ജെയിംസ് അഗസ്റ്റിന്
യൗസേപ്പിതാവ് ഉണ്ണീശോയ്ക്കായി താരാട്ടു പാടിയിട്ടുണ്ടാകുമോ? മാതാവ് ഉണ്ണിയേശുവിനെ ഉറക്കുന്നതിനായി പാടിയ പാട്ട് എന്ന സങ്കല്പത്തോടെ അനേകം ഭാഷകളില്‍ താരാട്ടുപാട്ടുകള്‍ എഴുതപ്പെടുകയും ലോകപ്രശസ്ത ഗായികമാര്‍ പാടുകയും ചെയ്തിട്ടുണ്ട്.
മലയാളത്തിലും അതിമനോഹരമായ പാട്ടുകള്‍ നമുക്ക് കേള്‍ക്കാം. എന്നാല്‍ അതിപ്രശസ്തമായ യൗസേപ്പിതാവിന്റെ താരാട്ടുപാട്ട് പാടാന്‍ ഭാഗ്യമുണ്ടായത് ബാര്‍ട്ട് മിലാര്‍ഡ് എന്ന അമേരിക്കന്‍ ഗായകനാണ്.
1994-ല്‍ യു.എസ്.എ.യിലെ ഒക്ക്ലഹോമയില് തുടങ്ങിയ ക്രിസ്ത്യന്‍ സംഗീതസംഘമാണ് മേഴ്സി മി. എഡ്മണ്ട് എന്ന സ്ഥലത്തെ ഹെന്ഡേഴ്സന് ഹില്‍സ് ബാപ്റ്റിസ്റ്റ് പള്ളിയിലെ ഗായകസംഘത്തിലെ അംഗങ്ങളാണ് പിന്നീട് പ്രശസ്തമായ ഈ ബാന്‍ഡിനു തുടക്കമിട്ടത്. ഗായകനായ ബാര്‍ട്ട് മിലാര്‍ഡ്, ഡ്രമ്മര്‍ റോബി ഷഫര്‍, ഗിറ്റാറിസ്റ്റുമാരായ നാഥാന്, മൈക്കിള്‍ സ്വെഷെര്, ബാരി ഗ്രൗള്‍ എന്നിവരാണ് ഇപ്പോള്‍ ബാന്‍ഡ് അംഗങ്ങള്‍. ജെയിംസ് ബ്രൈസണ്‍,ട്രെന്റ് ഓസ്റ്റിന്‍,കെന്റല്‍,ജിം റിച്ച്മണ്ട്,ഡേവിഡ് കോവന് എന്നിവര്‍ ബാന്‍ഡ് അംഗങ്ങള്യിരുന്നു. വലിയ റെക്കോര്‍ഡിങ് സ്റ്റുഡിയോകളില്‍ പോകുന്നതിനുള്ള സാമ്പത്തിക തടസ്സം നീക്കാനായി സമീപത്തു ഒഴിഞ്ഞു കിടന്നിരുന്ന ഡേ കെയര്‍ കേന്ദ്രം വാടകക്കെടുത്തു സ്റ്റുഡിയോ ക്രമീകരിച്ചാണ് ഇവര്‍ ആദ്യകാലത്ത് പാട്ടുകള്‍ ഒരുക്കിയത്. ഇതേ സമയത്തു തന്നെ സുവിശേഷസംഗമങ്ങളിലും യുവജനസമ്മേളനങ്ങളിലും ഭക്തിഗാനങ്ങള്‍ പാടുന്നതിനായി ഇവര്‍ അമേരിക്കയിലെങ്ങും സഞ്ചരിച്ചു.

2005-ല്‍ പ്രകാശനം ചെയ്ത ബാന്‍ഡിന്റെ നാലാമത്തെ സംഗീതസമാഹാരമായ ‘ക്രിസ്മസ് സെഷന്‍സ്’ എന്ന ആല്‍ബത്തിലാണ് വി.യൗസേപ്പിതാവിന്റെ താരാട്ടുപാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാര്‍ട്ട് മിലാര്ഡും ബ്രൗണ്‍ ബാനിസ്റ്ററും ചേര്‍ന്നാണ് ഈ ഗാനം എഴുതിയത്. ബാന്‍ഡ് അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് സംഗീതം നല്കുന്നതെങ്കിലും നേതൃത്വം നല്‍കിയത് ബ്രൗണ്‍ ബാനിസ്റ്ററാണ്.

ആല്‍ബത്തില്‍ മാതാവിന്റെ ഉയര് താരാട്ടുപാട്ട് ചേര്‍ക്കാനായി തയ്യാറാക്കിയിരുന്നു.എന്നാല്‍ ബ്രൗണ്‍ ബാനിസ്റ്ററുടെ ഭാര്യയായ ഡെബ്രയാണ് പാട്ട് യൗസേപ്പിതാവ് പാടുന്നത് പോലെയായാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്. ഇതേ നാളുകളില്‍ മിലാര്ഡിന്റെ രണ്ടു വയസ്സുള്ള മകന് രണ്ടാഴ്ച്ചയോളം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.കുഞ്ഞിന്റെ സമീപത്തു നിന്നും മാറാതെ എല്ലാ ദിവസവും താരാട്ടു പാടി കൂടെ നിന്ന ഓര്‍മകളോടെയാണ് മിലാര്‍ഡ് ഈ ഗാനം സ്റ്റുഡിയോയില്‍ പാടുന്നത്.
‘മകനേ ഉറങ്ങൂ പുല്ത്തൊട്ടിയാം മെത്തയില്‍
ദീര്‍ഘമാം യാത്രയാണല്ലോ മുന്നില്‍
മഹത്വമാര്‍ന്ന നിന് കുഞ്ഞു ശിരസ്സിനു
വിശ്രമമേകൂ
പിതാവ് നിന്റെ ഹൃദയമിടിപ്പുകളെ കാത്തുകൊള്ളാം
അപ്പോള്‍ നിനക്കുറങ്ങാമല്ലോ
നിന്റെ സ്വപ്നങ്ങളെ പിന്തുടരൂ
ഈ ലോകം കാത്തിരിക്കാം
ഇന്ന് രാത്രി നീ എന്റെ കൈകളിലാണ്
സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.’
ഇങ്ങനെയാണ് പാട്ടിന്റെ ആദ്യത്തെ വരികള്‍. ഈശോയുടെ ബാല്യത്തില്‍ യൗസേപ്പിതാവ് നല്കിയ കരുതലിനെക്കുറിച്ചു ഈ ഗാനം നമ്മെ ഓര്‍മ്മിപ്പിക്കും.

