വത്തിക്കാൻ സിറ്റി: നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള ദാഹമാണ് യുവജനങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും ആ ദാഹം ക്രിസ്തുവിൽ നിറവേറുന്നതാണെന്നും ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. പോർച്ചുഗലിലെ ലമേഗോയിൽ സംഘടിപ്പിച്ച രണ്ടാമത് “റീജോയ്സ്” ദേശീയ യുവജന സംഗമത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.
വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ “കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ” (ഫിലിപ്പിയർ 4:4) എന്ന വചനമുദ്ധരിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. ജീവിതത്തിലെ വെല്ലുവിളികൾക്കിടയിലും ക്രിസ്തുവിലുള്ള പ്രത്യാശയും സന്തോഷവും കൈവിടാതെ മുന്നേറാൻ യുവജനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഇടവക സമൂഹങ്ങളിലും ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുകയും വിശ്വാസത്തിൽ നിരന്തരം വളരുകയും ചെയ്യണമെന്ന് പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ഹൃദയത്തിന്റെ വാതിലുകൾ ക്രിസ്തുവിനായി തുറന്നുകൊടുക്കുമ്പോഴാണ് യഥാർഥ സന്തോഷവും ജീവിതത്തിന്റെ അർഥവും കണ്ടെത്താനാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യുവജനങ്ങളുടെ വിശ്വാസയാത്രയിൽ ഒപ്പമുണ്ടാകുന്ന മെത്രാന്മാരും വൈദികരും സന്യസ്തരും മറ്റ് സഭാനേതാക്കളും യുവജനങ്ങളോടൊപ്പം ഈ സന്തോഷം പങ്കുവെക്കുകയും അവരെ വിശ്വാസജീവിതത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പാപ്പാ സന്ദേശത്തിൽ അഭ്യർഥിച്ചു.

