കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മുന്നൂറോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിൽ മുൻ ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ മുൻ മേധാവിയും വിരമിച്ച മേജർ ജനറലുമായ സുരേഷ് സല്ലേയെയാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തത്.
279 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതോടെ, ഏഴു വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോംബാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾ. ആക്രമണങ്ങൾക്ക് പിന്നിലെ മുഴുവൻ സത്യവും പുറത്തുകൊണ്ടുവരണമെന്നും പിന്നിൽ പ്രവർത്തിച്ച ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ സഭാനേതൃത്വവും വിവിധ ക്രൈസ്തവ നേതൃത്വങ്ങളും വർഷങ്ങളായി പോരാട്ടത്തിലാണ്. ഇതിനിടെയാണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
ഹീനമായ ആക്രമണങ്ങളുടെ പിന്നിലെ മുഴുവൻ സത്യവും സൂത്രധാരന്മാരും ഉടൻ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണെന്ന് കത്തോലിക്കാ വാരികയായ ജ്ഞാനാർത്ഥ പ്രദീപയയുടെ (അറിവിന്റെ വെളിച്ചം) എഡിറ്റർ ഫാ. സിറിൽ ഗാമിനി ഫെർണാണ്ടോ പറഞ്ഞു. 2019 ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ രണ്ട് കത്തോലിക്ക ദേവാലയങ്ങൾ, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികൾ ചാവേർ ആക്രമണം നടത്തിയത്.
ഈസ്റ്റർ ബലിയർപ്പണത്തിനിടെ നടന്ന സ്ഫോടനത്തിൽ 279 പേർക്ക് ജീവൻ നഷ്ടമാകുകയും അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തിൽ അന്വേഷണം മന്ദഗതിയിലായതിൽ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നിരിന്നു.

