ചു എന്നത് നിസ്തർക്കമത്രേ. പരമ്പരാഗത ക്രൈസ്തവ കലാരൂപങ്ങളായ പരിചമുട്ടുകളി ,മാർഗംകളി എന്നിവ ഈ നാടകത്തെ കൂടുതൽ മനോഹരമാക്കി. യുദ്ധരംഗവും, വഞ്ചി യാത്രയുമൊക്കെ നൂതന സങ്കേതികവിദ്യയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു.
11 സ്തീകളും 20 പുരുഷന്മാരും ഈ നാടകത്തിൽ വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മദർ ഏലിശ്വയുടെ വേഷത്തിൽ ലിബ മോബിൻ, അനുജത്തിയായി അനീന ക്ലമൻ്റ്,
മകളായി അസിൻ ആൻ്റണി,അൾബ്രാന്തായി ജോയൽ ഡി അൽമേഡ, കാറൾ മാനായി ആൽവിൻ അലക്സ് എന്നിവരും മണവാളൻ വത്തരുവായി വത്തരുവായി മോബിനും
കാരണവർ ആയി അലനും വേഷമിട്ടു .
ഏലിശ്വ വിവാഹ ശേഷം ഭർത്താവ് വത്തുരുമൊന്നിച്ച് രാത്രി പള്ളിമുറ്റത്ത് കാറൾമാൻ ചവിട്ടുനാടകം കാണുന്നതും നാടകത്തിൻ്റെ ക്ലൈമാക്സിൽ കാറൾമാനും അൾബ്രാന്തും
തമ്മിൽ ഘോരയുദ്ധം നടക്കുന്ന സമയത്ത് നെഞ്ചു വേദനയെ ത്തുടർന്ന് വത്തരു മരിക്കുന്നതുമായ രംഗം കാണുന്നവരിൽ ഉണ്ടാക്കുന്ന സങ്കടത്തിൻ്റെ പെരുമ പ്രേക്ഷകരിൽ പ്രതിഫലിപ്പിക്കാൻ സംവിധായകന് കഴിയുന്നു.

വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ ജീവചരിത്രം ഇതിലും മനോഹരമായ വരച്ചു കാണിക്കാവില്ലയെ ന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. അതിമനോഹരമായി മദർ ഏലീശ്വാമ്മയുടെ ജീവിതം അണിയറയിലും അരങ്ങിലും അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പിതാവ് പറഞ്ഞു. സിടിസി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഷഹീല സിടിസി ഉൾപ്പെടെ കെആർഎൽസിസി ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്ന അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്ഥരും അല്മായരും ഉൾപ്പെടെ നിരവധി ആളുകളാണ് പ്രദർശനം കാണാൻ എത്തിയത്.

