ജെയിംസ് അഗസ്റ്റിന്
‘രാജ്യത്തെ സംരക്ഷിക്കുമെന്നു പറഞ്ഞു നടക്കുന്നവരെല്ലാം വിഡ്ഢികള്‍;
കള്ളന്മാരാണെല്ലാ നേതാക്കളും, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുന്നിവര്‍.’
നേപ്പാളിലെ യുവജനങ്ങളെ സംഗീതത്തിലൂടെ പൗരബോധത്തിലേക്ക് നയിച്ച റാപ്പ് ഗായകന് ബാലെന്‍ഷായുടെ പാട്ടിന്റെ വരികളാണിത്. സംഗീതത്തിലൂടെ നാടിന്റെ സങ്കടങ്ങളെ യുവജനതയുടെ ശ്രദ്ധയിലെത്തിച്ച് നേപ്പാളില്‍ വന്‍ ജനമുന്നേറ്റം നടത്താന്‍ ബാലെന്ഷായ്ക്ക് കഴിഞ്ഞു. മൂര്‍ച്ചയേറിയ കവിതകളിലൂടെ തന്റെ രാഷ്ട്രീയം ചെറുപ്പക്കാരിലെത്തിച്ച ബാലെന്ഷാ ആദ്യം കാഠ്മണ്ഡു സിറ്റി മേയറായും ഇപ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. കേവലം 35 വയസ്സുള്ളപ്പോഴാണ് നേപ്പാളിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് രാജ്യത്തെ യുവജനസമൂഹം ബാലെന്ഷായെ അവരോധിച്ചത്.
കാഠ്മണ്ഡുവില്‍ വീടുകളിലും ചെറിയ സംഗമങ്ങളിലും സംഗീതപരിപാടി നടത്തിയിരുന്ന റാപ്പ് ഗായകനായിരുന്നു ബലേന്ദ്ര ഷാ. സംഗീതരംഗത്ത് അദ്ദേഹം ബാലെന്ഷാ എന്നറിയപ്പെട്ടു.
നേപ്പാളിലെ ദാരിദ്ര്യം, വികസനമില്ലായ്മ, അഴിമതി, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം കവിതകളെഴുതി സംഗീതം നല്കി വേദികളില്‍ ആലപിച്ചു തുടങ്ങി. യുവജനങ്ങളെ എളുപ്പം സ്വാധീനിക്കാവുന്ന താളം നിറഞ്ഞ റാപ്പ് വിഭാഗത്തിലാണ് കൂടുതല്‍ പാട്ടുകളും ഒരുക്കിയത്. 2010 മുതല്‍ വലിയ വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയ ബാലെന്‍ഷായുടെ പാട്ടുകള്‍ നേപ്പാളിലെ ജനങ്ങള്‍ ഏറ്റെടുത്തു.
സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എഴുതിയ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് 2012-ല്‍ ആദ്യ ആല്‍ബമായ ‘സഡക് ബാലക്’ പ്രകാശനം ചെയ്തു. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് എന്റെ പാട്ടുകള്‍ എന്നാണ് സ്വന്തം ഗാനങ്ങളെക്കുറിച്ചു ബാലെന്ഷാ പറഞ്ഞത്.
‘ശുദ്ധമാണെന്റെ മനസ്സ്, സത്യം ഉറക്കെപ്പറയാന്‍ ഭയമില്ലെനിക്ക്’ എന്നു തുടങ്ങുന്ന ഗാനമാണ് ‘ജെന്‍ സി’ പ്രക്ഷോഭകര്‍ കൂടുതല്‍ ഏറ്റുപാടിയത്. ആരുമില്ലാത്തവര്‍ക്കു വേണ്ടി സംസാരിക്കുന്ന, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ നിര്‍ഭയം കവിതകളിലൂടെ പ്രതികരിക്കുന്ന ബാലെന്ഷായെ അനുഗമിക്കാന്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ തയ്യാറായി.
2015-ല്‍ നേപ്പാളില്‍ നടന്ന ശക്തമായ ഭൂകമ്പത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ചെലവ് കുറഞ്ഞ ഭവനപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയതോടെ ബാലെന്ഷായിലെ സാമൂഹികപ്രവര്‍ത്തകനെ ജനം തിരിച്ചറിഞ്ഞു. വെറുമൊരു പാട്ടുകാരന് മാത്രമല്ല ബാലെന്ഷാ.
സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ബാലെന്ഷാ കര്‍ണാടകയിലെ വിശേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. കാഠ്മണ്ഡു യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എന്‍ജിനീയറിങ്ങില്‍ പി.എച്ച്.ഡി.യും നേടി.
യുവജനങ്ങളുടെ ആവശ്യപ്രകാരം 2022-ല്‍ രാഷ്ട്രീയപ്രവേശനത്തിന് അദ്ദേഹം തയ്യാറായി.അതിനു മുന്‍പ് നഗരം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു അഞ്ചു വര്‍ഷക്കാലം അദ്ദേഹം പഠനം നടത്തിയിരുന്നു. വോട്ടര്‍മാരെ നേരില്‍ കാണാന്‍ വീടുകള്‍ കയറിത്തുടങ്ങിയ ബാലെന്‍ഷായുടെ വസ്ത്രധാരണരീതി തന്നെ ജനങ്ങളെ ആകര്‍ഷിച്ചു. രാഷ്ട്രീയക്കാരുടെ പൊതുവായ എല്ലാ പാരമ്പര്യ ശൈലികളും അദ്ദേഹം അവഗണിച്ചു. പതിവായി ധരിച്ചിരുന്ന നിറമുള്ള വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും ധരിച്ചു തന്നെ അദ്ദേഹം ജനങ്ങളുടെ മുന്നിലെത്തി. കാപട്യങ്ങളില്ലാത്ത ഒരാളായി രാഷ്ട്രീയരംഗത്ത് നേപ്പാള്‍ ജനത
അദ്ദേഹത്തെ വിലയിരുത്തി. മുപ്പത്തിരണ്ടാം വയസ്സില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെ കാഠ്മണ്ഡു മേയറായി ബാലെന്ഷായെ ജനം ഉയര്‍ത്തി.
അഴിമതിയില്‍ മുങ്ങി നിന്നിരുന്ന ഭരണരീതികളെ അതിസുതാര്യമാക്കാന് ബാലെന്ഷായ്ക്ക് കഴിഞ്ഞു. നേപ്പാളില്‍ മാത്രമല്ല ലോകമെങ്ങും അദ്ദേഹം അറിയപ്പെട്ടു. ലോകത്തിലെ എറ്റവും പ്രശസ്തരായ നൂറുപേരില്‍ ഒരാളായി ടൈം മാസിക അദ്ദേഹത്തെ തെരഞ്ഞെടുത്തു.ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പില്‍ നേപ്പാളിന്റെ പ്രധാന മന്ത്രിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
സ്വന്തം നാടിന്റെ സങ്കടങ്ങള്‍ കവിതകളിലൂടെ പുറത്തെത്തിക്കാന്‍ ശ്രമിച്ച ഗായകനെ ജനം നാടിനെ നയിക്കാന്‍ വിളിക്കുന്ന അപൂര്വകാഴ്ചയാണ് നേപ്പാളില്‍ കണ്ടത്. ഒരു ചെറുപ്പക്കാരന്റെ രോഷം പാട്ടുകളായി അലയടിച്ചപ്പോള്‍ അതേറ്റുപാടാന്‍ പതിനായിരക്കണക്കിന് യുവജനങ്ങള്‍ കടന്നു വന്നു. അതെ, പാട്ടുകള്‍ക്ക് ഒരു രാജ്യത്തിന്റെ ഗതി തന്നെ മാറ്റാന്‍ കഴിയും. ലോകത്തെ നന്മയിലേക്ക് നയിക്കാനും കഴിയും.

