സൊമാലിയന്‍ ചലച്ചിത്ര സംവിധായകന് മോ ഹരാവേ ആദ്യ ചിത്രമാണ് ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’ . കാന്‍ ചലച്ചിത്രമേളയിലെ ‘അണ് സെര്‍ട്ടന്‍ റിഗാര്‍ഡ്’ വിഭാഗത്തി ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സോമാലിയന്‍ ചിത്രം കൂടിയാണിത്. ദാരിദ്ര്യം, യുദ്ധക്കെടുതികള്‍, കടല്‍ക്കൊള്ളക്കാര്‍, ആഭ്യന്തരകലാപം, പാശ്ചാത്യ വാര്‍ത്താമാധ്യമങ്ങളും മുഖ്യധാരാ സിനിമകളും ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയെ പതിറ്റാണ്ടുകളായി അടയാളപ്പെടുത്തിയത് ഇത്തരം ഇരുണ്ട അച്ചുകളിലാണ്. എന്നാല്‍, അത്തരം ക്ലീഷേകളെയും മാധ്യമ വാര്‍പ്പ് മാതൃകകളെയും നിശ്ശബ്ദമായി തകര്‍ത്തെറിയുന്ന അത്യപൂര്‍വമായ ഒരു ചലച്ചിത്ര അനുഭവമാണ് യുവ സൊമാലിയന്‍ സംവിധായകന് മോ ഹരാവേ ഒരുക്കിയ ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’. കാറ്റും മണലും ഡ്രോണ്‍ ആക്രമണങ്ങളുടെ നിഴലുകളും നിറഞ്ഞ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ പച്ചയായ അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും കഥയാണിത്. ‘പാരഡൈസ്’ എന്ന് വിളിക്കപ്പെടുന്ന, കടല്‍ത്തീരത്തോടു ചേര്‍ന്നുള്ള പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രം ആരംഭിക്കുന്നത് തന്നെ സൊമാലിയയില്‍ അല്‍-ഖ്വയ്ദ ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള ഒരു വിദേശ വാര്‍ത്താ ബുള്ളറ്റിനോടെയാണ്. തീവ്രമായ കാറ്റും കത്തിനില്‍ക്കുന്ന വെയിലുമുള്ള മണല്പരപ്പിലൂടെയാണ് കഥാപാത്രങ്ങള്‍ നടന്നുനീങ്ങുന്നത്. ചിത്രത്തിന്റെ കേന്ദ്രബിന്ദു മാമര്ഗാര്ഡെ (അവാലറ അഹശ എമൃമവ) എന്ന ഏകാകിയായ പിതാവാണ്. ഒരു മുഴുവന്‍ സമയ ജോലിയുമില്ലാത്ത അയാള്‍, കിട്ടുന്ന ചെറുപണികള്‍ ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്. ഡ്രോണ്‍ ആക്രമണങ്ങളിലും തീവ്രവാദ സ്ഫോടനങ്ങളിലും കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനായി കല്ലറ വെട്ടുന്നതാണ് അയാളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. മാമര്ഗാര്ഡെയുടെ ലോകം അയാളുടെ മകന് സിഗാലാണ് (അവാലറ ങീവമാീൗറ ടമഹഹലയമി). പക്വതയും ഭാവനാശേഷിയും നിറഞ്ഞ, വിചിത്രമായ സ്വപ്നങ്ങള്‍ കാണുന്ന ആ കൊച്ചുബാലന് മെച്ചപ്പെട്ട ഒരു ജീവിതവും ഭാവിയും സമ്മാനിക്കുക എന്നതാണ് മാമര്ഗാര്ഡെയുടെ ഏക സ്വപ്നം. എന്നാല്‍ അവര്‍ താമസിക്കുന്ന ഗ്രാമത്തിലെ ഏക സ്കൂള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ തീരുമാനിക്കുന്ന തോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണ മാകുന്നു. സിഗാലിന്റെ വിദ്യാ ഭ്യാസം മുടങ്ങാതിരിക്കാന്‍ അവനെ ദൂരെയുള്ള ഒരു ബോര് ഡിംഗ് സ്കൂളിലേക്ക് മാറ്റാന്‍ മാമര്ഗാര്ഡെ ആഗ്രഹിക്കുന്നു. ഇതിനിടയിലേക്കാണ് മാമര്ഗാര്ഡെയുടെ സഹോദരി അരവേലോ (അിമയ അവാലറ കയൃമവശാ) എത്തുന്നത്. ഭര്‍ത്താവുമായുള്ള വിവാഹമോചനത്തിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനും, തയ്യല്‍ക്കട തുടങ്ങാനും സ്വപ്നം കണ്ട് അവള് സഹോദരന്റെ വീട്ടിലേക്ക് ചേക്കേറുന്നു. എന്നാല്‍, അവിവാഹിതയായ ഒരു സ്ത്രീക്ക് ബാങ്ക് ലോണോ, കടമുറിയോ ലഭിക്കാന്‍ പോലും തടസ്സങ്ങള്‍ നേരിടുന്ന പുരുഷാധിപത്യ സമൂഹത്തില്‍ അവള് കടുത്ത പ്രതിസന്ധികള്‍ നേരിടുന്നു. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ അവള് വ്യാജ വിവാഹത്തിന് വരെ ആലോചിക്കേണ്ടി വരുന്നു. മകന്റെ സ്കൂള്‍ ഫീസിനും സഹോദരിയുടെ അതിജീവനത്തിനുമായി കൂടുതല്‍ പണം കണ്ടെത്താന്‍ മാമര്ഗാര്ഡെ കൂടുതല്‍ അപകടം പിടിച്ച നിയമവിരുദ്ധമായ ചരക്കുനീക്ക ജോലികളിലേക്ക് എടുത്തുചാടാന്‍ നിര്‍ബന്ധിതനാകുന്നു. സംഘര്‍ഷങ്ങളും നിസ്സഹായതയും വലയം ചെയ്യുമ്പോഴും, പരസ്പരം താങ്ങായി മാറുന്ന ഈ മൂന്നംഗ കുടുംബത്തിന്റെ ജീവിതമാണ് സിനിമ തുറന്നുകാട്ടുന്നത്. യുദ്ധത്തെയും ഡ്രോണ്‍ ആക്രമണങ്ങളെയും ഹോളിവുഡ് ശൈലിയിലുള്ള വലിയ സ്ഫോടനങ്ങളിലൂടെയോ ആക്ഷന്‍ രംഗങ്ങളിലൂടെയോ അല്ല മോ ഹരാവേ കാണിക്കുന്നത്. മറിച്ച്, സാധാരണ മനുഷ്യരുടെ നിത്യജീവിതത്തില്‍ ആ ഭീതി എങ്ങനെ വേരുറച്ചുപോയിരിക്കുന്നു എന്നാണ് സിനിമ പരിശോധിക്കുന്നത്. സ്കൂളില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായാല്‍ എങ്ങനെ തലയില്‍ കൈവെച്ച് തറയില്‍ കിടക്കണം എന്ന് കൊച്ചു സിഗാല് വീട്ടില്‍ വന്ന് പിതാവിന് കാണിച്ചുകൊടുക്കുന്ന ഒരു രംഗമുണ്ട്. ആഫ്രിക്കന്‍ ജനത യുദ്ധഭീതിയെ എത്രമാത്രം സ്വാഭാവികമായി ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നതിന്റെ നടുക്കുന്ന ഉദാഹരണമാണത്. ആകാശത്ത് വട്ടമിട്ട് പറക്കുന്ന അജ്ഞാത ഡ്രോണുകള്‍ അവിടെയുള്ള ഓരോ പൗരന്റെയും ജീവിതത്തെയും ഉറക്കത്തെയും അദൃശ്യമായി നിയന്ത്രിക്കുന്നു. ദാരിദ്ര്യത്തിന്റെ ഇടയിലും മനുഷ്യന്റെ ആത്മാഭിമാനത്തെയും കാരുണ്യത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്. ദുരിതങ്ങളുടെ കണ്ണീര്‍ക്കഥയായി സിനിമയെ മാറ്റാതെ, കുടുംബബന്ധങ്ങള്‍ക്കിടയിലെ കൊച്ചു കൊച്ചു തമാശകളും, ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളും, പരസ്പരമുള്ള കരുതലും സിനിമയ്ക്ക് പുതുജീവന്‍ പകരുന്നു. സിനിമയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ ദൃശ്യഭാഷയാണ്. ‘മുസ്തഫ എല്‍ കാഷെഫിന്റെ’ ഛായാഗ്രഹണം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. സൊമാലിയന്‍ മരുഭൂമിയുടെ വന്യമായ സൗന്ദര്യവും, കടലിന്റെ നീലിമയും, വെയിലിന്റെ തീവ്രതയും പ്രേക്ഷകനിലേക്ക് നേരിട്ടെത്തുന്ന ഫ്രെയിമുകളാണ് ചിത്രത്തിലുള്ളത്. വളരെ നീളമുള്ള നിശ്ചല ഷോട്ടുകളിലൂടെയും, സ്ലോ പേസിംഗിലൂടെയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ സംവിധായകന് പകര്‍ത്തുന്നു. അഭിനേതാക്കളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. മാമര്ഗാര്ഡെയായി വേഷമിട്ട അഹമ്മദ് അലി ഫറാ, അരവേലോയെ അവതരിപ്പിച്ച അനബ് അഹമ്മദ് ഇബ്രാഹിം, ബാലതാരം അഹമ്മദ് മൊഹമ്മദ് സലേബന് എന്നിവരുടെ പ്രകടനം ഗംഭീരമാണ്. വികാരപ്രകടനങ്ങളില്‍ ഒട്ടും നാടകീയതയില്ലാതെ, കൃത്യമായ മിതത്വം പാലിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. 1991-ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിന് ശേഷം സൊമാലിയയില്‍ ഉണ്ടായ തകര്‍ച്ചയെയും സാമൂഹിക അരക്ഷിതാവസ്ഥയെയും ചിത്രം വ്യക്തമാക്കുന്നു. ഹോളിവുഡ് സിനിമകള്‍ പതിറ്റാണ്ടുകളായി സൊമാലിയയെ ചിത്രീകരിച്ചത് കടല്‍ക്കൊള്ളക്കാരുടെയും തോക്കേന്തിയ കൊടുംതീവ്രവാദികളുടെയും നാടായി മാത്രമാണ്. എന്നാല്‍, അന്താരാഷ്ട്ര വെല്ലുവിളികളുടേയും ആഭ്യന്തര കലാപങ്ങളുടെയും ഇരകളായി മാറുമ്പോഴും, പരസ്പര സ്നേഹവും സ്വാഭിമാനവും മുറുകെപ്പിടിച്ച് ജീവിക്കുന്ന പച്ചയായ മനുഷ്യരെ കാണിച്ചുകൊണ്ട് സംവിധായകന് ആ പാശ്ചാത്യ ആഖ്യാനങ്ങളെ രാഷ്ട്രീയമായിത്തന്നെ തിരുത്തിയെഴുതുന്നു. ഈ സിനിമ ഒരു സൊമാലിയന്‍ കഥ മാത്രമല്ല, ലോകമെമ്പാടുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വേദനകളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനമാണ്. പേരു സൂചിപ്പിക്കുന്നതുപോലെ, കണ്മുന്നില് സ്വര്‍ഗ്ഗം പോലെ മനോഹരമായ ഒരു ലോകമുണ്ടെങ്കിലും അതിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാധാരണക്കാരുടെ നിസ്സഹായത സിനിമ അടിവരയിടുന്നു. സൊമാലിയന്‍ സമൂഹത്തിലെ ലിംഗരാഷ്ട്രീയവും സിനിമയില്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചോരയും കണ്ണീരും നിറഞ്ഞ പത്രവാര്‍ത്തകള്‍ക്കപ്പുറം, ആഫ്രിക്കന്‍ ജനതയുടെ അന്തസ്സും സ്നേഹവും സത്യസന്ധമായി ലോകത്തിന് മുന്നില്‍ തുറന്നുവെച്ച മോ ഹരാവേയുടെ ഈ ചിത്രം സമീപകാല ലോകസിനിമയിലെ മികച്ച ദൃശ്യാനുഭവങ്ങളില്‍ ഒന്നാണ്.
Trending
- വിശുദ്ധ അംബ്രോസ്: അധികാരത്തോട് സത്യം പറഞ്ഞ മെത്രാന്
- ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’
- ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’
- വേണം ബൈബിള്‍ കലോത്സവങ്ങള്‍ക്കു പുതുജീവന്‍
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
- ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത
- ഇഎസ്എ കുരുക്കഴിയുമോ?
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു

