ജെയിംസ് അഗസ്റ്റിൻ
ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം
നാഥൻ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്നേഹം സ്വർഗീയദാനം
മന്നിൽ സമാധാന മാർഗം
ഏഴേഴെഴുപതെന്നാലും ഏതേതു ദ്രോഹമെന്നാലും
എന്തും മറന്നൊന്നുചേരാൻ
നമുക്കീശന്റെ മനസ്സോടു ചേരാം
ഈശന്റെ മനസ്സോടു ചേരാം
സംഗീതസംവിധായകൻ ജെറി അമൽദേവ് മലയാറ്റൂർ മല കയറുകയാണ്. കൂടെ ഗാനരചയിതാവ് ഫാ.തദേവൂസ് അരവിന്ദത്തുമുണ്ട്. കുറച്ചു പാട്ടുകൾ ഒരുക്കാനാണ് യാത്ര.
ജെറി അമൽദേവ് തന്നെ ആ പാട്ടുകളുടെ പിറവിയെക്കുറിച്ചു പറയും.”സിനിമയുടെ തിരക്കുകൾക്കിടയിൽ ഒരു ദിവസം ഫാ.തദേവൂസ് എന്നെ വിളിച്ചു. പത്തു പാട്ടുകൾക്ക് സംഗീതം നല്കണം എന്ന് പറഞ്ഞു. ഞാൻ ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് ഫാ.തദേവൂസ് മലയാറ്റൂർ പള്ളിയിൽ സേവനം ചെയ്യുകയായിരുന്നു. നമുക്ക് മലയാറ്റൂരിൽ പള്ളിമേടയിൽ ഇരുന്നാലോ എന്ന ക്ഷണം ഞാൻ സ്വീകരിച്ചു. മൂന്നുനാലു ദിവസം താമസിക്കാൻ തയ്യാറായാണ് ഞാൻ പോയത്. തീർത്ഥാടനകാലമായിരുന്നില്ല. ശാന്തമായ പരിസരം. ഞങ്ങൾ മല കയറാൻ തുടങ്ങി. അച്ചനെ സഹായിക്കുന്ന രണ്ടുപേർ കൂടെയുണ്ട്.
താഴെ നിന്നും പിടിച്ച മീനും ഭക്ഷണം ഒരുക്കാനുള്ള സാമഗ്രികളും അവർ കയ്യിലെടുത്തു. മലമുകളിലെത്തി ഭക്ഷണമൊക്കെ കഴിച്ചു ഞങ്ങൾ ജോലി തുടങ്ങി. ലളിതമായ പദപ്രയോഗങ്ങളിലൂടെ ആശയം കൈമാറുന്ന വരികൾ എഴുതുവാൻ കഴിവുള്ളയാളാണ് ഫാ.തദേവൂസ്. അന്ന് എഴുതി നൽകിയ വരികളിൽ ഒന്നാണ് ക്ഷമിക്കുന്ന സ്നേഹം എന്നു തുടങ്ങുന്ന ഗാനം. ക്ഷമയില്ലാതെ സ്നേഹമില്ല എന്ന ചിന്തയാണ് അദ്ദേഹം ഈ ഗാനത്തിലൂടെ പറയാൻ ശ്രമിച്ചത്. വരികളുടെ ലാളിത്യം കൊണ്ടുതന്നെ ശാന്തമായൊരു ഈണം വേണമെന്നു തീരുമാനിച്ച ഞാൻ ഭീം പലാസി എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്.

പത്തു പാട്ടുകളാണ് മലയാറ്റൂരിൽ വച്ച് സംഗീതം നൽകിയത്. ഒരാഴ്ച കഴിഞ്ഞാണ് മലയാറ്റൂർ മലയിൽ നിന്നും ഞാൻ ഇറങ്ങിയത്. ഈ ഗാനം പാടിയത് സതീഷ് ബാബുവാണ്. എറണാകുളം സി.എ.സി.യിലായിരുന്നു റെക്കോർഡിങ്. “ഇലക്ട്രോണിക്ക് ഉപകരണങ്ങൾ അധികം ഉപയോഗിക്കാതെ തന്ത്രിവാദ്യങ്ങൾ കൂടുതലായി ഈ പാട്ടിൽ നമുക്ക് കേൾക്കാം. സതീഷ് ബാബുവിനൊപ്പം മിൻമിനിയും സംഘവും റെക്കോർഡിങ്ങിൽ പങ്കു ചേർന്നു.

നമ്മെ ശപിക്കുന്നവരിൽ സ്നേഹം തിരിച്ചൊഴുക്കേണമെന്നു ആഹ്വാനം ചെയ്യുന്ന ഗാനം അവസാനിക്കുന്നത് കുരിശിലെ യാഗം ഫലമണിയാൻ നമുക്ക് അന്യോന്യം മാപ്പു നൽകാം എന്ന സന്ദേശത്തോടെയാണ്. ശാപം ചൊരിഞ്ഞിടുവോരിൽ സ്നേഹം തിരിച്ചൊഴുക്കേണം ദൈവം പൊറുക്കുന്ന പോലെ നമുക്കപരന്റെ പാപം ക്ഷമിക്കാം അപരന്റെ പാപം ക്ഷമിക്കാം ക്രൂശിൽ നാഥനണയ്ക്കും യാഗം ഫലമണിഞ്ഞീടാൻ മാപ്പേകിയോതുന്ന വാക്യം നമുക്കന്യോന്യം ഏറ്റേറ്റു ചൊല്ലാം അന്യോന്യമേറ്റേറ്റു ചൊല്ലാം പത്തു കസ്സറ്റുകളുടെ ഒരു സമാഹാരം ഫാ. തദേവൂസ് പുറത്തിറക്കിയിരുന്നു.
മുപ്പതു വർഷം മുൻപ് അന്നു കേരളത്തിലെ സംഗീതരംഗത്തു തിളങ്ങിയിരുന്ന പത്തു സംഗീതസംവിധായകർക്കു ഓരോ കസ്സെറ്റിലും പത്തു വീതം പാട്ടുകൾ നൽകി നൂറു മികച്ച ഗാനങ്ങൾ ആ പരമ്പരയിൽ സൃഷ്ടിക്കപ്പെട്ടു. ഫാ.തദേവൂസിനെക്കൂടാതെ ആർച്ച്ബിഷപ്പ് ഡോ.കൊർണേലിയസ് ഇലഞ്ഞിക്കൽ, ഫാ.ജോസഫ് മനക്കിൽ, ഫാ.ചെറിയാൻ കുനിയന്തോടത്ത് തുടങ്ങിയവരുടെ രചനകളും ഈ സമാഹാരത്തിലുണ്ട്.
ഈ പത്തു കസ്സറ്റുകളിൽ ഒന്നിലെ ഒരു ഗാനമാണ് ക്ഷമിക്കുന്ന സ്നേഹം എന്ന ഗാനം.പുസ്തകങ്ങൾക്ക് പ്രീബുക്കിങ് സൗകര്യം നൽകുന്നത് പോലെ ഈ പാട്ടു പെട്ടി മുൻകൂട്ടി ബുക്ക് ചെയ്യാമായിരുന്നു. അങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് നൂറു പാട്ടുകളുടെ ബോക്സ് കയ്യിലെത്തി.എല്ലാ പാട്ടുകളും അതീവ മേന്മയോടെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു.അതിലെ പാട്ടുകൾ പലതും ഇന്നും നാം തിരുക്കർമ്മങ്ങളിൽ പാടുന്നുണ്ട്.

