ഗാസാ: ഗാസാ മുനമ്പിലെ തിരുക്കുടുംബ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർഥിച്ചും പ്രത്യേക ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും സംഘടിപ്പിക്കുമെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി അറിയിച്ചു. യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന ഗാസയ്ക്കായി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
2025 ജൂലൈ 17-ന് നടന്ന ആക്രമണത്തിൽ ദേവാലയത്തിൽ അഭയം തേടിയിരുന്ന മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഫാ. റൊമനെല്ലിക്കും പരിക്കേറ്റിരുന്നു. സംഭവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് മരണമടഞ്ഞവർക്കും യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമായി പ്രത്യേക പ്രാർഥനകളും ജൂലൈ 19-ന് ദിവ്യബലിയും അർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഗാസയിലെ മാനുഷിക പ്രതിസന്ധി ഇപ്പോഴും അതീവ ഗുരുതരമാണെന്ന് ഫാ. റൊമനെല്ലി പറഞ്ഞു. റോഡുകൾ, കെട്ടിടങ്ങൾ, വൈദ്യുതി-ജലവിതരണ സംവിധാനങ്ങൾ എന്നിവ വ്യാപകമായി തകർന്നതോടെ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതപൂർണമാണെന്നും ഇന്ധനക്ഷാമവും വിലക്കയറ്റവും രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, യുദ്ധം മൂലം അടച്ചിട്ടിരുന്ന തിരുക്കുടുംബ ദേവാലയത്തോടനുബന്ധിച്ചുള്ള ഇടവക സ്കൂൾ അടുത്ത സെപ്റ്റംബറിൽ വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജറുസലേം ലത്തീൻ പാത്രിയർക്കേറ്റിന്റെ സഹായമെത്രാനും വികാരി ജനറലുമായ ബിഷപ് വില്യം ഷൊമാലി അറിയിച്ചിട്ടുണ്ട്.

