വത്തിക്കാൻ : പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഒരു പ്രവൃത്തിയെന്നോണം, ലിയോ പതിനാലാമൻ പാപ്പാ, താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, ആദ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം, ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി ഉച്ചഭക്ഷണം കഴിച്ചു. പാപ്പായിൽ നിന്ന് ലഭിച്ച “ആനന്ദകരവും അപ്രതീക്ഷിതവുമായ ആശ്ചര്യം” എന്നാണ് ഈ സന്ദർശനത്തെ വിശദീകരിച്ചത്.
ഇത് സംബന്ധിച്ച വിവരങ്ങൾ, പെറുവിലെ മെത്രാൻ സമിതിയുടെ എക്സ് (X) അക്കൗണ്ടിലാണ് പ്രസിദ്ധീകരിച്ചത്. സാഹോദര്യ ഉച്ചഭക്ഷണം എന്നാണ്, ഈ സന്ദർശനത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ 46 മെത്രാന്മാരാണ് സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയിരിക്കുന്നത്. പെറുവിൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് , പിന്നീട് ലിയോ പതിനാലാമൻ പാപ്പാ, ഇരുപത് വർഷത്തിലേറെ മിഷനറിയും പിന്നീട് ചിക്ലായോ രൂപതയുടെ മെത്രാനുമായിരുന്നു. ഔദ്യോഗികമായി ജനുവരി മുപ്പതിന് പാപ്പാ മെത്രാന്മാരുമായി കൂടിക്കാഴ്ച്ച നടത്തും.
“പെറുവിന്റെ സമാധാനത്തിനും ഭാവിക്കും വേണ്ടി പ്രാർത്ഥിക്കാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്, ഈ സന്ദർശനം നമ്മളെയെല്ലാം ശക്തിപ്പെടുത്തുകയും മികച്ച രീതിയിൽ സേവിക്കാൻ വിശ്വാസത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,” പെറുവിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ കാർലോസ് ഗാർസിയ കമദേർ പറഞ്ഞു. മെത്രാൻ സമിതി സംഭാവന ചെയ്യുന്ന, കന്യകാമറിയത്തിന്റെ ഒരു മൊസൈക്കും ലിമയിലെ വിശുദ്ധ റോസിന്റെ ഒരു ചിത്രവും, ജനുവരി 31 ശനിയാഴ്ച വത്തിക്കാൻ ഉദ്യാനത്തിൽ പ്രതിഷ്ഠിക്കും.

