വത്തിക്കാൻ സിറ്റി: പ്രകൃതിയുടെ ഏറ്റവും ശക്തമായ ഘടകങ്ങളിലൊന്നായ ജലത്തെ പ്രമേയമാക്കി വത്തിക്കാൻ ലൈബ്രറിയിൽ ഒരുക്കുന്ന പ്രത്യേക പ്രദർശനം സെപ്റ്റംബർ 14ന് ലെയോ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്യും.
ഓരോ അഞ്ചുവർഷം കൂടുമ്പോഴും വത്തിക്കാൻ ലൈബ്രറി സംഘടിപ്പിക്കുന്ന ‘ദുരന്തവും അത്ഭുതവും’ എന്ന പ്രദർശന പരമ്പരയുടെ ഭാഗമായാണ് ഇത്തവണ ‘ആക്വാ’ എന്ന പേരിൽ പ്രദർശനം ഒരുക്കുന്നത്.ജീവന്റെ നിലനിൽപ്പിന് അനിവാര്യമായ ജലം മനുഷ്യന്റെ പ്രതീക്ഷകളുടെയും ഭയങ്ങളുടെയും പ്രതീകമായി മാറുന്നതെങ്ങനെയെന്ന് വിവിധ തലങ്ങളിൽ അവതരിപ്പിക്കുന്നതാണ് പ്രദർശനം. ജീവൻ പകരുന്ന ശക്തിയെന്ന നിലയിലും അതേസമയം വൻ ദുരന്തങ്ങൾക്ക് കാരണമാകുന്ന പ്രകൃതിശക്തിയെന്ന നിലയിലും ജലത്തിന്റെ വൈരുധ്യങ്ങളാണ് പ്രദർശനത്തിലൂടെ ചർച്ച ചെയ്യുന്നത്.
ചരിത്രം, ശാസ്ത്രം, സമകാലിക സംഭവവികാസങ്ങൾ എന്നിവ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ച് ചിന്തിക്കാനും കൂടുതൽ ഉത്തരവാദിത്വമുള്ള സമീപനത്തിലേക്ക് സന്ദർശകരെ നയിക്കാനും പ്രദർശനം ലക്ഷ്യമിടുന്നു.ജെ ആർ, ബിൽ മോറാൻ, ഫുൾവിയോ പിയേറാഞ്ചേലി, ഇപ്പോളിത്തോ സാൽവിയാനി തുടങ്ങിയ പ്രമുഖരുടെ ശ്രദ്ധേയമായ കലാസൃഷ്ടികളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

