വത്തിക്കാൻ : 1533-ൽ സുവിശേഷവൽക്കരണം ആരംഭിച്ച് ഏകദേശം 500 വർഷങ്ങൾക്ക് ശേഷം, 2033-ൽ അര സഹസ്രാബ്ദ ജൂബിലി ആഘോഷിക്കുന്ന. വിയറ്റ്നാമിലെ കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്മാരായ മെത്രാന്മാർ, വത്തിക്കാനിൽ ആദ് ലിമിന സന്ദർശത്തിനായി എത്തിച്ചേർന്നു. ഏപ്രിൽ 20 മുതൽ 25 വരെയുള്ള തീയതികളിലായിട്ടാണ്, സന്ദർശനം നടക്കുന്നത്.
2025 അവസാനത്തോടെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, വിയറ്റ്നാമിലെ ഏകദേശം 102.3 ദശലക്ഷം ജനസംഖ്യയിൽ 7.57 ദശലക്ഷത്തിലധികം കത്തോലിക്കരാണുള്ളത്. മൂന്നു പ്രവിശ്യകളിലായി, 27 രൂപതകൾ വിയറ്റ്നാമിൽ ഉണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സുവിശേഷ ദൗത്യം വളരെ കാര്യക്ഷമമായി തുടരുന്ന ഒരു രാഷ്ട്രം കൂടിയാണ് വിയറ്റ്നാം.
വിയറ്റ്നാമിൽ നിന്നുള്ള മെത്രാന്മാരെ കണ്ടുമുട്ടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ പ്രകടിപ്പിച്ചു. അവരെ കണ്ടുമുട്ടുമ്പോൾ, വിയറ്റ്നാമിലെ സഭയെ, ദൈവജനത്തെ തന്നെയാണ് കണ്ടുമുട്ടുന്നതെന്നു പാപ്പാ എടുത്തു പറഞ്ഞു. സഭയുടെ സിനഡൽ മാതൃക മൂർത്തമായ രൂപങ്ങളിൽ നടപ്പിലാക്കുവാൻ വിയറ്റ്നാമിലെ മെത്രാന്മാരുടെ സഹകരണവും ആവേശവും, സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് അടിവരയിട്ടു.
ഈ ദിവസങ്ങളിൽ, മെത്രാന്മാർ റോമിലെ നാല് പേപ്പൽ ബസിലിക്കകളിലും ദൈവദാസൻ കർദ്ദിനാൾ വാൻ തുവാൻ അന്ത്യവിശ്രമം കൊള്ളുന്ന സാന്താ മരിയ ദെല്ല സ്കാല പള്ളിയിലും കുർബാന അർപ്പിച്ചു പ്രാർത്ഥിക്കും.
ആഫ്രിക്കയിലെ ദീർഘവും തീവ്രവുമായ ഒരു യാത്രയ്ക്ക് ശേഷം, ഏറെ ക്ഷീണിതനായിരുന്നിട്ടും, ഏറെ സന്തോഷത്തോടെയാണ് പാപ്പാ തങ്ങളെ സ്വീകരിച്ചതെന്ന്, മോൺസിഞ്ഞോർ ഡൊമിനിക്ക് വത്തിക്കാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ എടുത്തുപറഞ്ഞു. പാപ്പായുടെ ആഹ്വാനമനുസരിച്ച്, സഭയിൽ വലിയ ഐക്യം ആവശ്യമാണെന്നും, വിയറ്റ്നാമിൽ തങ്ങൾ അതിനായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവവിളികളുടെ കാര്യത്തിലും, വിയറ്റ്നാമിലെ വിശ്വാസികൾ ഏറെ തത്പരരാണ്.
