കൊച്ചി: ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഭാഗമായി ലൂർദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാസ്കുലർ ആൻഡ് എൻഡോവാസ്കുലർ സയൻസസ് (LIVES), വാസ്കുലർ സൊസൈറ്റി ഓഫ് കേരള (VASK)-ന്റെ സഹകരണത്തോടെ ‘സേവ് എവരി എ.വി. ഫിസ്റ്റുല’ എന്ന പേരിൽ വർഷം നീളുന്ന ബോധവത്കരണ ക്യാമ്പയിന് ലൂർദ്സ് ആശുപത്രിയിൽ തുടക്കമായി.
ഡയാലിസിസ് രോഗികളുടെ ജീവരേഖയായ എ.വി. ഫിസ്റ്റുലയുടെ പ്രാധാന്യം രോഗികളിലും പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ലൂർദ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റും അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സ് പ്രസിഡന്റുമായ ഡോ. മാമൻ എം. ജോൺ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഡയാലിസിസ് രോഗികൾക്ക് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ വാസ്കുലർ ആക്സസ് എ.വി. ഫിസ്റ്റുലയാണെന്ന് വാസ്കുലർ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. വിമൽ ഐപ്പ് പറഞ്ഞു. ഫിസ്റ്റുലയുടെ ദീർഘകാല പ്രവർത്തനക്ഷമത ഉറപ്പാക്കാൻ കൃത്യമായ പരിചരണവും തകരാറുകൾ കണ്ടെത്തി സമയബന്ധിതമായി ചികിത്സ നൽകുന്നതും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.ചടങ്ങിൽ ലൂർദ്സ് ആശുപത്രിയിലെ നെഫ്രോളജി ആൻഡ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം അനുമോദന പ്രസംഗം നടത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് ഓർത്തോപീഡിക് വിഭാഗം മേധാവിയും റോട്ടറി ക്ലബ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ജോൺ ടി. ജോൺ ഡയലൈസർ കിറ്റുകൾ വിതരണം ചെയ്തു. നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ നന്ദി പറഞ്ഞു.
തുടർന്ന് നടന്ന ബോധവത്കരണ സെഷനിൽ ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകവും ഡോ. പുന്നൂസ് തോമസ്, ഡോ. രാഹുൽ രാജൻ എന്നിവർ നയിച്ച ക്ലാസുകളും ശ്രദ്ധേയമായി. എ.വി. ഫിസ്റ്റുലയുടെ സംരക്ഷണം, തകരാറുകളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയൽ, സമയബന്ധിത ചികിത്സയുടെ പ്രാധാന്യം എന്നിവ ക്ലാസുകളിൽ വിശദീകരിച്ചു.ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഭാഗമായി എ.വി. ഫിസ്റ്റുല സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ പരിശോധന നടത്തിയവരിൽ അർഹരായ രോഗികളെ തിരഞ്ഞെടുത്ത് ലൂർദ്സ് ആശുപത്രിയിൽ എ.വി. ഫിസ്റ്റുല ശസ്ത്രക്രിയ സൗജന്യമായി നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.വൈദികർ, ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ, ഡോക്ടർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, ഡയാലിസിസ് രോഗികൾ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

