ജെറുസലേം: ലത്തീൻ പാത്രിയാർക്കേറ്റിന്റെ വസ്തുവകകൾ കൈയേറ്റം ചെയ്തതിനെതിരെ സൈനിക, സിവിൽ നേതൃത്വങ്ങളുമായി സഭാനേതൃത്വം ചർച്ച നടത്തി. ഇക്കാര്യം ഏപ്രിൽ 23ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ജെറുസലേം ലത്തീൻ പാത്രിയാർക്കേറ്റ് സ്ഥിരീകരിച്ചു.
വർഷങ്ങളായി സഭയുടെ സ്വത്തുക്കൾ ഉൾപ്പെടെ കൈയ്യേറുന്നത് സംബന്ധിച്ച റിപ്പോർട്ട്, പാത്രിയാർക്കേറ്റിലെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള വിഭാഗം ഇസ്രായേൽ അധികാരികൾക്ക് കൈമാറിയിരിന്നു. തൂബാസ് ഗവർണറേറ്റിന് കീഴിലുള്ള പ്രദേശത്താണ് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾക്ക് ഇസ്രായേൽ സൈനിക, സിവിൽ പ്രതിനിധി വിഭാഗം തയ്യാറായിട്ടുണ്ടെന്നും പാത്രിയാർക്കേറ്റ് വ്യക്തമാക്കി.
ഇസ്രായേൽ ഗവൺമെന്റിന്റെ അധികാരികൾ, കാര്യത്തിന്റെ ഗൗരവം അംഗീകരിക്കുകയും പ്രതിഷേധം കണക്കിലെടുത്ത്, കൈയേറ്റങ്ങൾ നടത്തിയവരെ ഉടനടി നീക്കം ചെയ്യുന്നതിനും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നടപടി എടുക്കുന്നതിനുമുള്ള സന്നദ്ധത അറിയിച്ചുവെന്നും സഭാനേതൃത്വം തങ്ങളുടെ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു. പ്രശ്നപരിഹാരങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും, സ്ഥലത്തെ ആളുകൾക്ക് വേണ്ട സഹായം എത്തിക്കുന്നതിനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പാത്രിയാർക്കേറ്റ് അറിയിച്ചു.
തയാസിറിലെ സഭയുടെ ഉടമസ്ഥതയിലുള്ള ഇസ്രായേലി കുടിയേറ്റക്കാർ ഭൂമി കയ്യേറ്റം ചെയ്തതായും, അവർ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് സ്വത്തിന് നാശനഷ്ടം വരുത്തിയതായും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് നേരത്തെ തന്നെ അറിയിച്ചിരിന്നു. നടപടികളെ സഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്നാണ് പാത്രിയാർക്കേറ്റ് വിശേഷിപ്പിച്ചത്. കയ്യേറ്റങ്ങൾ ഉടനടി നീക്കം ചെയ്യാനും, ഭൂമി പുനഃസ്ഥാപിക്കാനും, കൂടുതൽ സംഭവങ്ങൾക്കെതിരെ ശക്തമായ സംരക്ഷണം നൽകാനും ഇടപെടൽ തേടി വരികയായിരിന്നു പാത്രിയാർക്കേറ്റ്.

