തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. ഓഗസ്റ്റ് ഒന്നിന് ഉണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ (28), ഷിജിൻ (32) എന്നിവരെയാണ് കാണാതായത്. അപകടസ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെ ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഷിജിനായുള്ള തെരച്ചിലാണ് ഇപ്പോഴും തുടരുന്നത്.
കൊല്ലം നീണ്ടകരയിലും സമാനമായ രീതിയിൽ മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെട്ടിട്ടും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. കടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും, കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായും സമയബന്ധിതമായും മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കണമെന്ന് മോൺ. യുജിൻ എച്ച്. പെരേര ആവശ്യപ്പെട്ടു.
ബോട്ട് അപകടങ്ങളിലായി കാണാതായവരെ കണ്ടെത്തുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഇതുവരെ ഉറപ്പാക്കാനോ തെരച്ചിൽ ഊർജിതമാക്കാനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, കാണാതായ ഷിജിന്റെ ഭാര്യ കുട്ടികളുമായി മുതലപ്പൊഴി ഹാർബറിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് മന്ത്രി സി. പി. ജോൺ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിനുള്ള അടിയന്തര നടപടികളൊന്നും ഉണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.എംഎൽഎ ഇടപെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സഹായം ഉടൻ എത്തിക്കുമെന്നും അറിയിച്ചെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. കടലിൽ ഇറങ്ങുന്നതിന് വിലക്കുണ്ടായിരുന്നിട്ടും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ തുടരുന്നതിനാൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മത്സ്യത്തൊഴിലാളികൾ നടത്തുന്ന തെരച്ചിലാണ് കാണാതായവരുടെ കുടുംബങ്ങൾക്ക് ഇപ്പോഴുള്ള ഏക പ്രതീക്ഷ.

