കിഗാലി: നിർമ്മിത ബുദ്ധിക്ക് മനുഷ്യാനുഭവങ്ങളിൽ നിന്നും സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്ന യഥാർത്ഥ ജ്ഞാനത്തിന് ഒരിക്കലും പകരമാകാനാവില്ലെന്ന് വത്തിക്കാൻ ആശയവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി. റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന സിഗ്നിസ് (SIGNIS) ആഗോള കോൺഗ്രസിൽ പങ്കെടുക്കുന്നവർക്കായി നൽകിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആശയവിനിമയത്തിന്റെ അടിസ്ഥാനം സാങ്കേതികവിദ്യയല്ല, മനുഷ്യരാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകളുടെ പ്രാധാന്യം മറന്നുപോകുന്ന സാഹചര്യമാണുള്ളതെന്നും, ഡിജിറ്റൽ ഇടപെടലുകൾക്ക് സ്നേഹബന്ധത്തിലധിഷ്ഠിതമായ യഥാർത്ഥ കൂട്ടായ്മയ്ക്ക് പകരമാകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്ക്രീനിലൂടെ പരസ്പരം നോക്കുന്നത് നേരിട്ട് കൈകൊടുക്കുന്നതിനോ ഒരാളുടെ സാമീപ്യത്തിന്റെ ഊഷ്മളത അനുഭവിക്കുന്നതിനോ പകരമാകില്ലെന്നും ഡിജിറ്റൽ ലോകത്തെ ഒരു ‘ലൈക്ക്’ നേരിട്ടുള്ള പുഞ്ചിരിക്ക് തുല്യമല്ലെന്നും റുഫീനി പറഞ്ഞു.
നിർമ്മിത ബുദ്ധി സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെങ്കിലും നിർണായക തീരുമാനങ്ങൾ അൽഗോരിതങ്ങൾക്ക് വിട്ടുകൊടുക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവരങ്ങൾ കണക്കുകൂട്ടാനും ഭാഷയെ അനുകരിക്കാനും സാങ്കേതികവിദ്യകൾക്ക് കഴിയുമെങ്കിലും മനുഷ്യാനുഭവങ്ങളിൽ നിന്നും സ്നേഹത്തിൽ നിന്നും രൂപപ്പെടുന്ന യഥാർഥ ജ്ഞാനത്തെ പകരംവയ്ക്കാൻ അവയ്ക്ക് കഴിയില്ല. സ്വന്തം ജീവിതകഥകളുടെ രചയിതാക്കൾ മനുഷ്യർ തന്നെയായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

