ഇതൊരിക്കലൊരു തീവണ്ടിക്കുള്ളില്‍ വച്ച് നടന്ന നിര്‍ഭാഗ്യകരമായ അനിഷ്ട സംഭവത്തെക്കുറിച്ചുള്ള മഹാകവിയായിരുന്ന ഒഎന്‍വി കുറുപ്പിന്റെ സാക്ഷ്യമാണ്…
പണ്ട് -പപ്പട സമരം കണ്ട കേരളത്തിന് പില്ക്കാലത്ത് ചെന്നൈയില്‍ ഒരു ഇഢലി സമരമുണ്ടായതറിയാമോ.?
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇ യില്‍ തൊഴിലാളികള്‍ക്ക് വിളമ്പുന്ന ഉച്ച ഭക്ഷണത്തിന് പപ്പടം കീറി വറുത്തതിന്റെ പേരിലാണ് ഇവിടെ സമരമുണ്ടായതെങ്കില് മദ്രാസിലെ കാര്യം അതല്ല. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ തലസ്ഥാനമായിരുന്ന മദ്രാസില്‍, സിനിമാ ഗാനറിക്കോര്ഡിംഗില് പങ്കെടുക്കുന്ന വാദ്യോപകരണ കലാകാരന്മാര്ക്ക് രണ്ട് ചെറിയ ഇഢലികളാണ് ചായക്കൊപ്പം നല്‍കിയിരുന്നത്. ഒരിക്കലും വിശപ്പു ശമിക്കാത്ത എരിയുന്ന വയറുമായി തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ആ ഹതഭാഗ്യരായ കലാകാരന്മാര്ക്കു വേണ്ടി അന്നൊരാള് ശബ്ദമുയര്‍ത്തി. അദ്ദേഹത്തിന്റെ പേരാണ് എം.ബി.ശ്രീനിവാസന്. ആ സമരത്തിന്റെ ഫലമായി ഇഢലി വിഹിതം നാലാക്കിയത് ചരിത്രം.
ഒരു ഗാനം പിറക്കുന്നതോടെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അപ്രസക്തരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമാകുന്ന വലിയ നീതികേടിനെതിരെ അക്കാലത്ത്, അദ്ദേഹം അധ്യക്ഷനായ ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി പ്രതിഷേധിക്കുകയും സമരവുമായി മുന്നോട്ടിറങ്ങുകയും ചെയ്തതിലൂടെ ഈ ഗാനങ്ങള്‍ പിന്നീട് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നതില്‍ ഒരു വിഹിതം എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കും ലഭിക്കുമെന്ന നേട്ടം ഉണ്ടായി.
സംഗീതത്തോടൊപ്പം തന്നെ -ചോരയില്‍ വിപ്ലവവുമായി വന്നു പിറന്നവനാണ് എംബിഎസ്. മലയാളത്തിലടക്കം നിരവധി നിത്യ ഹരിത ഗാനങ്ങള്‍ക്ക് പിറവികൊടുത്തയാള്.
ആന്ധ്രയിലെ ഒരു സമ്പന്ന-തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന എംബിഎസ് – ഉപരിപഠനാര്ത്തമാണ് മദ്രാസിലെത്തിയത്.
പുരോഗമന ചിന്തയില്‍ ആകൃഷ്ടനായ അദ്ദേഹം, വിദ്യാര്‍ഥി ഫെഡറേഷന് പ്രസിഡണ്ടെന്ന നിലയില്‍ ഡല്‍ഹിയിലേക്ക് പോകുകയും ഭാരതത്തിന്റെ പ്രഥമ പ്രതിപക്ഷ നേതാവായിരുന്ന എകെജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
നിലപാടുകളുടെയും ആദര്‍ശങ്ങളുടെയും ആള്‍രൂപമായ അദ്ദേഹം ഒരു ബ്രാഹ്മണനായിട്ടും കശ്മീര്‍ മുസ്ലിമായ സെയ്ഫുദിന്‍ കിച്ച്ലുവിന്റെ മകള്‍ സാഹീദയെ പ്രണയിച്ചു വിവാഹം ചെയ്തു. ആ ചടങ്ങില്‍ വരണ്യമാല്യം എടുത്തു കൊടുത്തയാള്‍ നിസാരക്കാരനല്ല. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു അത്. അങ്ങനെ ഒടുവില്‍
പ്രണയിനിയെ സ്വന്തമാക്കി ചെന്നൈയിലെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം അവരെ സ്വീകരിച്ചെന്ന് മാത്രമല്ല, അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ബിരിയാണി പാകപ്പെടുത്തിക്കഴിക്കാനുള്ള പ്രത്യേക അടുക്കളയും അനുവദിച്ചു. അവരുടെ ഏക മകന് കബീര്‍ എന്നാണ് പേരിട്ടത്.
മലയാളത്തിന്റെ മഹാകവിമാരിലൊരാളും ജ്ഞാനപീഠജേതാവുമായ ഒഎന്‍വി കുറുപ്പിന്റെ, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന മനോഹരമായ ഓര്‍മ്മ പുസ്തകത്തില്‍ എം.ബി ശ്രീനിവാസനോട് കേരളം ചെയ്ത അത്യന്തം ഖേദകരമായ ഒരു സംഭവം പരാമര്‍ശിക്കുന്നുണ്ട്.സ്വര്‍ണ്ണ ചിറകുള്ള പക്ഷി എന്നാണ് ഈ അധ്യായത്തിന് ഒഎന്‍വി പേരിട്ടിരിക്കുന്നത്. തികച്ചും അന്വര്‍ത്ഥമായ പേര് തന്നെ.
എംബിഎസ് ഒരിക്കല്‍ ഉള്‍ക്കടല്‍ എന്ന കെ.ജി ജോര്‍ജ് സിനിമയുടെ പാട്ടൊരുക്കാനായി കോഴിക്കോട്ടു നിന്ന് കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ ഒരു അനിഷ്ട സംഭവമുണ്ടായി. കോഴിക്കോടു നിന്ന് സ്ലീപ്പിങ് കോച്ചില്‍ ബെര്‍ത്തും ബുക്ക് ചെയ്ത് അദ്ദേഹത്തെ യാത്രയാക്കിയത് എം.ടി.യാണ്. പിറ്റേന്ന് കാലത്ത് അദ്ദേഹത്തെ സ്വീകരിക്കാന്‍ തിരുവനന്തപുരം സ്റ്റേഷനില്‍ കാത്തു നിന്ന കെ.ജി ജോര്‍ജും ജോര്‍ജ്ജ് ഓണക്കൂറും ഒഎന്‍വി യും പക്ഷേ നിരാശരായി. കാരണം ആ കൂപ്പയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. അവര്‍ എം.ടിയെ വിളിച്ചു. അദ്ദേഹത്തിന് ഉറപ്പുണ്ട്, എംബിഎസ് ആ ട്രെയിനില്‍ കയറിയെന്ന്. അപ്പോള്‍ പിന്നെ ആളെവിടെ ? അപ്പോഴതാ എറണാകുളത്തു നിന്നൊരു അജ്ഞാതന്റെ ഫോണ്‍ സന്ദേശം. എറണാകുളം റെയില്‍വേ സ്റ്റേഷനിലെ പൊലീസ് മുറിയിലെ സ്റ്റൂളില്‍ എംബിഎസിനെ പോലെയുള്ള ഒരാളിരിക്കുന്നു.
ആളെ അറസ്റ്റു ചെയ്തിട്ടാണ് അവിടെ കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്. ഉടനെ ഒഎന്‍വിയെ വിവരമറിയിക്കാന്‍ ഒരു പൊലീസുകാരന് രഹസ്യമായി പറഞ്ഞതനുസരിച്ചാണ് അജ്ഞാതന്‍ വിവരം വിളിച്ചു പറയുന്നത്.
അന്നത്തെ മുഖ്യമന്ത്രി പികെവി യും ഡിജിപിയായിരുന്ന എം.കെ ജോസഫും അങ്ങനെ ഒഎന്‍വിയില്‍ നിന്ന് വിവരമറിഞ്ഞ് സംഭവത്തില്‍ ഇടപ്പെട്ടതിനാല്‍ എംബിഎസ് പുറത്തിറങ്ങി. ഇതിനിടയില്‍ പക്ഷേ, എംബിഎസിനെ പൊലീസ് മര്‍ദിച്ചിരുന്നു.
പൊലീസ് മര്‍ദനം അദ്ദേഹത്തിന് പുത്തരിയല്ല. പണ്ട് വിദ്യാര്‍ഥി സംഘടനാ പ്രസ്ഥാനവുമായി നടക്കുന്ന കാലത്ത് ധാരാളം പൊലീസ് മര്‍ദനങ്ങള്‍ ഏറ്റിട്ടുണ്ട്. അതിന്റെ ഫലമായി ഉണ്ടായ നടുവേദനയെ ചെറുക്കാന്‍ കട്ടിയുള്ള ബെല്‍റ്റും വേദന സംഹാരികളുമായാണ് അദ്ദേഹം അപ്പോഴും ജീവിച്ചിരുന്നത്. അതിനാല്‍ തന്റെ ബര്ത്തിലെത്തിയപ്പോള് തന്നെ അദ്ദേഹം ഉറങ്ങിപ്പോയി.
എംബിഎസിനായി എം.ടി ബുക്ക് ചെയ്ത ബര്‍ത്ത് അന്നത്തെ ഒരു മന്ത്രിക്ക് വേണ്ടി ബുക്ക്
ചെയ്തിരുന്നതാണെത്രെ. ഉറങ്ങിപ്പോയ അദ്ദേഹത്തോട് ടിക്കറ്റ് എക്സാമിനര്‍, ഇത് മന്ത്രിയുടെ ബര്‍ത്താണ്. വേഗം എഴുന്നേറ്റ് മാറടോ … എന്ന് ആക്രോശിച്ചെത്രെ. വിപ്ലവ രക്തം തന്നെയാണല്ലോ തന്റെ സിരകളിലും ഓടുന്നത്. തന്റെ സ്നേഹിതന് പി.കെ.വി ഭരിക്കുന്ന കേരളത്തില്‍ തനിക്ക് ഈ ഗതിയോ? എംബിസിന്റെ മഹത്വമറിയാത്ത മന്ത്രി തന്നെ അപമാനിച്ചതില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ ഇതര യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയെന്ന പേരില്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തതും തല്ലിയതും. അങ്ങനെ എംബിഎസിനെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് എറണാകുളത്ത് ഇറക്കി. അദ്ദേഹത്തിന്റെ ആരാധകനായ ഒരു പൊലീസുകാരന് ചായ വാങ്ങി നല്കി. കിടക്കാനൊരു ബഞ്ചും കൊടുത്തു.
ഒഎന്‍വി എഴുതുന്നു: ‘വൈകുന്നേരം വന്നുചേരുന്നൊരു വണ്ടിയില്‍ നിന്ന് ഇറങ്ങി വന്ന എംബിഎസിന്റെ രൂപം ഓര്‍ക്കുമ്പോള്‍ ഇന്നും വല്ലാത്ത വിഷമം തോന്നാറുണ്ട്. കൈയില്‍ ധരിക്കാറുള്ള ചെമ്പുവള ആകെ ഞണുങ്ങി വികൃതമായിരിക്കുന്നു. കൈത്തണ്ടയില്‍ നീരുണ്ട്. ആകെ മുഷിഞ്ഞ വസ്ത്രം….: ‘
പികെവിയെ കാണാന്‍ ഔദ്യോഗിക വസതിയിലേക്ക് പ്രവേശിക്കുമ്പോള്‍ പഴയൊരു പാര്‍ട്ടി പ്രവര്ത്തകന് തന്റെ പരിചയം പുതുക്കാന്‍ ശ്രമിച്ചു. ‘എം.ബി.ശ്രീനിവാസനല്ലേ.? ഓര്‍ക്കുന്നോ ? പണ്ട് ബോംബെയില്‍ നമ്മളൊന്നിച്ച് പൊലീസ് മര്‍ദനമേറ്റത് ?’
എംബിഎസ് ശാന്തനായി പറഞ്ഞു, ‘ഞാന്‍ ഇന്നലെയും പൊലീസിന്റെ തല്ലു കൊണ്ടിട്ടാണ് വരുന്നത്. ‘
മുഖ്യമന്ത്രിയേയും ഡിജിപിയേയും സന്ദര്‍ശിച്ച് ആശ്വാസവും നല്ല വാക്കുകളും ആവോളം ഏറ്റുവാങ്ങി
ഒടുവില്‍ ഒഎന്‍വിയുടെ വീട്ടില്‍ വിശ്രമിക്കാനെത്തിയ അദ്ദേഹം ചെറിയൊരു ഉറക്കത്തിനു ശേഷം, നീര് വച്ച് വീര്‍ത്ത കൈകൊണ്ട് ആയാസപ്പെട്ട് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്,
നഷ്ടവസന്തത്തിന് തപ്ത നിശ്വാസമേ
മുഗ്ധ ലജ്ജാവതിലാവണ്യമേ…
കൃഷ്ണതുളസി കതിരുകള്‍ ചൂടിയൊ –
രശ്രു കുടീരം ഞാന്‍….
ശരദിന്ദുമലര്‍ദീപനാളം മീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി.
എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ
പെണ്‍കൊടി….
എം.ബി.ശ്രീനിവാസന് 1988 മാര്‍ച്ച് 5ന് ലക്ഷദ്വീപില്‍ വച്ചാണ് അന്തരിച്ചത്.

