തിരുവനന്തപുരം: വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ഭൂപ്രശ്നങ്ങൾക്കും വിവിധ അനുമതികൾ ലഭിക്കുന്നതിലെ കാലതാമസത്തിനും സമയബന്ധിതമായി പരിഹാരം കാണാൻ റവന്യൂ-വനം മന്ത്രിതല സംയുക്ത യോഗം ചേർന്നു.
വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെയും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന്റെയും നേതൃത്വത്തിലായിരുന്നു യോഗം. കാലതാമസം നേരിടുന്ന എൻ.ഒ.സികൾ സമയബന്ധിതമായി തീർപ്പാക്കാനും വനം വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തുകളിൽ റവന്യൂ വകുപ്പിന്റെ പങ്കാളിത്തം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. വനാതിർത്തി പ്രദേശങ്ങളിൽ വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ സർവേ നടപടികൾ ഊർജിതമാക്കും.

സർവേയർമാരുടെ ക്ഷാമം പരിഹരിക്കുന്നതിന് താൽക്കാലികാടിസ്ഥാനത്തിൽ സർവേയർമാരെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പുനൽകി. രണ്ട് വകുപ്പുകളും സംയുക്തമായി തീരുമാനമെടുക്കേണ്ട വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.വ്യക്തികൾ തമ്മിലുള്ള ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ, വനം വകുപ്പുകളുടെ പങ്കാളിത്തത്തോടെ സെറ്റിൽമെന്റ് ഓഫീസർമാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

