വിന്‍സി സ്റ്റീഫന്‍സണ്‍
കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിവരുന്ന ഒരു പ്രമുഖ ആത്മീയ സാംസ്കാരിക മാമാങ്കമാണ് ബൈബിള്‍ കലോത്സവം. കേരളത്തില്‍ ആദ്യമായി ബൈബിള്‍ കലോത്സവം ആരംഭിച്ചത് 1979-ലാണ് എന്നാണ് അറിവ്. ദൈവവചനം കലയുടെ ഭാഷയില്‍ കേരള കത്തോലിക്കാ സഭയുടെ ബൈബിള്‍ കമ്മീഷന് വിവിധ രൂപതകളില്‍ ആരംഭിച്ച ബൈബിള്‍ അപ്പസ്തോലേറ്റ് യൂണിറ്റുകളുടെ നേതൃത്വത്തില്‍, ബൈബിള്‍ സന്ദേശങ്ങളും ക്രൈസ്തവ മൂല്യങ്ങളും കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുന്നതിനും കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ബൈബിള്‍ കലോത്സവത്തിന് രൂപം നല്‍കിയത്. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ രേഖകള്‍ പ്രകാരം, ബൈബിള്‍ കലോത്സവത്തിന്റെ സുപ്രധാന ലക്ഷ്യം ദൈവവചനത്തിന്റെ സന്ദേശങ്ങളും മൂല്യങ്ങളും കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുകയും യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ബൈബിള്‍ കലോത്സവത്തിന്റെ ആരംഭകാലഘട്ടങ്ങളില്‍ ഏറെ ആവശേത്തോടെയാണ് കേരളത്തിലെ വിശ്വാസ പരിശീലന വേദികള്‍ ഇത് സ്വാഗതം ചെയ്തതും, അതിന്റെ അന്തഃസത്ത ഒട്ടുംതന്നെ കുറയാതെ നടത്തിയിരുന്നതും. എന്നാല്‍, ഇന്ന് അതിന്റെ യഥാര്‍ത്ഥ ലക്ഷ്യവും ഉദ്ദേശശുദ്ധിയും എത്രത്തോളം പരിരക്ഷിക്കപെടുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ലക്ഷ്യത്തില്‍ നിന്ന് ഇന്നത്തെ യാഥാര്‍ഥ്യത്തിലേക്ക്
കേരള കത്തോലിക്കാ വിശ്വാസപരിശീലന കമ്മീഷനെ സംബന്ധിച്ചിടത്തോളം ബൈബിള്‍ കലോത്സവം എന്നത് ഒരു ഉത്സവവേളയാണ്. ബൈബിള്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ഇടവക, ഫൊറോന, രൂപത, സംസ്ഥാന തലങ്ങളില്‍ ബൈബിള്‍ കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് നമ്മുടെ വിശ്വാസപരിശീലന വേദികളില്‍ ഏറെയും. 2026 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ദിനങ്ങള്‍ ഒരു ഉത്സവവേളയാണ്. ഇടവക, ഫൊറോന, രൂപത, സംസ്ഥാന തലങ്ങളില്‍ ബൈബിള്‍ കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് നമ്മുടെ വിശ്വാസപരിശീലന വേദികള്‍.
പൊതുവെ വേനലവധിക്കാലത്ത് നടത്തിവന്നിരുന്ന ബൈബിള്‍ കലോത്സവം ഈ വര്‍ഷം മറ്റൊരു സമയത്തേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമായി അറിയില്ല. എന്നാല്‍, ഈ പരിപാടിയോടുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും താല്പര്യം വളരെ വലുതാണെന്നത് ഇതിനോടകം തന്നെ വ്യക്തമാണ്. അധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെ തന്നെ, ”ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം എന്നാണ്?” എന്ന ചോദ്യം പല മാതാപിതാക്കളുടെയും ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. ഒരു പരിപാടി ആരംഭിക്കുന്നതിന് മുമ്പുതന്നെ അതിന്റെ തീയതിയെക്കുറിച്ച് അന്വേഷണമുണ്ടാകുന്നത് അതിനോടുള്ള സ്വീകാര്യതയുടെയും പ്രതീക്ഷയുടെയും തെളിവാണ്.
അതേസമയം, ഒരു പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കം നിരവധി ഉത്തരവാദിത്വങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട സമയമാണ്. കുട്ടികളുടെ ക്ലാസുകള്‍ കൃത്യമായി ആരംഭിക്കുക, പഠനക്രമം ക്രമീകരിക്കുക, ആവശ്യമായ പാഠപുസ്തകങ്ങളും വര്ക്ബുക്കുകളും സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ക്ക് സ്വാഭാവികമായും മുന്‍ഗണന നല്‍കേണ്ടിവരുന്നു. പ്രത്യേകിച്ച്, കൂടുതല്‍ കുട്ടികളുള്ള ഇടവകകളില്‍ ഇത്തരം ക്രമീകരണങ്ങള്‍ കൂടുതല്‍ ശ്രദ്ധയും ആസൂത്രണവും ആവശ്യപ്പെടുന്നവയാണ്.
ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ സമയമെത്തിയിട്ടും ആവശ്യമായ വര്‍ക്ബുക്കുകള്‍ പോലും ലഭ്യമാകാത്ത സാഹചര്യം പലയിടങ്ങളിലും നിലനില്ക്കുന്നുവെങ്കില്, അക്കാദമിക ആവശ്യങ്ങളും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട അടിയന്തര കാര്യങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ബൈബിള്‍ കലോത്സവത്തിനായുള്ള തയ്യാറെടുപ്പുകള്‍ കൂടി ഒരേസമയം നടത്തേണ്ടിവരുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അധിക സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സാധ്യത ഏറെയാണ്.
20 വര്‍ഷങ്ങള്‍ക്കിപ്പുറവും മാറാത്ത കാഴ്ചകള്‍
പണ്ട് കലോത്സവങ്ങളില്‍ എപ്പോഴും ഒന്നോ രണ്ടോ സ്ഥാനങ്ങള്‍ നേടിയിരുന്ന ഒരാളാണ് ഞാന്‍. ചെറുപ്പം മുതല്‍ ബൈബിള്‍ കലോത്സവങ്ങള്‍ ആസ്വദിക്കുകയും, അതേസമയം തന്നെ, പല വേദികളിലും നടക്കുന്ന ക്രമക്കേടുകളും അനാവശ്യ തര്‍ക്കങ്ങളും ട്രോഫിക്കു വേണ്ടിയുള്ള പിടിവലികളും കണ്ടു മടുത്തതുമാണ്. പ്രത്യേകിച്ച്, വിവിധ ഇടവകകള്‍ തമ്മിലുള്ള മത്സരം! അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോയ സാഹചര്യങ്ങള്‍ വേറെയും. ഇതിനൊക്കെ ഒരു മാറ്റം വരണമെന്ന് അന്ന് ആഗ്രഹിച്ചിരുന്നു.
പിന്നീട് ജീവിതസാഹചര്യങ്ങള്‍ മാറി. വിദേശത്ത് ജീവിക്കുകയും ഒരു ക്രിസ്തീയ മുന്നേറ്റത്തില്‍ സേവനം ചെയ്യുകയും ചെയ്ത ശേഷം തിരികെ എത്തി, 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ഇത് എഴുതുമ്പോഴും അന്നത്തെ അതേ സാഹചര്യങ്ങള്‍ ‘ഏറെക്കുറെ’ ഇവിടെ ഇന്നും നിലനില്ക്കുന്നു എന്നത് അത്ഭുതത്തോടെയും സങ്കടത്തോടെയുമാണ് കാണുന്നത്.
”അടിപിടിയില്ലാത്ത” ഒരു കലോത്സവം!
ഞങ്ങളുടെ ഇടവകയിലെ ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം കഴിഞ്ഞ ആഴ്ചയാണ് സമാപിച്ചത്. ഫൊറോനാ തല മത്സരങ്ങള്‍ക്ക് കുട്ടികള്‍ പുറപ്പെടുമ്പോള്‍ തന്നെ ഒരു കാര്യം വളരെ വ്യക്തമായി ഓര്മ്മിപ്പിക്കപ്പെട്ടിരുന്നു: പരിപാടികള്‍ അവതരിപ്പിക്കുക, അവിടെനിന്ന് ലഭിക്കുന്ന ഫലങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുക, എന്നാല്‍ മത്സരത്തിന്റെ പേരില്‍ അനാവശ്യമായ വാശിയിലേക്കോ തര്‍ക്കങ്ങളിലേക്കോ കടക്കരുത്. അതുകൊണ്ടുതന്നെ ഒരു കാര്യത്തില്‍ വലിയ ആശ്വാസം തോന്നി; ഈ വര്‍ഷം ട്രോഫിയുടെ പേരില്‍ ഞങ്ങളുടെ ഇടവകയില്‍ നിന്നുള്ള പതിവ് അങ്കങ്ങള്‍ ഉണ്ടാകില്ല!
സ്വയം പരിശീലിച്ച് വേദിയിലേക്ക്
ഇടവകതല മത്സരങ്ങള്‍ കഴിഞ്ഞ് ഫൊറോനാ മത്സരങ്ങള്‍ക്ക് ഒരുങ്ങാന്‍ കുട്ടികള്‍ക്ക് ലഭിച്ചത് കഷ്ടിച്ച് ഒരാഴ്ച മാത്രമാണ്. അതിനിടയിലാണ് സ്കൂളിലെ പരീക്ഷകളും സ്കൂള്‍ കലോത്സവവും മറ്റു പ്രവര്‍ത്തനങ്ങളും നടക്കുന്നത്. കുട്ടികള്‍ക്ക് അമിത മാനസിക സമ്മര്‍ദ്ദം നല്കാന് ആരും ആഗ്രഹിക്കുകയില്ലല്ലോ. അസൗകര്യങ്ങള്‍ക്കിടയിലും മത്സരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായ കുട്ടികള്‍ ലഭ്യമായ സമയം കൃത്യമായി പ്രയോജനപ്പെടുത്തി, ഒരേമനസ്സോടെ പരിശീലനം നടത്തിയത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു. പങ്കെടുക്കാന്‍ മനസ്സുകാണിച്ച കുട്ടികള്‍ക്ക് സാധിക്കുന്ന വിധത്തില്‍ പ്രോത്സാഹനം നല്കി, സ്വയം പരിശീലനം നേടി വേദികളില്‍ എത്തിക്കാനും പരിശ്രമിച്ചു.
കലോത്സവ നഗരിയിലെ ‘കാണാപ്പുറങ്ങള്‍’
എന്നാല്‍, ഈ നേട്ടങ്ങള്‍ക്കപ്പുറം കലോത്സവ നഗരിയില്‍ കണ്ട കാഴ്ചകള്‍ ഒട്ടും ശുഭകരമായിരുന്നില്ല. ഏതാനും കുട്ടികളുടെ ഇടയില്‍, നമ്മുടെ ശ്രദ്ധയും കരുതലും കൂടുതല്‍ ആവശ്യപ്പെടുന്ന ചില ദുഃശീലങ്ങളും പ്രവണതകളും പ്രകടമായിരുന്നു. കൂടാതെ പക്ഷം ചേര്‍ന്നുള്ള സംഘര്‍ഷങ്ങളും ഗുണ്ടായിസത്തിന്റെ സ്വഭാവമുള്ള പെരുമാറ്റങ്ങളും അവിടെ നിഴലിച്ചു നിന്നു.
ഖേദകരമായ ഒരു സംഭവം എനിക്കും നേരിടേണ്ടി വന്നു. രണ്ട് ഇടവകകളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ കടുത്ത വാഗ്വാദവും സംഘര്‍ഷവും ഉണ്ടായി. മത്സരവുമായി ബന്ധപ്പെട്ട വിഷയമായിരുന്നില്ല അവരുടെ വഴക്കിന് കാരണം എന്നത് ആശ്വാസകരമാണെങ്കിലും, ആ അന്തരീക്ഷം ഭയപ്പെടുത്തുന്നതായിരുന്നു.
മറുവശത്ത്, പോയിന്റുകളുടെയും മത്സര ക്രമീകരണങ്ങളുടെയും പേരില്‍ വിവിധ ഇടവകകളിലെ നേതൃത്വങ്ങള്‍ തമ്മിലും സംസാരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ട്രോഫികള്‍ നല്കി എല്ലാവരും മടങ്ങിയ ശേഷവും, ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടര്‍ക്കഥയായി. എന്നാല്‍, സ്കോര്‍ നിലവാരം തിട്ടപ്പെടുത്തിയപ്പോള്‍ അറിയാതെ ഉണ്ടായ പിഴവ് തിരുത്തി, അതിനെ കുറിച്ച് തുറന്ന് സംസാരിച്ച് സുതാര്യതയോടെ ആ കാര്യം കൈകാര്യം ചെയ്ത സംഘാടക സമിതിയെയും കാണുവാന്‍ സാധിച്ചു. തികച്ചും അഭിനന്ദനാര്‍ഹം!
ഒരിക്കല്‍, ജൂനിയര്‍ സെക്ഷനില്‍ മത്സരിച്ച 11 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി മത്സരത്തിലെ ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചു. മത്സരത്തില്‍ ശരിയായ ഉത്തരം പറഞ്ഞ ശേഷം ആ ചോദ്യം ക്യാന്‍സല്‍ ചെയ്യുകയും, തുടര്‍ന്ന് ചോദ്യകര്‍ത്താവിന് പരിചയമുള്ള മത്സരാര്‍ഥികള്‍ ആവശ്യമായ സ്കോര്‍ നേടിയപ്പോള്‍ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തത്രേ. അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോയ ആ കുട്ടിയുടെ നൊമ്പരം കാണുമ്പോഴും, ആശ്വസിപ്പിക്കുക എന്നല്ലാതെ മറ്റെന്താണ് പോം വഴി?
താന്‍ ആദ്യമായി പങ്കെടുത്ത കലോത്സവ വേദിയില്‍ നിന്ന് ഒരു കുരുന്നിനു ലഭിച്ച ദുരനുഭവമാണ് മേല്‍ കുറിച്ചത്. ഭാവിയില്‍, ഈ കുട്ടിക്ക് ആ മത്സരത്തിന് ചുക്കാന്‍ പിടിച്ച പുരോഹിതനോടും, സഭാ നേതൃത്വത്തോടുമുള്ള മനോഭാവം എന്തായിരിക്കും എന്നത് ആശങ്കാജനകം.
ഇതേസമയം തന്നെ മനസ്സില്‍ കുളിര്‍മ പകര്‍ന്ന മറ്റൊരു കാഴ്ചയുമുണ്ടായിരുന്നു. ഒത്തൊരുമയോടെ സ്വയം പരിശീലനം ചെയ്തെത്തിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വേദിയിലേക്ക് കയറുന്നതിന് മുമ്പ് കര്‍ത്താവില്‍ ആശ്രയിച്ച് പരസ്പരം കൈകോര്‍ത്ത് നിന്ന് പ്രാര്‍ഥിക്കുന്നത് കാണുവാന്‍ സാധിച്ചു. വിജയിക്കണമെന്ന വാശിയേക്കാള്‍, ദൈവത്തില്‍ ആശ്രയിച്ച് ഒരുമിച്ച് മുന്നേറാനുള്ള ആ മനോഭാവമായിരുന്നു ആ നിമിഷത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം. ഇന്നും മനസ്സില്‍ തങ്ങിനില്ക്കുന്ന, ഈ കലോത്സവം സമ്മാനിച്ച ഏറ്റവും ഹൃദ്യമായ ഓര്‍മ്മകളിലൊന്നാണത്. വിശ്വാസ പരിശീലനം ഒരിക്കലും വ്യര്‍ത്ഥമാകുന്നില്ല എന്നതിന്റെ ഒരു തെളിവായിരുന്നു ആ കാഴ്ച.
മറ്റൊരിടത്ത് സ്വന്തം ഇടവകയ്ക്ക് സ്കോര്‍ കൂട്ടുവാനായി, പരിചയക്കാരായ ജഡ്ജസിനെ സപ്ലൈ ചെയ്യുന്ന സ്ഥിരം വ്യക്തികള്‍ ഉണ്ടത്രേ. അത്തരം പ്രവണതകള്‍ അവസാനിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചെന്നറിയുന്നതും സന്തോഷകരം.
”പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു!”
എന്നാല്‍ കഥ അവിടെയും അവസാനിച്ചില്ല. മത്സരങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷവും, പലരില്‍നിന്നായി വ്യത്യസ്ത അഭിപ്രായങ്ങള്‍ കേള്‍ക്കാനിടയായി. അതില്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചു കേട്ട ഒരു അഭിപ്രായം ഇങ്ങനെയായിരുന്നു: ”പണ്ടൊന്നും ഇങ്ങനെയൊന്നുമല്ലായിരുന്നു; ഞങ്ങള്‍ അടി കൂടിയാണെങ്കിലും ഒന്നാം സ്ഥാനം വാങ്ങിക്കൊണ്ടുവരുമായിരുന്നു!”
ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, ബൈബിള്‍ കലോത്സവത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ച് ഒന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം വേദികളിലൂടെ നാം കുട്ടികള്‍ക്ക് എന്താണ് രൂപപ്പെടുത്തിക്കൊടുക്കാന് ശ്രമിക്കുന്നത്? സമ്മാനം നേടാനുള്ള വാശിയോ, അതോ ക്രിസ്തീയ മൂല്യങ്ങളോടൊപ്പം വളരാനുള്ള മനോഭാവമോ?
കുട്ടികളുടെ രൂപീകരണം ക്ലാസ് മുറികളില്‍ മാത്രം നടക്കുന്ന ഒന്നല്ല. അവര്‍ മുതിര്‍ന്നവരെ കാണുന്നതിലൂടെയും, മുതിര്‍ന്നവര്‍ പ്രതികരിക്കുന്ന രീതികളിലൂടെയും, വിജയത്തെയും പരാജയത്തെയും നാം എങ്ങനെ സ്വീകരിക്കുന്നു എന്നതിലൂടെയും അവര്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു. അതുകൊണ്ടുതന്നെ, നാം മക്കളില്‍ എന്താണ് വളര്‍ത്തുന്നത്, അതാണ് ക്രമേണ അവരുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നത്.
ബൈബിള്‍ കലോത്സവം ഒരു സാധാരണ കലാമത്സരം മാത്രമല്ല. വിശ്വാസപരിശീലനത്തിന്റെ ഭാഗം കൂടിയാണ് എന്നതാണ് പലപ്പോഴും പലരും മറന്നുപോകുന്നത്. നാം ട്രോഫികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നമ്മള് നല്‍കേണ്ട യഥാര്‍ത്ഥ മൂല്യങ്ങളും ലക്ഷ്യങ്ങളും മറന്നുപോകുകയാണോ? കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മറ്റ് എണ്ണമറ്റ വേദികള്‍ കുട്ടികള്‍ക്ക് ഇന്ന് ലഭ്യമാണ്. എന്നാല്‍, മൂല്യങ്ങള്‍ പരിശീലിപ്പിക്കാനുള്ള വേദികള്‍ എത്രയുണ്ട്? ശരിയായ വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും പകര്‍ന്നു നല്‍കേണ്ട ഇത്തരം വേദികളില്‍ നാം എന്താണ് ചെയ്യുന്നത്?
മത്സരവേദികളില്‍ അടികൂടിയതും, കസേരയെടുത്ത് അടിച്ചൊടിച്ചതും, മറ്റു ഇടവകയില്‍ നിന്നെത്തിയ മത്സരാര്‍ഥികളുടെ മേല്‍ കൈവെച്ചതും, വൈദികര്‍ക്കെതിരെ വിരല്‍ ചൂണ്ടിയതുമൊക്കെ പഴയ തലമുറ ഇന്നും ‘അഭിമാനത്തോടെ’ ഓര്‍ത്തെടുക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോകുകയാണ്.
നാം അഭിമാനത്തോടെ പറയുന്ന ആ ‘പണ്ട്’ നമ്മുടെ കുട്ടികള്‍ മാതൃകയാക്കേണ്ടതാണോ? മത്സരത്തില്‍ എങ്ങനെ ജയിക്കണം എന്നതുപോലെ തന്നെ, തോല്‍വിയെ എങ്ങനെ തരണം ചെയ്യണം എന്നും അവര്‍ നമ്മളില്‍ നിന്ന് പഠിക്കണം. അര്‍ഹമായ സ്ഥാനം ലഭിക്കാത്തപ്പോള്‍ എങ്ങനെ പ്രതികരിക്കണം, എതിരാളിയോട് എങ്ങനെ പെരുമാറണം, വിധിനിര്ണയത്തോട് എങ്ങനെ പ്രതികരിക്കണം, വൈദികരോടും അധ്യാപകരോടും എങ്ങനെ സംസാരിക്കണം ഇവയെല്ലാം അവരുടെ വിശ്വാസപരിശീലനത്തിന്റെ ഭാഗമാണ്.
അനുഭവങ്ങള്‍ ദൈവാനുഭവങ്ങളാകട്ടെ…
ഇന്ന് ഞാന്‍ എന്റെ മക്കളുമൊത്താണ് ബൈബിള്കലോത്സവത്തിന് എത്തിയത്. നമ്മുടെ അടുത്ത തലമുറ കണ്ടുപഠിക്കേണ്ടത് എന്താണ് എന്നതില്‍ ആശങ്കയുണ്ട്. ഇന്നലെ ഞാന്‍ എങ്ങനെയായിരുന്നുവോ അതില്‍ നിന്ന് ഇന്ന് ഒരു പടി കൂടി മെച്ചപ്പെടാനുള്ള ആത്മവിശ്വാസവും പ്രചോദനവും ഓരോ കുട്ടിക്കും നല്കുന്ന വേദികളായി നമ്മുടെ കലോത്സവങ്ങള്‍ മാറേണ്ടതുണ്ട്. സ്നേഹവും ക്ഷമയും സഹിഷ്ണുതയും മാതൃകാപരമായ പെരുമാറ്റവും ഇന്ന് നമ്മുടെ വേദികളില്‍ അന്യംനിന്നുപോയിരിക്കുന്നു.
കേരളത്തില്‍ തുടക്കം കുറിച്ച ഈ ബൈബിള്‍ കലോത്സവ മാതൃക ഇന്ന് പ്രവാസി മലയാളികളിലൂടെ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട് എന്നറിയുന്നു. അവിടങ്ങളിലും പരസ്പര ഭിന്നതയും, മാത്സര്യം വര്‍ദ്ധിപ്പിക്കാതെ, സ്നേഹവും, സഹിഷ്ണുതയും, സ്വന്തം നിലവാരം മെച്ചപ്പെടുത്തുവാനുമുള്ള, വചനത്തിന്റെ അന്തഃസത്ത നിലനിര്‍ത്തുന്ന, വേദികളായി കലോത്സവങ്ങള്‍ മാറട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
വിജയിക്കുമ്പോള്‍ വിനയത്തോടെ നില്‍ക്കാനും, തോല്‍ക്കുമ്പോള്‍ പക്വതയോടെ അത് സ്വീകരിക്കാനും, വിധിനിര്‍ണയത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ പോലും മാന്യമായി പ്രതികരിക്കാനും, എതിരാളിയെ ശത്രുവായി കാണാതിരിക്കാനും നമ്മുടെ കുട്ടികള്‍ പഠിക്കാനിടയാകട്ടെ.
ട്രോഫികള്‍ വീട്ടിലെത്തിയില്ലെങ്കിലും ഒരു നല്ല മനുഷ്യനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നുവെങ്കില്‍, അതല്ലേ നമ്മുടെ യഥാര്‍ത്ഥ വിജയം?
ബൈബിള്‍ കലോത്സവ വേദികള്‍ വചനത്തിന്റെ ദൈവീക സൗരഭ്യം പരക്കുന്ന നാളുകളാകുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.
പിന്നാമ്പുറം: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊച്ചി രൂപത ഇത്തവണ ബൈബിള്‍ കലോത്സവങ്ങള്‍ക്കു തയ്യാറെടുക്കുന്നു എന്ന ശുഭവാര്‍ത്ത വരുന്നു. കലോത്സവത്തില്‍ പങ്കെടുക്കാതിരിക്കുന്ന മറ്റു രൂപതകള്‍ക്ക് അതൊരു മാതൃകയാകട്ടെ.

