അസ്സീസി: സുവിശേഷമാർഗത്തിലൂടെ സമാധാനത്തിന്റെ സന്ദേശം ലോകത്ത് പകർന്ന് മുന്നേറാൻ യുവജനങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” യുവജനസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അസ്സീസിയിലെ സാന്താ മരിയ ദെല്ലി ആഞ്ചെലി ബസിലിക്കയിലെത്തിയ പാപ്പാ, പ്രത്യാശയോടും ഉത്തരവാദിത്വത്തോടും കൂടി ജീവിതത്തിൽ മുന്നേറണമെന്ന് യുവജനങ്ങളോട് പറഞ്ഞു.
രൂപാന്തരീകരണ തിരുനാൾ ദിനത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത പാപ്പാ, ലോകത്ത് സമാധാനത്തിന്റെ സന്ദേശവാഹകരാകാൻ അവരെ ക്ഷണിച്ചു. അസ്സീസിയിൽ ജീവിച്ച വിശുദ്ധ ഫ്രാൻസിസിന്റെയും വിശുദ്ധ ക്ലാരയുടെയും ജീവിതത്തിലുണ്ടായ പരിവർത്തനവും, അവരുടെ മാതൃക പിന്തുടർന്ന് പിന്നീട് ആയിരക്കണക്കിന് യുവജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും പാപ്പാ അനുസ്മരിച്ചു.
വിശുദ്ധ ഫ്രാൻസിസിന്റെയും വിശുദ്ധ ക്ലാരയുടെയും ജീവിതം യുവജനങ്ങൾക്ക് മാതൃകയാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, പ്രത്യാശയും ധൈര്യവും കൈവിടാതെ വിശ്വാസജീവിതത്തിൽ മുന്നേറാനും സുവിശേഷത്തിന്റെ സന്ദേശം ജീവിതത്തിലൂടെ പ്രഘോഷിക്കാനും ആഹ്വാനം ചെയ്തു. സമാധാനത്തിനും സഹോദര്യത്തിനുമായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം യുവജനങ്ങളോട് അഭ്യർഥിച്ചു.

