വാഷിംഗ്ടൺ : അമേരിക്ക – ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
ബുധനാഴ്ച നടത്തിയ പ്രതിവാര പൊതുസമ്മേളനത്തിൽ, ഇറാനും അമേരിക്കയും സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതയിൽ തുടരണമെന്ന് ലെയോ പതിനാലാമൻ പാപ്പ അഭ്യർത്ഥിച്ചിരുന്നു.
മധ്യപൂർവ്വേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള തന്റെ പ്രതീക്ഷകൾ പ്രകടിപ്പിച്ച ലെയോ പാപ്പ, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സമാധാന അഭ്യർത്ഥനയും നടത്തിയിരുന്നു.സംവാദത്തിന്റെയും ചർച്ചകളുടെയും ക്ഷമാപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു. മധ്യേഷ്യയിൽ പരസ്പര വിശ്വാസം, സുരക്ഷ, സ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലെയോ പാപ്പ കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കരാറിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഡിജിറ്റലായാണ് ഒപ്പുവെച്ചത്. ഹുർമുസ് കടലിടുക്ക് തുറക്കുന്നതും യുറേനിയം സമ്പുഷ്ടീകരണവും പ്രതിപാദിക്കുന്ന കരാറിന്റെ പൂർണരൂപം അമേരിക്കൻ അധികൃതർ പുറത്തുവിട്ടു. 14 ഇന വ്യവസ്ഥകൾ അടങ്ങിയ ധാരണാ പത്രത്തിലെ വ്യവസ്ഥകളിലെ അന്തിമ തീരുമാനം 60 ദിവസത്തിനുള്ളിൽ തീരുമാനമാകും.

